ഓച്ചിറ∙ ഇരുപത്തെട്ടാം ഓണാഘോഷത്തോട് അനുബന്ധിച്ച് പരബ്രഹ്മ ക്ഷേത്രത്തിലെ കാളകെട്ടുത്സവം 3നു നടക്കും. കൂറ്റൻ കെട്ടുകാളകൾ ജനലക്ഷങ്ങളെ സാക്ഷിയാക്കി എഴുന്നള്ളിക്കാൻ കാളമൂട്ടിൽ അവസാനവട്ടം ഒരുക്കങ്ങളാണ്. 4നും 5നും കൂറ്റൻ കെട്ടുകാളകളെ കരക്കാർ പടനിലത്തു പ്രദർശിപ്പിക്കും.
കെട്ടുകാഴ്ചയോടനുബന്ധിച്ച് 3നു കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കിലെ 52 കരകളിൽ നിന്നും മറ്റു വിവിധ കരകളിൽ നിന്നും ചെറുതും വലുതുമായ ഇരുനൂറോളം കെട്ടുകാളകളാണ് പടനിലത്ത് അണിനിരക്കുന്നത്. കൈവെള്ളയിലും അരിമണിയിലും എഴുന്നള്ളിക്കുന്ന ചെറിയ കെട്ടുകാളകൾ മുതൽ 72 അടി ഉയരമുള്ള കെട്ടുകാളകൾ വരെ അണിനിരക്കും.
വിശ്വപ്രജാപതി കാലഭൈരവൻ, ഓണാട്ടു കതിരവൻ, വജ്ര തേജോമുഖൻ, രൗദ്ര ബ്രഹ്മ ഋഷഭൻ, അഘോര രുദ്ര നേത്രൻ, പ്രയാർ വടക്ക് ശിവപ്രിയൻ, കിണറുമുക്ക് കൊമ്പൻ, പായിക്കുഴി കര ഇടംപിരി വലംപിരി വാരനാട് കൊമ്പൻ, അമ്പലക്കര കൊമ്പൻ തുടങ്ങി പതിനഞ്ച് കൂറ്റൻ കെട്ടുകാളകളുടെ അകമ്പടിയോടെയാണ് മറ്റ് കെട്ടുകാളകളും അണിനിരക്കുന്നത്. പഞ്ചലോഹം, സ്വർണം, വെള്ളി, സിമന്റ്, ഉരുക്ക് എന്നിവയിൽ നിർമിച്ച കെട്ടുകാളയുടെ രൂപങ്ങളും കരക്കാർ അണിനിരത്തും.
24 വനിതാ കാളകെട്ടുസമിതികളും കെട്ടുകാളകളെ എഴുന്നള്ളിക്കുന്നുണ്ട്.
കെട്ടുകാളയുടെ ശിരസ്സ് ഉറപ്പിക്കൽ ഇന്ന് പൂർത്തിയാകും. ഒരോ കാളമൂട്ടിലും ഉത്സവ ലഹരിയിൽ വൈവിധ്യമാർന്ന പരിപാടികൾ ആരംഭിച്ചു.
നാളെ കാളമൂട്ടിൽ ഉത്രാട സദ്യയും, നിറപറ സമർപ്പണവും മണി സമർപ്പണവും ദീപക്കാഴ്ച എന്നിവ നടക്കും.
3നു പുലർച്ചെ കാള മൂട്ടിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, കെട്ടുകാളയ്ക്ക് ചാർത്താനുള്ള കൂവള മാലയുമായി പരബ്രഹ്മ ക്ഷേത്രത്തിലേക്കുള്ള മാല ഘോഷയാത്ര, പിന്നീട് മാല ചാർത്തൽ, വടം കൈമാറൽ, പായസ വിതരണം എന്നിവ നടത്തിയ ശേഷമാണ് കെട്ടുകാളയുടെ എഴുന്നള്ളത്ത് നടത്തുന്നത്.
സുരക്ഷിതമായ നടത്തിപ്പിന് യോഗം ചേർന്നു
കൊല്ലം∙ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കാളകെട്ട് ഉത്സവം സുരക്ഷിതമായി നടത്തുന്നതിന് ക്ഷേത്ര ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഡപ്യൂട്ടി കലക്ടർ ആർ.രാകേഷ് കുമാറിന്റെ അധ്യക്ഷതയിൽ ഓച്ചിറ ക്ഷേത്രം മിനി ഓഡിറ്റോറിയത്തിൽ ചേർന്നു. ഉത്സവ ദിവസത്തെ സുരക്ഷാ ക്രമീകരണങ്ങൾ, ഗതാഗത നിയന്ത്രണം, പൊതുജനങ്ങൾക്ക് പരമാവധി ബുദ്ധിമുട്ടുണ്ടാകാത്ത വിധം ഉത്സവം നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ, ശുചിത്വം ഉറപ്പാക്കുന്നതിനുള്ള നടപടികൾ എന്നിവ യോഗം വിലയിരുത്തി.െട്ടുരുപ്പടിയോടൊപ്പമുള്ള ഡിജെ പാർട്ടി ഉൾപ്പെടെയുള്ളവ നിരോധിച്ചു.
ഓരോ വലിയ നന്ദികേശ രൂപങ്ങളോടൊപ്പം അഗ്നിശമനോപാധികൾ, സിസിടിവി എന്നിവ ഉണ്ടായിരിക്കും. പൊലീസ് സേനാംഗങ്ങളുടെ സാന്നിധ്യവും ഉറപ്പുവരുത്തും.
നന്ദികേശ രൂപങ്ങളുടെ ഉയരം കണക്കാക്കി എൻഒസി ജില്ലാ ഫയർ ഓഫിസിൽ നിന്നു കൈപ്പറ്റണം. അടിയന്തരഘട്ടങ്ങളിൽ ഫയർ ആൻഡ് റെസ്ക്യൂ വാഹനങ്ങൾ, ആംബുലൻസുകൾ എന്നിവയ്ക്ക് സുഗമമായി സഞ്ചരിക്കുന്നതിനു പ്രത്യേക പാത സജ്ജീകരിച്ചിട്ടുണ്ട്.
കാളകെട്ട് ഉത്സവദിനമായ മൂന്നിന് ക്ഷേത്ര പരിസരത്തിനു മൂന്ന് കിലോമീറ്റർ പരിധിയിൽ മദ്യനിരോധനം ഏർപ്പെടുത്തി. മഹോത്സവത്തിനോടനുബന്ധിച്ച് അഴിച്ചുമാറ്റുന്ന വൈദ്യുത ലൈനുകൾ സമയബന്ധിതമായി കെഎസ്ഇബി പുനഃസ്ഥാപിക്കും.
ക്ഷേത്ര പരിസരത്ത് ആരോഗ്യവകുപ്പ് ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ ടീം സജ്ജീകരിക്കും. ഹരിതചട്ടം പാലിക്കുന്നത് ഉറപ്പാക്കാൻ ഓച്ചിറ പഞ്ചായത്തിനെയും ചുമതലപ്പെടുത്തി.
ഗതാഗത ക്രമീകരണങ്ങൾ
കൊല്ലം ∙ ഓച്ചിറ 28–ാം ഓണ ഉത്സവവുമായി ബന്ധപ്പെട്ടു കൊല്ലം, ആലപ്പുഴ ജില്ലയിൽ നടത്തുന്ന ഗതാഗത ക്രമീകരണങ്ങൾ 3നു രാവിലെ 6ന് ആരംഭിക്കുമെന്നു സിറ്റി പൊലീസ് അറിയിച്ചു.
പ്രധാന നിർദേശങ്ങൾ;
∙ ആലപ്പുഴ ഭാഗത്തു നിന്നു കൊല്ലം ഭാഗത്തേക്കു വരുന്ന വലിയ വാഹനങ്ങൾ നങ്ങ്യാർകുളങ്ങര കവലയിൽ നിന്നു കിഴക്കോട്ട് തിരിച്ചു തട്ടാരമ്പലം, മാവേലിക്കര, രണ്ടാംകുറ്റി, കറ്റാനം വഴി ചാരുംമൂട് എത്തി തെക്കോട്ട് തിരിഞ്ഞു ചക്കുവള്ളി വഴി കരുനാഗപ്പള്ളി ഭാഗത്തേക്കു പോകണം. ∙ കെഎസ്ആർടിസി ബസുകൾ കായംകുളത്തു നിന്നു കിഴക്കോട്ട് പോയി ചാരുംമൂട് എത്തി അവിടെ നിന്നു തെക്കോട്ട് പോയി ചക്കുവള്ളി വഴി കരുനാഗപ്പള്ളി ഭാഗത്തേക്കു പോകണം.
∙ കാർ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ കായംകുളത്തു നിന്നു കിഴക്കോട്ട് കെപി റോഡ് വഴി ചാരുംമൂട്, തഴവമുക്ക്, ചൂനാട്, മണപ്പള്ളി, അരമത്തമഠം പുതിയകാവ് വഴി കരുനാഗപ്പള്ളി ഭാഗത്തേക്കു പോകണം. ∙ കൊല്ലം ഭാഗത്തു നിന്ന് ആലപ്പുഴ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ കരുനാഗപ്പള്ളി ലാലാജി ജംക്ഷനിൽ നിന്നു പടിഞ്ഞാറോട്ട് തിരിഞ്ഞു പണിക്കർകടവ് പാലം വഴി തീരദേശ റോഡിൽ കൂടി അഴീക്കൽ എത്തി വലിയ അഴീക്കൽ പാലം വഴി കായംകുളം ആലപ്പുഴ ഭാഗത്തേക്കു പോകണം.
∙ തിരുവനന്തപുരത്തു നിന്ന് എറണാകുളം ഭാഗത്തേക്കു വരുന്ന ഹെവി ലോങ് ചെയ്സ്, കണ്ടെയ്നർ വാഹനങ്ങൾ കൊട്ടിയത്തു നിന്നു തിരിഞ്ഞു കണ്ണനല്ലൂർ, കുണ്ടറ, ഈസ്റ്റ് കല്ലട, ഭരണിക്കാവ്, ചക്കുവള്ളി, ചാരുംമൂട്, കായംകുളം വഴി എറണാകുളത്തിനു പോവുകയോ കെഎംഎംഎൽ ഗ്രൗണ്ടിൽ പാർക്ക് ചെയ്യുകയോ കൊല്ലം മുതൽ കരുനാഗപ്പള്ളി വരെയുള്ള ഹൈവേ വികസിപ്പിച്ച സ്ഥലങ്ങളിൽ പാർക്ക് ചെയ്തശേഷം ഗതാഗത നിയന്ത്രണം തീരുന്ന മുറയ്ക്കു യാത്ര തുടരുകയോ ചെയ്യാം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]