സെബു: ഫിലിപ്പീൻസിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അപ്രതീക്ഷിത ഭൂകമ്പത്തിൽ മേൽപ്പാലം കുലുങ്ങുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
ഭൂചലനത്തിന് പിന്നാലെ മേൽപ്പാലം ആടിയുലഞ്ഞതോടെ യാത്രക്കാർ പരിഭ്രാന്തരായി. 25 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഇരുചക്ര വാഹനങ്ങളിൽ നിന്ന് ആളുകൾ ഇറങ്ങുന്നതും വാഹനങ്ങൾ റോഡിൽ വീഴുന്നതുമെല്ലാം കാണാം.
ഭൂകമ്പ സമയത്ത് പാലത്തിലൂടെ സഞ്ചരിച്ച ഒരു വാഹനത്തിന്റെ ഡാഷ് ക്യാമറയിലാണ് ഭയാനകമായ ദൃശ്യങ്ങൾ പതിഞ്ഞത്. ചൊവ്വാഴ്ച അർദ്ധരാത്രിയോടെ സെബുവിന്റെ വടക്കേ അറ്റത്താണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്.
ഇത് ഫിലിപ്പീൻസിന്റെ മധ്യ മേഖലകളിലുടനീളം വ്യാപകമായ നാശനഷ്ടങ്ങൾക്ക് കാരണമായി. ഭൂചലനത്തിൽ ഇതുവരെ 70-ഓളം പേർക്ക് ജീവൻ നഷ്ടമാകുകയും 100-ൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കൂടാതെ, അടിസ്ഥാന സൗകര്യങ്ങൾക്കും കനത്ത നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. നേരത്തെ, ഭൂകമ്പത്തിന് ശേഷം ഫിലിപ്പീൻസിലെ ചരിത്രപരമായ ഒരു പള്ളിക്ക് വലിയ നാശനഷ്ടം സംഭവിച്ചതിൻ്റെ മറ്റൊരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
സെബു ദ്വീപിന്റെ വടക്കേ അറ്റത്തുള്ള ബോഗോയ്ക്ക് സമീപം പ്രാദേശിക സമയം രാത്രി 9.59-നാണ് ഭൂകമ്പമുണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ടിൽ പറയുന്നു. ഏകദേശം 90,000 ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്.
ആദ്യത്തെ പ്രകമ്പനത്തിന് ശേഷം അഞ്ചോ അതിൽ കൂടുതലോ തീവ്രതയുള്ള നാല് തുടർ ഭൂചലനങ്ങളും ഈ പ്രദേശത്ത് അനുഭവപ്പെട്ടു. ശക്തമായ ഭൂചലനം വൈദ്യുതി ബന്ധത്തെ താറുമാറാക്കുകയും നിരവധി കെട്ടിടങ്ങൾ തകർക്കുകയും ചെയ്തു.
രക്ഷാപ്രവർത്തനങ്ങൾക്കായി മെഡിക്കൽ വോളണ്ടിയർമാരെ ആവശ്യമുണ്ടെന്ന് സെബു പ്രൊവിൻഷ്യൽ ഗവൺമെന്റ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. Bridge shakes violently as 6.9-magnitude earthquake strikes Philippines- #Watch #Philippines #PhilippinesEarthquake #ViralVideo pic.twitter.com/Ajldpd5JeE — TIMES NOW (@TimesNow) October 1, 2025 ഇപ്പോഴും നാശനഷ്ടങ്ങൾ വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് സെബു ഗവർണർ പമേല ബാരിക്കുവട്രോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.
സെബു, ലെയ്റ്റ്, ബിലിരാൻ എന്നീ പ്രവിശ്യകളിലെ ആളുകൾ തീരപ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കണമെന്ന് നിർദ്ദേശം നൽകി. ഈ പ്രദേശങ്ങളിൽ അസാധാരണമായ രീതിയിൽ തിരമാല ഉയരാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]