കൊല്ലം∙ കശുവണ്ടി ഫാക്ടറി തൊഴിലാളിയായ ബംഗ്ലദേശ് പൗരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. 2023 ഡിസംബർ 17നു മുട്ടയ്ക്കാവിലെ സ്വകാര്യ കാഷ്യൂ ഫാക്ടറിയിലെ തൊഴിലാളിയായിരുന്ന ബംഗ്ലദേശ് പൗരൻ അബു കലാം(35) കൊല്ലപ്പെട്ട
കേസിലാണ് ബംഗാൾ സ്വദേശികളായ അൻവർ ഇസ്ലാം(24), ബികാസ് സെൻ(29) എന്നിവരെ നാലാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി സി.എം.സീമ ശിക്ഷിച്ചത്.
കൂടാതെ തെളിവു നശിപ്പിച്ചതിന് 5 വർഷം കഠിനതടവും 25,000 രൂപ വീതം പിഴയും പണം കൊള്ളയടിച്ചതിന് 5 വർഷം കഠിനതടവും 25,000 രൂപ വീതം പിഴയും അടയ്ക്കണം. പിഴ ഒടുക്കി ഇല്ലെങ്കിൽ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണം.
തടവ് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. ബംഗാൾ സ്വദേശി അൽത്താഫ് മിയ എന്ന പേരിലെ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് അബു കലാം ജോലി ചെയ്തിരുന്നതെന്നു പിന്നീടു കണ്ടെത്തി.
തൊഴിലാളിയെ കാണാനില്ലെന്ന കമ്പനി മാനേജർ നൽകിയ പരാതിയെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് നാടിനെ ഞെട്ടിച്ച അരുംകൊലയുടെ ചുരുൾ അഴിഞ്ഞത്.
കൊല്ലപ്പെട്ടയാളും പ്രതികളും പണം ഉപയോഗിച്ചുള്ള ചീട്ടുകളിയിൽ തൽപ്പരരായിരുന്നു. കളിയിൽ പ്രതികൾക്കാണു പണം ഏറെ നഷ്ടപ്പെട്ടിരുന്നത്.
തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.
മർദിച്ച് അവശനാക്കി ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തി കുണ്ടുമൺ ആറിന് സമീപമുള്ള ചെളി നിറഞ്ഞ പ്രദേശത്ത് കുഴിച്ചു മൂടുകയായിരുന്നു. അബു കലാമിന്റെ പണവും ഇരുവരും അപഹരിച്ചു. അബു കലാമിനെ കാണാനില്ലെന്ന പരാതിയിൽ നടന്ന അന്വേഷണത്തിനൊടുവിലാണ് പ്രതികള് പിടിയിലാകുന്നത്.
അബു കലാം ജോലി സ്ഥലത്തു നൽകിയിരുന്ന തിരിച്ചറിയൽ കാർഡിലെ വിലാസം അന്വേഷിച്ച് ബംഗാളിൽ എത്തിയ ഉദ്യോഗസ്ഥർ തിരിച്ചറിയൽ കാർഡിലെ മേൽവിലാസക്കാരനായ അൽത്താഫ് മിയ എന്നയാൾ മരിച്ചിട്ടില്ലെന്നു സ്ഥിരീകരിച്ചു.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടയാൾ ബംഗ്ലദേശ് പൗരനാണെന്നു തെളിഞ്ഞത്. കേസിന്റെ വിചാരണ വേളയിൽ 44 സാക്ഷികളെ വിസ്തരിച്ചു.
74 രേഖകളും 17 തൊണ്ടി മുതലുകളും തെളിവായി ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ.നിയാസ് ഹാജരായി. പ്രോസിക്യൂഷൻ സഹായിയായി എഎസ്ഐ സാജുവും പ്രവർത്തിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]