തുടർച്ചയായ രണ്ടാം യോഗത്തിലും അടിസ്ഥാന പലിശനിരക്കിൽ മാറ്റംവരുത്താതെ റിസർവ് ബാങ്കിന്റെ പണനയ പ്രഖ്യാപനം. റീപ്പോനിരക്ക് 5.50 ശതമാനത്തിൽ തന്നെ നിലനിർത്താൻ റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര അധ്യക്ഷനായ പണനയ നിർണയ സമിതി (എംപിസി) തീരുമാനിച്ചു.
അതായത് ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ഇഎംഐയും തൽക്കാലം കുറയില്ല. ഇനി ഡിസംബറിലാണ് അടുത്ത യോഗം.
അതേസമയം, കേന്ദ്രസർക്കാർ മുൻകൈ എടുത്ത് നടപ്പാക്കിയ ജിഎസ്ടി പരിഷ്കരണം ഉൾപ്പെടെയുള്ള നടപടികൾ സമ്പദ്വ്യവസ്ഥയ്ക്കു കുതിപ്പാകുമെന്ന് അഭിപ്രായപ്പെട്ട
സഞ്ജയ് മൽഹോത്ര, ഇന്ത്യയുടെ ജിഡിപി വളർച്ചാ അനുമാനം റിസർവ് ബാങ്ക് ഉയർത്തുന്നതായും പ്രഖ്യാപിച്ചു. നടപ്പുവർഷം (2025-26) ഇന്ത്യ 6.8% വളരുമെന്നാണ് പുതിയ വിലയിരുത്തൽ.
നേരത്തേ ഇത് 6.5 ശതമാനമായിരുന്നു. മികച്ച മൺസൂൺ, മെച്ചപ്പെട്ട
കാർഷിക ഉൽപാദനം തുടങ്ങിയ അനുകൂല ഘടകങ്ങളുടെ പശ്ചാത്തലത്തിൽ വിലക്കയറ്റത്തോത് കുറയുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.
നടപ്പുവർഷം പ്രതീക്ഷിക്കുന്ന റീട്ടെയ്ൽ പണപ്പെരുപ്പനിരക്ക് മുൻനിശ്ചയിച്ച 3.1 ശതമാനത്തിൽ നിന്ന് 2.6 ശതമാനത്തിലേക്ക് റിസർവ് ബാങ്ക് കുറയ്ക്കുകയും ചെയ്തു. ആറംഗ എംപിസി ഐകകണ്ഠ്യേനയാണ് പലിശനിരക്ക് നിലനിർത്താൻ തീരുമാനിച്ചത്.
റിസർവ് ബാങ്കിന്റെ പണനയ നിലപാട് (സ്റ്റാൻസ്) നിലവിലെ ‘ന്യൂട്രൽ’ എന്നത് നിലനിർത്താനും തീരുമാനിച്ചെന്ന് സഞ്ജയ് മൽഹോത്ര പറഞ്ഞു.
ജിഡിപി വളർച്ച കുതിക്കും
ജിഡിപി പരിഷ്കരണം, മെച്ചപ്പെട്ട ഖാരിഫ് വിളവെടുപ്പ്, മികച്ച മൺസൂൺ എന്നിവ ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് ഗുണകരമാകുമെന്ന് സഞ്ജയ് മൽഹോത്ര പറഞ്ഞു.
യുഎസ്, ചൈനീസ് സമ്പദ്വ്യവസ്ഥകൾ വളർച്ചയുടെ ട്രാക്കിലായതും ഗുണകരമാണ്. എന്നാൽ, നിലവിലെ താരിഫ് പ്രശ്നങ്ങളും വ്യാപാര തർക്കങ്ങളും സൃഷ്ടിക്കുന്ന ആഘാതം തിരിച്ചടിയാവുകയും ചെയ്യും.
എങ്കിലും, അനുകൂലഘടകങ്ങളുടെ പിൻബലത്തിൽ നടപ്പു സാമ്പത്തിക വർഷം (2025-26) ഇന്ത്യയുടെ ജിഡിപി വളർച്ച പ്രതീക്ഷകളെ കടത്തിവെട്ടുമെന്നും റിസർവ് ബാങ്ക് പറയുന്നു.
ഈ വർഷം ഇന്ത്യ 6.5% വളരുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ മുൻ വിലയിരുത്തൽ. എന്നാൽ, ഇന്നു പ്രഖ്യാപിച്ച പണനയത്തിൽ വളർച്ചാ അനുമാനം 6.8 ശതമാനത്തിലേക്ക് ഉയർത്തി.
പുതുക്കിയ അനുമാനം ഇങ്ങനെ (ബ്രായ്ക്കറ്റിൽ പഴയ വിലയിരുത്തൽ):
∙ 2025-26 : 6.8% (6.5%)
∙ ജൂലൈ-സെപ്റ്റംബർ : 7% (6.7%)
∙ ഒക്ടോബർ-ഡിസംബർ : 6.4% (6.6%)
∙ ജനുവരി-മാർച്ച് : 6.2% (6.4%)
∙ 2026-27 ഏപ്രിൽ-മേയ് : 6.4% (6.6%)
വിലക്കയറ്റം താഴേക്ക്; പലിശയിറക്കത്തിന് സാധ്യത
പണപ്പെരുപ്പം ഇനിയുള്ള മാസങ്ങളിൽ കുറയുമെന്ന സൂചനയാണ് റിസർവ് ബാങ്ക് നൽകുന്നത്. കഴിഞ്ഞവർഷം ഏറ്റവും വലിയ ആശങ്ക സൃഷ്ടിച്ച ഭക്ഷ്യവിലപ്പെരുപ്പം (ഫുഡ് ഇൻഫ്ലേഷൻ) ഇപ്പോൾ ആശ്വാസതലത്തിലേക്ക് കുറഞ്ഞത് വൻ നേട്ടമാണെന്ന് സഞ്ജയ് മൽഹോത്ര പറഞ്ഞു.
കാർഷിക ഉൽപാദനം മെച്ചപ്പെട്ടതും വിതരണശൃംഖല സജീവമായതുമാണ് സഹായകമായത്. ഫലത്തിൽ, സമീപഭാവിയിൽ പലിശനിരക്ക് വീണ്ടും കുറച്ചേക്കാമെന്ന സൂചനയാണ് റിസർവ് ബാങ്ക് നൽകുന്നതും.
നടപ്പുവർഷം ശരാശരി റീട്ടെയ്ൽ പണപ്പെരുപ്പം 3.1 ശതമാനമായിരിക്കുമെന്ന നിലവിലെ അനുമാനം റിസർവ് ബാങ്ക് 2.6 ശതമാനത്തിലേക്ക് വെട്ടിക്കുറച്ചതും ശ്രദ്ധേയം.
പുതുക്കിയ അനുമാനം ഇങ്ങനെ (ബ്രായ്ക്കറ്റിൽ പഴയ അനുമാനം) :
∙ 2025-26 : 2.6% (3.1%)
∙ ജൂലൈ-സെപ്റ്റംബർ : 1.8% (2.1%)
∙ ഒക്ടോബർ-ഡിസംബർ : 1.8% (3.1%)
∙ ജനുവരി-മാർച്ച് : 4% (4.4%)
∙ 2026-27 ഏപ്രിൽ-ജൂൺ : 4.5% (4.9%)
അതായത്, 2026ന്റെ ആദ്യമാസങ്ങളിൽ പണപ്പെരുപ്പം വീണ്ടും കൂടിത്തുടങ്ങിയേക്കാം. അതിനുമുൻപൊരു തവണകൂടി റിസർവ് ബാങ്ക് പലിശനിരക്ക് കുറയ്ക്കാനാണ് സാധ്യത.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]