തിരുവനന്തപുരം: ചികിത്സാ ആവശ്യങ്ങൾക്കായി രക്തം ആവശ്യമുള്ളവർക്ക് ഇനി ആശങ്ക വേണ്ട. കേരള പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ ‘പോൽ ആപ്പിൽ’ സജ്ജമാക്കിയ ‘പോൽ ബ്ലഡ്’ എന്ന സംവിധാനം രക്തദാതാക്കളെയും സ്വീകർത്താക്കളെയും ഒരു കുടക്കീഴിലാക്കുന്നു.
കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. രക്തം ദാനം ചെയ്യാൻ സന്നദ്ധരായ ആർക്കും ഇതിൽ പങ്കാളികളാകാം.
രക്തദാനത്തിനും സ്വീകരണത്തിനും താല്പര്യമുള്ളവർ ‘പോൽ ആപ്പ്’ ഡൗൺലോഡ് ചെയ്ത് അതിലെ ‘പോൽ ബ്ലഡ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. രക്തം നൽകാൻ ആഗ്രഹിക്കുന്നവർ ‘ഡോണർ’ (Donor) രജിസ്ട്രേഷൻ ഫോമും, രക്തം ആവശ്യമുള്ളവർ ‘റെസീപ്യന്റ്’ (Recipient) ഫോമും പൂരിപ്പിച്ച് നൽകണം.
രജിസ്ട്രേഷൻ പൂർത്തിയായാൽ പോലീസ് കൺട്രോൾ റൂമിൽ നിന്ന് തുടർനടപടികൾക്കായി നിങ്ങളെ ബന്ധപ്പെടും. അടിയന്തര ഘട്ടങ്ങളിൽ രക്തം സ്വീകരിക്കുന്നതിനൊപ്പം രക്തദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് അതിനായി മുന്നോട്ട് വരണമെന്നും പോലീസ് പൊതുജനങ്ങളെ ഓർമ്മിപ്പിക്കുന്നു.
ഈ സേവനം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് കൂടുതൽ ദാതാക്കളുടെ പിന്തുണ അനിവാര്യമാണെന്ന് കേരള പോലീസ് അറിയിച്ചു. പണം വാങ്ങി രക്തം നൽകുന്നത് വ്യാപകമായെന്ന പരാതികളെ തുടർന്ന് ഈ മേഖലയിൽ സുതാര്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് ഈ പദ്ധതിക്ക് രൂപം നൽകിയത്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]