മീനങ്ങാടി ∙ വാടക വീടന്വേഷിക്കാനെന്ന വ്യാജേന എത്തി വയോധികയുടെ മാല പൊട്ടിച്ച് ബൈക്കിൽ കടന്നുകളയാൻ ശ്രമിച്ചയാളെ യുവാക്കൾ പിന്തുടർന്ന് പിടികൂടി. മാലപൊട്ടിച്ച് പോയ കല്ലുപാടി മൈലക്കൽ ലാലുവാണ് നാട്ടുകാരുടെ പിടിയിലായത്.
മോഷ്ടിച്ച മാലയും ഇയാളിൽനിന്നു കണ്ടെടുത്തു. സുധിക്കവല ദേശീയ പാതയോരത്തെ പറോട്ടിയിൽ തങ്കമ്മയുടെ 4.5 പവന്റെ മാലയാണ് കള്ളൻ പൊട്ടിച്ചെടുത്തത്.
പ്രതിയെ നാട്ടുകാർ പൊലീസിന് കൈമാറി.ഒന്നിന് പന്ത്രണ്ടരയോടെയാണ് സംഭവങ്ങളുടെ തുടക്കം.ദേശീയ പാതയോരത്തുള്ള തങ്കമ്മയുടെ വീട്ടിലേക്ക് എത്തിയ പ്രതി മുറ്റത്തുണ്ടായിരുന്ന തങ്കമ്മയോട് വാടക വീട് കൊടുക്കാനുണ്ടോയെന്നും പ്രദേശത്ത് വാടക വീട് നൽകുന്നവരെ പറ്റിയും ചോദിച്ചു.
ഇതിനിടെ പെട്ടെന്ന് മാല പൊട്ടിച്ച് ഒാടി ബൈക്കിൽ കയറി. തങ്കമ്മ പിന്നാലെ ഒാടി ബൈക്ക് പിടിച്ച് വയ്ക്കാൻ ശ്രമിച്ചെങ്കിലും കടന്നു കളഞ്ഞു.
തങ്കമ്മയുടെ കരച്ചിൽ കേട്ട് പേരക്കുട്ടി ശ്രേയ ഒാടിവന്നപ്പോഴേക്കും ലാലു സ്ഥലംവിട്ടിരുന്നു. ഇതിനിടെ ദേശീയ പാതയിലൂടെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാക്കളോട് ശ്രേയ വിവരം പറഞ്ഞു.മോഷ്ടാവ് പോയ വണ്ടിയുടെ അടയാളമടക്കം പറഞ്ഞതോടെ യുവാക്കൾ പിന്നാലെ പോവുകയും കാക്കവയലിൽ വച്ച് മോഷ്ടാവിനെ പിടികൂടുകയുമായിരുന്നു.
സംഭവമറിഞ്ഞ് നാട്ടുകാരും രംഗത്തെത്തിയതോടെ ലാലു കീഴടങ്ങി.
മറിഞ്ഞ് കിടന്നിരുന്ന ഇയാളുടെ ബൈക്ക് നിവർത്തി നാട്ടുകാർ പരിശോധിച്ചപ്പോൾ സീറ്റിന്റെ മുൻഭാഗത്തായി ഒളിപ്പിച്ച സ്വർണമാലയും കണ്ടെത്തി. തുടർന്ന് മീനങ്ങാടി പൊലീസ് സ്ഥലത്തെത്തി പ്രതിയെയും സ്വർണമാലയും ഏറ്റെടുത്തു.
മോഷ്ടാവുമായുണ്ടായ പിടിവലിയിൽ നിലത്ത് വീണ തങ്കമ്മയ്ക്ക് കാലിന് ചെറിയ പരുക്കേറ്റിരുന്നു. മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ തങ്കമ്മ പിന്നീട് വീട്ടിലേക്ക് മടങ്ങി.
പ്രതിയെ പൊലീസ് കോടതിയിൽ ഹാജരാക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]