പാലക്കാട്: വണ്ടിത്താവളം കന്നിമാരിയിലെ ചരിത്രപ്രാധാന്യമുള്ള തേക്കിനെയും ആൽമരത്തെയും പൈതൃക വൃക്ഷങ്ങളായി പ്രഖ്യാപിച്ചു. പീച്ചിയിലെ കേരള വന ഗവേഷണ സ്ഥാപനമാണ് (KFRI) ഈ പ്രഖ്യാപനം നടത്തിയത്.
കെഎഫ്ആർഐ ശാസ്ത്രജ്ഞനും വൃക്ഷങ്ങളുടെ കാലപ്പഴക്കം നിർണയിക്കുന്നതിൽ വിദഗ്ദ്ധനുമായ ഡോ. ആദർശിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ, ഇവിടുത്തെ തേക്കിന് 400 വർഷവും ആൽമരത്തിന് 250 വർഷവും പഴക്കമുണ്ടെന്ന് കണ്ടെത്തി.
പട്ടഞ്ചേരിയിൽ നടന്ന ഹരിതോത്സവ വേദിയിലായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. പട്ടഞ്ചേരി പഞ്ചായത്തിലെ പത്താം വാർഡിലുള്ള കന്നിമാരിയമ്മൻ ക്ഷേത്രത്തിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ അരയാലും തേക്കും സ്ഥിതി ചെയ്യുന്നത്.
വൃക്ഷങ്ങൾക്ക് ചുറ്റുമതിൽ കെട്ടിയും വേരുകൾക്ക് സംരക്ഷണമൊരുക്കിയും ശാഖകൾ മുറിച്ചുമാറ്റാതെയും പരിപാലിച്ചുവരികയായിരുന്നു. മരത്തിലെ തേൻകൂടുകൾ പോലും സംരക്ഷിക്കുന്നുണ്ട്.
ഈ വൃക്ഷങ്ങളെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി കേരള വന ഗവേഷണ സ്ഥാപനത്തിന് അപേക്ഷ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ദ്ധ സംഘം സ്ഥലത്തെത്തി കാലപ്പഴക്കം നിർണ്ണയിച്ചത്.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും കേരള വന ഗവേഷണ സ്ഥാപനവും സംയുക്തമായി നടപ്പാക്കുന്ന ഗ്രീൻ കേരള പദ്ധതിയുടെ ഭാഗമായി പുതിയ സംരംഭങ്ങൾക്കും ഇവിടെ തുടക്കം കുറിച്ചു. കെഎഫ്ആർഐ സയന്റിസ്റ്റ് ഡോ.
ആദർശിന്റെ നേതൃത്വത്തിൽ വംശനാശ ഭീഷണി നേരിടുന്ന മരത്തൈകൾ പട്ടഞ്ചേരി പഞ്ചായത്തിൽ നട്ടുപിടിപ്പിക്കും. ഇതിനായി പട്ടഞ്ചേരിയിൽ ഒന്നര ഏക്കറും ചോഴിക്കാട് 50 സെന്റും നെല്ലിമേട് 35 സെന്റ് സ്ഥലവും കണ്ടെത്തിയിട്ടുണ്ട്.
സുഗതം സൂക്ഷ്മ വനം, നിനവ് പുണ്യ വനം, ആഴി ചിറ സ്മൃതി വനം എന്നീ പേരുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]