ബെംഗളൂരു: സർക്കാരിന്റെ ‘ശക്തി’ പദ്ധതി, ബിഎംടിസി സർവീസുകളുടെ വിപുലീകരണം, അനധികൃത ഓപ്പറേറ്റർമാരുടെ കടന്നുകയറ്റം എന്നിവ മൂലം കനത്ത നഷ്ടം നേരിടുകയാണെന്ന് കാണിച്ച് കർണാടക സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിക്ക് നിവേദനം സമർപ്പിച്ചു. പത്ത് ദിവസത്തിനകം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ സംസ്ഥാന വ്യാപകമായി സർവീസ് നിർത്തിവെച്ച് പ്രതിഷേധം ആരംഭിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് എസ് നടരാജ് ശർമ്മ അറിയിച്ചു.
സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്ന ശക്തി പദ്ധതി സ്വകാര്യ ബസ് മേഖലയെ പൂർണമായും തകർക്കുകയാണെന്നും നിവേദനത്തിൽ പറയുന്നു. മറ്റ് സംസ്ഥാനങ്ങളിലെ ബസുടമകളെ അപേക്ഷിച്ച് ഭീമമായ നികുതിയാണ് കർണാടകയിൽ ചുമത്തുന്നതെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.
നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത ബസുകൾ കൃത്യമായ പരിശോധനകളില്ലാതെ പ്രതിവർഷം 60,000 രൂപ മാത്രം നികുതി നൽകി കർണാടകയിൽ സർവീസ് നടത്തുന്നു. എന്നാൽ, കർണാടകയിലെ പ്രാദേശിക ബസുടമകളിൽ നിന്ന് 82,000 രൂപ മുതൽ 1.58 ലക്ഷം രൂപ വരെയാണ് സർക്കാർ ഈടാക്കുന്നത്.
ഈ വിവേചനം തുടരുകയാണെങ്കിൽ, തങ്ങളുടെ വാഹനങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ റീ-രജിസ്റ്റർ ചെയ്ത് കർണാടകയിൽ സർവീസ് നടത്താൻ നിർബന്ധിതരാകുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകി. ബിഎംടിസിയുടെ പ്രവർത്തന പരിധി 25 കിലോമീറ്ററിൽ നിന്ന് 40 കിലോമീറ്ററായി വർദ്ധിപ്പിച്ചതും, സബ്സിഡിയുള്ള ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുന്നതും തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാണെന്ന് ബസുടമകൾ ആശങ്ക പ്രകടിപ്പിച്ചു.
ബിഎംടിസി സർവീസുകൾ വിപുലീകരിക്കുന്നത് ബെംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന സ്വകാര്യ ബസ് ഓപ്പറേറ്റർമാരുടെ ഉപജീവനമാർഗം ഇല്ലാതാക്കുമെന്നും അവർ വ്യക്തമാക്കി. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]