അന്താരാഷ്ട്ര യാത്രകൾ എന്നത് എപ്പോഴും ആവേശവും സ്വപ്നതുല്യവുമായ അനുഭവമാണ് സമ്മാനിക്കുക. എന്നാൽ പ്ലാനിംഗ്, പായ്ക്കിംഗ്, യാത്രാ രേഖകൾ തയ്യാറാക്കൽ തുടങ്ങിയ സമയങ്ങളിലാണ് ഒരു വിദേശയാത്രയുടെ ബുദ്ധിമുട്ടുകൾ മനസ്സിലാവുക.
ഒരു യാത്ര പ്ലാൻ ചെയ്യാനും സാധനങ്ങൾ പായ്ക്ക് ചെയ്യാനും വലിയ ബുദ്ധിമുട്ടുണ്ടാകില്ല. എന്നാൽ, യാത്രാ രേഖകൾ തയ്യാറാക്കുമ്പോൾ അതിന് പ്രത്യേക ശ്രദ്ധ നൽകുക തന്നെ വേണം.
പ്രത്യേകിച്ച് ഏറ്റവും പ്രധാനപ്പെട്ട യാത്രാ രേഖകളിലൊന്നായ വിസയുടെ കാര്യത്തിൽ.
പല യാത്രക്കാർക്കും, വിസയുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങൾ ഉണ്ടാകാം. അതിനാൽ തന്നെ വിസ-ഫ്രീ, വിസ-ഓൺ-അറൈവൽ, ഇ-വിസ തുടങ്ങിയവ എന്താണെന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
വിസ ഫ്രീ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വിസയില്ലാതെ യാത്ര ചെയ്യുക എന്നതാണ് ഇതിന്റെ അർത്ഥം. വിസ-ഫ്രീ എൻട്രി അനുവദിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്.
ഇതിന് പ്രത്യേക പേപ്പർവർക്കുകളോ, എംബസി സന്ദർശനമോ ഒന്നും ആവശ്യമില്ല. ഭൂട്ടാൻ, നേപ്പാൾ, സീഷെൽസ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇത്തരം രാജ്യങ്ങളിലേയ്ക്ക് പോകണമെങ്കിൽ ഒരു സാധുവായ പാസ്പോർട്ടും, ചില സന്ദർഭങ്ങളിൽ റിട്ടേൺ ടിക്കറ്റുകളുടെയോ യാത്രാ ഫണ്ടുകളുടെയോ തെളിവും മാത്രം മതി. വിസ രഹിത യാത്ര സാധാരണയായി ഒരു പരിമിത കാലയളവിലേക്ക് (സാധാരണയായി 30 മുതൽ 90 ദിവസം വരെ) മാത്രമാണ് അനുവദിക്കുക.
വിസ ഓൺ അറൈവൽ പോകാൻ ഉദ്ദേശിക്കുന്ന രാജ്യത്തിന്റെ വിമാനത്താവളത്തിലോ, തുറമുഖത്തിലോ, കര മാർഗമാണെങ്കിൽ അതിർത്തിയിലോ എത്തുമ്പോൾ വിസ നേടാൻ അനുവദിക്കുന്ന ഒരു സംവിധാനമാണ് വിസ ഓൺ അറൈവൽ. ഹ്രസ്വകാല യാത്രകൾക്ക് ഇത് വളരെ സഹായകമാണ്.
ഇതിനായി, നിങ്ങൾ എത്തുന്ന രാജ്യത്തിന്റെ എൻട്രി പോയിന്റിൽ ചില രേഖകൾ സമർപ്പിക്കേണ്ടതായുണ്ട്. അപേക്ഷാ ഫോം പൂരിപ്പിക്കുകയും പാസ്പോർട്ട് ഹാജരാക്കുകയും വിസ ഫീസ് അടക്കുകയും ചെയ്താൽ നിങ്ങൾക്ക് വിസ നേടാനാകും.
വിസയ്ക്ക് മുൻകൂട്ടി അപേക്ഷിക്കേണ്ട ആവശ്യമില്ലെന്നതാണ് ഇതിന്റെ സവിശേഷത.
ഇമിഗ്രേഷൻ അധികൃതര് നിങ്ങളുടെ രേഖകളിൽ തൃപ്തരല്ലെങ്കിലോ യാത്രാരേഖകൾ അപൂർണ്ണമാണെങ്കിലോ വിസ നിരസിക്കപ്പെടാൻ സാധ്യതയുണ്ടെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഇ-വിസ യാത്രയ്ക്ക് മുമ്പ് അംഗീകാരം ലഭിച്ചതും യാത്രക്കാരന്റെ പാസ്പോർട്ടുമായി ഡിജിറ്റലായി ലിങ്ക് ചെയ്തതുമാണ് ഇ-വിസ അഥവാ ഇലക്ട്രോണിക് വിസ. ഇതിനായി യാത്രയ്ക്ക് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുകയും വിസ ഫീസ് ഓൺലൈനായി അടയ്ക്കുകയും വേണം. അംഗീകാരം ലഭിച്ചതിന് ശേഷം യാത്രക്കാർക്ക് ഒരു കൺഫര്മേഷൻ ഡോക്യുമെന്റ് ലഭിക്കും.
ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ ഇമിഗ്രേഷനിൽ ഇത് ഹാജരാക്കേണ്ടി വരും. വിമാനത്താവളത്തിലെ നീണ്ട
ക്യൂവിൽ നിൽക്കേണ്ടതിന്റെ ആവശ്യം ഇല്ലെന്നതാണ് ഇ-വിസയുടെ സവിശേഷത. യാത്രക്കാർ മുൻകൂട്ടി ഇ-വിസയ്ക്ക് അപേക്ഷിക്കണം.
അപേക്ഷയിലെ എല്ലാ വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പാക്കണം. എന്തെങ്കിലും പിശകുകൾ സംഭവിച്ചാൽ ഇമിഗ്രേഷനിൽ കാലതാമസമുണ്ടാകുകയോ വിസ നിരസിക്കപ്പെടുകയോ ചെയ്യാൻ സാധ്യതയുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]