നവരാത്രി ആഘോഷങ്ങൾക്കിടെ എൽപിജി സിലിണ്ടറിന് വില കൂട്ടി പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് (19 കിലോഗ്രാം) 15-15.5 രൂപയാണ് കൂട്ടിയത്.
ഇതോടെ കൊച്ചിയിൽ വില 1,602.5 രൂപയായി. തിരുവനന്തപുരത്ത് 1,623.5 രൂപ.
കോഴിക്കോട്ട് 1,634.5 രൂപ. കഴിഞ്ഞ 6 മാസങ്ങളിൽ തുടർച്ചയായി വില കുറച്ചശേഷമാണ് ഇന്നു പ്രാബല്യത്തിൽ വന്നവിധം വില വർധിപ്പിച്ചത്.
വാണിജ്യ സിലിണ്ടറിന് ഏപ്രിലിൽ 43 രൂപ, മേയിൽ 15 രൂപ, ജൂണിൽ 25 രൂപ, ജൂലൈയിൽ 57.5 രൂപ, ഓഗസ്റ്റിൽ 34.5, സെപ്റ്റംബറിൽ 51.5 രൂപ എന്നിങ്ങനെ കുറച്ചിരുന്നു.
രാജ്യാന്തര ക്രൂഡ് ഓയിൽ വില വിലയിരുത്തി ഓരോ മാസവും ഒന്നിനാണ് എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നത്. അതേസമയം, വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വിലയിൽ ഇക്കുറിയും മാറ്റംവരുത്തിയില്ല. വില കൊച്ചിയിൽ 860 രൂപ.
കോഴിക്കോട്ട് 861.5 രൂപ; തിരുവനന്തപുരത്ത് 862 രൂപ.
ഗാർഹിക സിലിണ്ടറിന് ഏറ്റവുമൊടുവിൽ വില പരിഷ്കരിച്ചത് 2024 മാർച്ച് എട്ടിനായിരുന്നു. വനിതാദിനത്തിൽ വീട്ടമ്മമാർക്കുള്ള സമ്മാനമെന്നോണം 100 രൂപ കുറയ്ക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അന്നു പ്രഖ്യാപിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായിരുന്നു പ്രഖ്യാപനം.
∙ ഇക്കഴിഞ്ഞ ഏപ്രിൽ 7ന് വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂട്ടിയിരുന്നു. ∙ വാണിജ്യ സിലിണ്ടറിന് വില തുടർച്ചയായി കുറച്ചിട്ടും വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയാറായിരുന്നില്ല.
∙ രാജ്യത്ത് 90% എൽപിജിയും ഉപയോഗിക്കുന്നത് വീടുകളിൽ പാചകാവശ്യത്തിന്. ∙ എണ്ണക്കമ്പനികളുടെ കണക്കുപ്രകാരം കേരളത്തിലുള്ളത് ഒരുകോടിയോളം എൽപിജി ഉപഭോക്താക്കൾ. ∙ പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക് കീഴിൽ മാത്രം മൂന്നുലക്ഷത്തോളം പേരുണ്ട്.
∙ വാണിജ്യ സിലിണ്ടർ വില ഇപ്പോൾ കൂട്ടിയത് ഹോട്ടലുകൾ, റസ്റ്ററന്റുകൾ, തട്ടുകടകൾ എന്നിവയ്ക്ക് തിരിച്ചടിയാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]