മട്ടന്നൂർ∙ വിമാനത്താവള വികസനത്തിനായി ഭൂമി വിട്ടുനൽകിയ കാനാട് ഭൂവുടമകൾക്ക് ഇത് തീക്ഷ്ണമായ പരീക്ഷണ കാലം. ഭൂമി ഏറ്റെടുക്കൽ നടപടി വൈകിയതോടെ നാട്ടുകാർക്ക് നേരിടേണ്ടി വന്നത് സാമ്പത്തിക പ്രതിസന്ധിയും ജപ്തി നടപടികളും.
2017ലാണ് വിമാനത്താവളത്തിന്റെ റൺവേ 4000 മീറ്ററായി ഉയർത്തുന്നതിന് കാനാട്, കോളിപ്പാലം, നല്ലാണി ഭാഗത്ത് 245 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ വർഷം ഇത്ര കഴിഞ്ഞിട്ടും ഭൂമി ഏറ്റെടുക്കൽ നടപടി എവിടെയും എത്തിയില്ല. നഷ്ടപരിഹാരം കൊടുക്കേണ്ട
1,000 കോടി രൂപ കണ്ടെത്താനുള്ള പ്രയാസമാണ് ഭൂമി ഏറ്റെടുക്കൽ വൈകുന്നതിന്റെ പ്രധാന കാരണം.
സ്ഥലം ഏറ്റെടുക്കാൻ വിജ്ഞാപനം ഇറങ്ങിയതിനാൽ ഭൂവുടമകൾക്ക് സ്ഥലം വിൽക്കാനും കഴിയുന്നില്ല. വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താതെ പല വീടുകളും പൊളിഞ്ഞുവീഴാറായി.
സാമ്പത്തിക പ്രതിസന്ധിയിലേക്കും കടക്കെണിയിലേക്കും നാട്ടുകാർ എത്തി. പലരും ഇന്ന് ജപ്തിയുടെ വക്കിലാണ്. ചികിത്സാ ആവശ്യത്തിന് പോലും സ്വന്തം ഭൂമി ഉപയോഗിക്കാൻ കഴിയാത്ത ദുരിതത്തിലാണിവർ.
വിമാനത്താവള പ്രദേശത്ത് നിന്ന് ഉരുൾപൊട്ടൽ കണക്കെ വെള്ളവും കല്ലും മറ്റും കുത്തിയൊഴുകി വന്നപ്പോൾ പ്രാണരക്ഷാർഥം വീടൊഴിഞ്ഞ് പോയ ആറു കുടുംബങ്ങളും ഇതിലുണ്ട്.
സ്വന്തം വീട്ടിൽ നിന്ന് ഭീതിയോടും വേദനയോടും കൂടി ഒഴിഞ്ഞുപോയ പി.കെ.നാരായണിയമ്മയും തമ്പായിയമ്മയും ഇന്ന് ജീവിച്ചിരിപ്പില്ല. ആറു മാസത്തിനകം നഷ്ടപരിഹാരവും പുനരധിവാസവും ശരിയാക്കാമെന്നാണ് കലക്ടർ ഉൾപ്പടെയുള്ളവർ അന്ന് ഉറപ്പുനൽകിയത്.
ആ വാക്ക് പാലിക്കപ്പെട്ടില്ല….എട്ടുവർഷം വരെ ആൾപ്പാർപ്പും കൃഷിയുമൊക്കെ ഉണ്ടായിരുന്ന ഒരു മേഖല ഇന്ന് കാടുകയറിക്കിടക്കുകയാണ്. കാടുകൾക്കിടയിൽ പുരാവസ്തുക്കൾ പോലെ ജീർണിച്ച വീടുകൾ കാണാം.
നാട്ടുകാരുടെ പ്രയാസം പ്രതിപക്ഷ നേതാവും എംഎൽഎമാരും നിയമസഭയിൽ ഉന്നയിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി പ്രശ്നം ചർച്ച ചെയ്യാൻ യോഗം വിളിച്ചിരുന്നു.
നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ നിർദേശം നൽകിയെങ്കിലും ഇപ്പോഴും തീരുമാനം ആയില്ല. വർഷങ്ങളായി ഒട്ടേറെ സമരങ്ങളും പ്രതിഷേധങ്ങളും നിവേദനങ്ങൾ നൽകലും നടക്കുന്നുണ്ടെങ്കിലും ഭൂമി ഏറ്റെടുക്കൽ മാത്രം നടക്കുന്നില്ല.
കണ്ണൂരിനെ ഹബ് എയർപോർട്ട് എന്ന നിലയിൽ വികസിപ്പിക്കുക ലക്ഷ്യമിട്ടാണ് റൺവേ 4000 മീറ്ററാക്കി വികസിപ്പിക്കണമെന്ന ആവശ്യം ഉയർന്നത്.വലിയ വിമാനങ്ങൾക്കും ചരക്കുവിമാനങ്ങൾക്കും സുഗമമായി ലാൻഡ് ചെയ്യാൻ ഇതോടെ സാധിക്കും. റൺവേ വികസനത്തോടെ രാജ്യത്തെ നാലാമത്തെ വലിയ വിമാനത്താവളമായി മാറാൻ കണ്ണൂരിന് സാധിക്കും.
ജപ്തി നോട്ടിസ് : ഇടപെടുമെന്ന് മുഖ്യമന്ത്രി
ഭൂമി ഏറ്റെടുക്കൽ നടപടി വൈകിയതിനെ തുടർന്ന് ഭൂവുടമയ്ക്ക് ജപ്തി നോട്ടിസ് ലഭിച്ച സംഭവത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസമാണ് സണ്ണി ജോസഫ് എംഎൽഎ നൽകിയ കത്തിന് മറുപടി നൽകിയത്. വിഷയത്തിൽ ഇടപെടണമെന്ന് കലക്ടർക്കും കോഓപ്പറേറ്റീവ് റജിസ്ട്രാർക്കും മുഖ്യമന്ത്രി നിർദേശം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]