കോഴിക്കോട്∙ മോഷ്ടിച്ച കാറിൽ എത്തി കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവിനെ പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് പരപ്പ സ്വദേശി ഷാഹുൽ ദമീദ് മൻസിൽ സിനാൻ(33) ആണ് പന്നിയങ്കര ഇൻസ്പെക്ടർ എസ്.സതീശ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കാർ മോഷണത്തിന് ഇയാൾക്കെതിരെ വെള്ളയിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പയ്യാനക്കലിലാണ് സംഭവം.
ഫുട്ബോൾ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന കുട്ടിയുടെ സമീപം കാർ നിർത്തി കുട്ടിയെ നിർബന്ധിച്ചു കാറിൽ കയറ്റാൻ ശ്രമിക്കുകയായിരുന്നു. ഇതേ സമയം പിന്നിൽ നിന്നു വന്ന ഓട്ടോ ഡ്രൈവർ ഇടപെട്ടു.
കാർ ഡ്രൈവറുടെ സംസാരത്തിൽ സംശയം തോന്നി ഓട്ടോ ഡ്രൈവർ പരിസരത്തുള്ളവരെ അറിയിച്ചു. പിന്നീട് നാട്ടുകാർ തടഞ്ഞു പന്നിയങ്കര പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്തു.
കാസർകോട് നിന്നു ട്രെയിനിൽ കോഴിക്കോട് എത്തി ബീച്ച്, ഭട്ട്റോഡ്, സൗത്ത് ബീച്ച് എന്നിവിടങ്ങളിൽ കറങ്ങി നടക്കുകയായിരുന്നു. സംഭവ ദിവസം ബീച്ച് ആശുപത്രിക്ക് സമീപം കാർ നിർത്തി ഡ്രൈവർ ഇറങ്ങിയ സമയത്തു പ്രതി കാർ മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു.
തുടർന്ന് പയ്യാനക്കൽ ഭാഗത്ത് എത്തിയാണ് ഇതേ കാറിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കാർ മോഷ്ടിച്ചതിനു ഡ്രൈവറുടെ പരാതിയിൽ വെള്ളയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രതിക്കെതിരെ കുട്ടിക്കടത്തിനുള്ള ശ്രമത്തിനാണ് പന്നിയങ്കര പൊലീസ് കേസെടുത്തത്. പന്നിയങ്കര പൊലീസ് നടപടിക്രമത്തിനു ശേഷം പ്രതിയെ വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്യും.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പന്നിയങ്കര എസ്ഐ ബാലു കെ.അജിത്ത്, സിപിഒ മാരായ പ്രജീഷ്, നിഖേഷ്, മൻഷിദ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
സമഗ്ര അന്വേഷണം നടത്തണം: ലീഗ്
കോഴിക്കോട്∙ കുട്ടിയെ തട്ടി കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് പയ്യാനക്കൽ മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
മേഖല ലീഗ് പ്രസിഡന്റ് പി.വി.ഷംസുദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.മുഹമ്മദ് മദനി, സി.എച്ച്.യൂനസ് തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]