തുറവൂർ ∙ ദേശീയപാത തുറവൂർ– പറവൂർ റീച്ചിൽ നടപ്പാലങ്ങളുടെ നിർമാണം തുടങ്ങി. പ്രധാന ബസ് സ്റ്റോപ്പുകൾ, സ്കൂളുകൾ, ആരാധാനാലയങ്ങൾ, ജനങ്ങൾ കൂടുതലായി റോഡ് മുറിച്ചു കടക്കുന്ന ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ദേശീയപാതയ്ക്കു കുറുകെ നടപ്പാലം നിർമിക്കുന്നത്.
റോഡ്നിർമാണം പൂർത്തിയാകുമ്പോൾ കിലോമീറ്ററുകളോളം സർവീസ് റോഡുകളിലൂടെ സഞ്ചരിച്ച് അടിപ്പാതയിലൂടെ മാത്രമേ ദേശീയപാത മുറിച്ചു കടക്കാൻ സാധിക്കൂ . അതിനാലാണ് കാൽനട
യാത്രക്കാർക്കായി നടപ്പാലങ്ങൾ നിർമിക്കുന്നത്. തുറവൂർ മുതൽ പറവൂർ വരെ 18 ഇടങ്ങളിലാണ് നടപ്പാലങ്ങൾ നിർമിക്കുന്നത്.
ആദ്യഘട്ടത്തിൽ തുറവൂർ ആലയ്ക്കാപറമ്പ്, പട്ടണക്കാട് മിൽമ ഫാക്ടറി എന്നിവിടങ്ങളിൽ നിർമാണം തുടങ്ങി. പുത്തൻചന്ത, പൊന്നാംവെളി എന്നിവിടങ്ങളിൽ നടപ്പാലങ്ങൾ നിർമിക്കാൻ പദ്ധതി ഉണ്ടായിരുന്നു.
എന്നാൽ പ്രദേശവാസികൾക്ക് നടപ്പാലങ്ങൾക്കു പകരം അടിപ്പാത നിർമിക്കണമെന്നുള്ള ആവശ്യത്തെ തുടർന്ന് ഇവിടങ്ങളിലെ നിർമാണം തടസ്സപ്പെട്ടു. തുറവൂർ– പറവൂർ റീച്ചിൽ തുറവൂരിൽ നിന്നാരംഭിച്ച നടപ്പാലങ്ങളുടെ നിർമാണം പൂർത്തിയാകുന്നതിനനുസരിച്ച് ബാക്കിയുള്ള ഇടങ്ങളിൽ ജോലികൾ തുടങ്ങും.
നടപ്പാലങ്ങളുടെ നിർമാണത്തിനായുള്ള സ്റ്റീൽ ചാനലുകൾ ഇറക്കി തുടങ്ങി.
പൈലുകൾ സ്ഥാപിച്ച് ഇതിന് മുകളിൽ 3 മീറ്റർ വീതിയിലും നീളത്തിലും കോൺക്രീറ്റ് അടിത്തറ നിർമിച്ച് ഇതിനു മുകളിലാണ് സ്റ്റീലിൽ തീർത്ത പടികളും 10 മീറ്റർ വരെ ഉയരത്തിലുള്ള നടപ്പാതയും പാതയ്ക്കു കുറുകെ നിർമിക്കുന്നത്. 2 മീറ്റർ വീതിയും 45 മീറ്റർ നീളവുമുള്ള നടപ്പാലങ്ങളാണ് നിർമിക്കുന്നത്. ഇതിനൊപ്പം പട്ടണക്കാട്, പുതിയകാവ് എന്നിവിടങ്ങളിലും നടപ്പാലങ്ങൾ നിർമിക്കാൻ സാധനങ്ങൾ ഇറക്കിത്തുടങ്ങി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]