കൊല്ലം∙ യുകെയിൽ ജോലിക്കായി കുറഞ്ഞ നിരക്കിൽ വീസ നൽകാമെന്നു പറഞ്ഞു യുവാവിൽ നിന്നു 4 ലക്ഷം രൂപ തട്ടിയെടുത്ത് ദുബായിലേക്കു മുങ്ങിയ കൺസൽറ്റൻസി സ്ഥാപന ഉടമ നാട്ടിലേക്കു മടങ്ങവേ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായി. മയ്യനാട് തോപ്പിൽ മുക്കിൽ ഷീബ മൻസിലിൽ ഷെമീമിനെ (35) ആണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
ഷെമീമിന് എതിരെ നേരത്തേ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരം കല്ലറ, കാട്ടുപുറം വാറുവിളാകത്ത് സനൂജ് മൻസിലിൽ അദിനാനെ കബളിപ്പിച്ച് സ്ഥാപന ഉടമകളിൽ ഒരാളായ ഷെമീം 4 ലക്ഷം രൂപയുമായി ദുബായിലേക്ക് മുങ്ങിയെന്നാണ് പരാതി.
2024 സെപ്റ്റംബർ 4നാണ് കേസിനാസ്പദമായ സംഭവം.
ഷെമീം കൊല്ലം മാടൻനട വെണ്ടർമുക്കിൽ കാലിബ്രി കൺസൽറ്റൻസി എന്ന സ്ഥാപനം നടത്തിയിരുന്നു.
വിദേശത്ത് ജോലിക്കും പഠനത്തിനും കുറഞ്ഞ നിരക്കിൽ വീസ നൽകാമെന്നു കാണിച്ച് സ്ഥാപനത്തിന്റെ പേരിൽ സമൂഹ മാധ്യമത്തിൽ പരസ്യം നൽകി. പരസ്യം കണ്ട
തിരുവനന്തപുരം സ്വദേശി അദിനാൻ വെണ്ടർമുക്കിലെ കാലിബ്രി എന്ന സ്ഥാപനത്തിലെത്തി വിവരങ്ങൾ അന്വേഷിച്ചു. വീസ സംബന്ധമായ കാര്യങ്ങളിൽ ധാരണയായ ശേഷം അദിനാൻ പള്ളിമുക്കിലെ യൂണിയൻ ബാങ്കിലുള്ള ഈ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് 4 ലക്ഷം രൂപ അയച്ചു കൊടുത്തു.
എന്നാൽ പറഞ്ഞ സമയത്ത് വീസ നൽകിയില്ല. ഫോണിൽ ബന്ധപ്പെടാനും സാധിച്ചില്ല.
ഒാഫിസിൽ നേരിട്ട് എത്തിയപ്പോൾ സ്ഥാപനം അടച്ച നിലയിലായിരുന്നു.
കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ അദിനാൻ ഇരവിപുരം പൊലീസിൽ പരാതി നൽകി. തുടർന്ന് സ്ഥാപന നടത്തിപ്പുകാരനായ ഷെമീമിനെതിരെ പൊലീസ് കേസെടുത്തു.
കേസിലെ രണ്ടാം പ്രതിയാണ് ഷെമീം. ഇയാളെ റിമാൻഡ് ചെയ്തു.
കേസിലെ ഒന്നാം പ്രതി പള്ളിമുക്ക് സ്വദേശി ആസാദിനെതിരെയും ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഒട്ടേറെപ്പേർ കബളിപ്പിക്കപ്പെട്ടു: തട്ടിയെടുത്തത് ലക്ഷങ്ങൾ
ഇരവിപുരം∙ കൺസൽറ്റൻസിയുടെ പേരിൽ വിദേശ പഠനത്തിനും തൊഴിലിനും വീസ വാഗ്ദാനം ചെയ്ത് ഒട്ടേറെപ്പേരിൽ നിന്ന് അറസ്റ്റിലായ ഷെമീം ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് പൊലീസ് പറയുന്നു. റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബർഗിൽ എംബിബിഎസിന് പഠിച്ചു കൊണ്ടിരുന്ന ഇയാൾ പ്ലസ് ടു കഴിഞ്ഞു നിന്ന വിദ്യാർഥിയുമായി സൗഹൃദത്തിലായി.
വിദ്യാർഥിയുടെ പിതാവും ബന്ധുക്കളുമായി സംസാരിച്ച ശേഷം ലക്ഷങ്ങൾ വാങ്ങി എംബിബിഎസ് പഠനത്തിനായി ഈ വിദ്യാർഥിയെ റഷ്യയിലേക്ക് കൊണ്ടു പോയി. ഒരു കൺസൾട്ടൻസി സ്ഥാപനം ആരംഭിക്കാൻ താൻ തീരുമാനിച്ചിട്ടുണ്ടെന്നും ഒപ്പം നിൽക്കണമെന്നും വിദ്യാർഥിയോട് ആവശ്യപ്പെട്ടു.
തുടർന്നാണ് വെണ്ടർ മുക്കിൽ കാലിബ്രി കൺസൽറ്റൻസി എന്ന സ്ഥാപനം ആരംഭിച്ചത്. സ്ഥാപനത്തിന്റെ ലൈസൻസും ബാങ്ക് അക്കൗണ്ടും ഷെമീമിന്റെ പേരിലായിരുന്നു.
ഇയാളൊടൊപ്പം വിദേശത്ത് പഠിക്കുന്ന കുട്ടികളെയും സ്ഥാപനത്തിൽ ഒപ്പം കൂട്ടി. വീസ വാഗ്ദാനം നൽകി ഒട്ടേറെ പേരിൽ നിന്നു പണം വാങ്ങിയ ശേഷം ഇയാൾ വിദേശത്തേക്ക് മുങ്ങുകയായിരുന്നു.
പണം നഷ്ടപ്പെട്ടവർ സ്ഥാപനത്തിൽ ഉണ്ടായിരുന്ന മറ്റു ജീവനക്കാരുടെ വീട്ടുകാരുമായി വഴക്കുണ്ടായി. തുടർന്ന് സ്ഥാപന നടത്തിപ്പുകാരനായ ഷെമീം ഉൾപ്പെടെ 3 പേർക്കെതിരെ ഇരവിപുരം പൊലീസ് കേസെടുത്തു. ഷെമീം അറസ്റ്റിലായത് അറിഞ്ഞ് പണം നഷ്ടപ്പെട്ട
ഒട്ടേറെപ്പേർ ഇരവിപുരം പൊലീസ് സ്റ്റേഷനിലെത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]