ആലപ്പുഴ ∙ സെപ്റ്റംബറിലെ റേഷൻ വിതരണത്തിൽ കുറവു വന്നതോടെ സംസ്ഥാനത്തെ നൂറുകണക്കിനു റേഷൻ വ്യാപാരികൾക്ക് അടിസ്ഥാന വേതനം ലഭിക്കില്ലെന്ന് ആശങ്ക. മാസം 44 ക്വിന്റലിലേറെ റേഷൻ സാധനങ്ങൾ വിതരണം ചെയ്യുന്ന റേഷൻ വ്യാപാരികൾക്കേ സർക്കാർ പ്രഖ്യാപിച്ച അടിസ്ഥാന വേതനമായ 18,000 രൂപ ലഭിക്കൂ.
എന്നാൽ സെപ്റ്റംബറിൽ പലർക്കും ഇത്രയും സാധനങ്ങൾ വിൽക്കാനായിട്ടില്ല.
സെപ്റ്റംബറിലെ കണക്കു പ്രകാരം എഎവൈ കാർഡിന് 30 കിലോഗ്രാം അരിയും രണ്ടു കിലോഗ്രാം ഗോതമ്പും മൂന്നു പാക്കറ്റ് ആട്ടയും ഒരു കിലോഗ്രാം പഞ്ചസാരയും ലഭിക്കും. പിഎച്ച്എച്ച് കാർഡിലെ ഓരോ അംഗത്തിനും 4 കിലോഗ്രാം അരിയും ഒരു കിലോഗ്രാം ആട്ടയുമുണ്ട്.
ഈ കാർഡുകൾ കൂടുതലുള്ള റേഷൻ കടകൾക്കു 44 ക്വിന്റൽ കടമ്പ വേഗം കടക്കാനാകും.
അതേസമയം നീല (എൻപിഎസ്), വെള്ള (എൻപിഎൻഎസ്) കാർഡുകൾ കൂടുതലുള്ള റേഷൻ കടകളിൽ 44 ക്വിന്റൽ അരി വിറ്റുപോകാൻ സാധ്യത കുറവാണ്. നീല കാർഡിലെ ഓരോ അംഗത്തിനും രണ്ടു കിലോഗ്രാം അരിയും വെള്ള കാർഡിന് ആകെ രണ്ടു കിലോഗ്രാം അരിയും മാത്രമാണുള്ളത്.
അതിനാൽ കുറച്ചു മാത്രം റേഷൻ കാർഡുകൾ ഉള്ളതും നീല, വെള്ള കാർഡുകാർ കൂടുതലുള്ളതുമായ റേഷൻ കടകൾക്കാകും വരുമാനം കുറയുക. ഇത്തരം കടകളിൽ കൂടുതലും നഗര മേഖലകളിലാണ്.
റേഷൻ അരി വിതരണം ചെയ്യുമ്പോൾ ക്വിന്റലിന് 220 രൂപ വീതമാണു വ്യാപാരികൾക്കു കമ്മിഷൻ ലഭിക്കുന്നത്.
ഇതിനു പുറമേ 8500 സപ്പോർട്ടിങ് പേയ്മെന്റും ലഭിക്കും. 70 ശതമാനത്തിനു മുകളിൽ വിൽപന നടന്നെങ്കിൽ മാത്രമേ 8500 രൂപ പൂർണമായും ലഭിക്കൂ.
സെപ്റ്റംബറിലേതിനു സമാനമായ രീതിയിലാണ് അരി വിഹിതം അനുവദിച്ചത് എന്നതിനാൽ ഒക്ടോബറിലും റേഷൻ വിതരണം കുറയാനാണു സാധ്യതയെന്നു വ്യാപാരികൾ ആശങ്കപ്പെടുന്നു.
സെപ്റ്റംബറിൽ മുൻഗണനേതര വിഭാഗത്തിൽ അരി കുറഞ്ഞതോടെ റേഷൻ വാങ്ങിയവരുടെ എണ്ണം കുറഞ്ഞു. ഇതാണു വേതനത്തിലും പ്രതിഫലിക്കുന്നത്.
റേഷൻ വ്യാപാരികളുടെ വേതനം കാലോചിതമായി ഉയർത്തണമെന്ന് ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ്. അടിയന്തരമായി വേതന പാക്കേജ് പരിഷ്കരിക്കണം.
എൻ.ഷിജീർ, (
ഓർഗനൈസിങ് സെക്രട്ടറി, കേരള സ്റ്റേറ്റ് റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ)
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]