ഇംഗ്ലണ്ട് പര്യടനത്തില്‍ കാഴ്ചക്കാരന്റെ റോളിലായിരുന്നെങ്കിലും ഏഷ്യ കപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് ചുക്കാൻ പിടിച്ച താരമാണ് കുല്‍ദീപ് യാദവ്. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ, കുല്‍ദീപിന് വെള്ളക്കുപ്പായത്തില്‍ വീണ്ടും അവസരം നിഷേധിക്കപ്പെടുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
ബാറ്റിങ് നിരയില്‍ ഇന്ത്യക്ക് കാര്യമായ ആശങ്കകളില്ല. യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്ശൻ, ശുഭ്മാൻ ഗില്‍, ധ്രുവ് ജുറെല്‍, രവീന്ദ്ര ജഡേജ എന്നിവർ സ്ഥാനം ഉറപ്പിച്ചേക്കും.
ഇംഗ്ലണ്ടിലെ മികച്ച പ്രകടനവും ഓഫ് സ്പിന്നര്‍ എന്നതും വാഷിങ്ടണ്‍ സുന്ദറിന് അന്തിമ ഇലവനിലേക്കുള്ള സാധ്യത നൽകുന്നു. ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജുമാകും പേസ് ആക്രമണത്തിന് നേതൃത്വം നൽകുക.
ശേഷിക്കുന്ന സ്ഥാനങ്ങൾക്കായി കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, പ്രസിദ്ധ് കൃഷ്ണ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവർ തമ്മിലാണ് പ്രധാന മത്സരം. കുല്‍ദീപിന്റെ സാധ്യതകള്‍ അഹമ്മദാബാദിലെ പിച്ച് ആദ്യ ദിവസങ്ങളില്‍ പേസര്‍മാരെ തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഈ സാഹചര്യത്തില്‍ മൂന്ന് സ്പിന്നര്‍മാരെ ഉൾപ്പെടുത്തി ഇന്ത്യ കളിക്കുമോയെന്നതാണ് പ്രധാന ചോദ്യം. അങ്ങനെയെങ്കിൽ, വിക്കറ്റെടുക്കാനുള്ള കഴിവും നിലവിലെ ഫോമും കുല്‍ദീപിന് മുൻതൂക്കം നൽകും.
വൈറ്റ് ബോള്‍ ക്രിക്കറ്റിലാണെങ്കിലും ഏഷ്യ കപ്പില്‍ ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണായകമായത് ഈ ചൈനാമാൻ സ്പിന്നറുടെ പ്രകടനമായിരുന്നു.
ഏഴ് മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകളാണ് കുല്‍ദീപ് നേടിയത്. താരത്തിന്റെ എക്കോണമി ഏഴിൽ താഴെയായിരുന്നു എന്നതും ശ്രദ്ധേയമാണ്.
ഈ സാഹചര്യത്തിൽ കുല്‍ദീപിന്റെ ടെസ്റ്റ് ടീമിലേക്കുള്ള തിരിച്ചുവരവ് ഇനിയും വൈകുമോയെന്ന ചോദ്യം പ്രസക്തമാണ്. സമീപകാലത്ത് കളിച്ച ഇംഗ്ലണ്ട് പരമ്പരയില്‍ നാല് മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റുകൾ വീഴ്ത്തി താരം മിന്നുന്ന പ്രകടനം കാഴ്ചവെച്ചിരുന്നു.
വെസ്റ്റ് ഇൻഡീസിനെതിരെയും മികച്ച റെക്കോർഡാണുള്ളത്; രണ്ട് മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റുകൾ. എന്നിട്ടും ഇംഗ്ലണ്ട് പര്യടനത്തില്‍ ബാറ്റിങ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കുല്‍ദീപിനെ പുറത്തിരുത്തുകയായിരുന്നു.
ബാറ്റിങ് ഡെപ്ത്തിന് തന്നെയാണ് ഇന്ത്യ ഇത്തവണയും മുൻഗണന നൽകുന്നതെങ്കിൽ അക്സര്‍ പട്ടേലിനും നിതീഷ് കുമാര്‍ റെഡ്ഡിക്കും സാധ്യത തെളിയും. അഹമ്മദാബാദ് അക്സറിന്റെ ഭാഗ്യവേദികളിലൊന്നാണ്.
2021-ൽ ഇംഗ്ലണ്ടിനെതിരെയും 2023-ൽ ഓസ്ട്രേലിയക്കെതിരെയും ഇവിടെ കളിച്ച മൂന്ന് ടെസ്റ്റുകളിൽ നിന്ന് 22 വിക്കറ്റുകളാണ് ഈ ഇടംകയ്യൻ സ്പിന്നര്‍ നേടിയത്. ബാറ്റിങ്ങിലെ ഭേദപ്പെട്ട
പ്രകടനവും അക്സറിന് അനുകൂല ഘടകമാണ്. എന്നിരുന്നാലും, അക്സറിന്റെ റൺസിനേക്കാൾ കുല്‍ദീപിന്റെ വിക്കറ്റ് നേടാനുള്ള കഴിവിനായിരിക്കും നിലവിലെ ഫോം പരിഗണിച്ച് ടീം മാനേജ്മെന്റ് വില കൽപ്പിക്കുക.
ഇംഗ്ലണ്ട് പരമ്പരയില്‍ നിതീഷിന് തിളങ്ങാനായിരുന്നില്ല. അതിനാൽ കുൽദീപ് ടീമിലെത്തിയാൽ ഇന്ത്യയുടെ ബാറ്റിങ് നിര ഏഴാം നമ്പറിൽ അവസാനിക്കാനാണ് സാധ്യത.
മൂന്നാം പേസർ രണ്ട് സ്പിന്നർമാരെ മാത്രം കളിപ്പിക്കാൻ തീരുമാനിച്ചാൽ അത് മൂന്നാം പേസറായുള്ള പ്രസിദ്ധ് കൃഷ്ണയുടെ സാധ്യത വർധിപ്പിക്കും. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിനായി അഹമ്മദാബാദില്‍ കളിക്കുന്നതിന്റെ അനുഭവസമ്പത്ത് പ്രസിദ്ധിനുണ്ട്.
ബൗൺസിനെ തുണയ്ക്കുന്ന പിച്ചാണ് അഹമ്മദാബാദിലേത്. ഇംഗ്ലണ്ടിൽ നിർണായക ഘട്ടങ്ങളിൽ ഇന്ത്യക്ക് വിക്കറ്റുകൾ സമ്മാനിച്ചത് പ്രസിദ്ധിന്റെ ഷോര്‍ട്ട് ബോള്‍ തന്ത്രമായിരുന്നു.
ഇതിനുപുറമെ, അഹമ്മദാബാദില്‍ വെസ്റ്റ് ഇൻഡീസിനെതിരെ കളിച്ച മൂന്ന് ഏകദിനങ്ങളില്‍ നിന്ന് ഒൻപത് വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. മൂന്നില്‍ താഴെ എക്കോണമിയിലായിരുന്നു ഈ പ്രകടനം.
പ്രസിദ്ധ് ടീമിലെത്തുന്നത് ബുമ്രയുടെയും സിറാജിന്റെയും ജോലിഭാരം കുറയ്ക്കാൻ സഹായിക്കും. ഏഷ്യ കപ്പിന് ശേഷമാണ് ബുമ്രയുടെ തിരിച്ചുവരവെന്നതും ഓസ്ട്രേലിയക്കെതിരായ പരമ്പര കളിച്ചാണ് സിറാജ് വരുന്നതെന്നതും പരിഗണിക്കുമ്പോൾ ഇത് നിർണായകമാകും.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]