
2:48 PM IST:
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വോട്ടു കുറഞ്ഞത് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നുവെന്നും പുതുപ്പള്ളി വിധിയുടെ വിജയത്തിന് അടിസ്ഥാനം സഹതാപമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫിന്റെ പുതുപ്പള്ളിയിലെ അടിത്തറയിൽ ഒരു കോട്ടവും വന്നിട്ടില്ല. മരണാന്തര ചടങ്ങ് കഴിയുന്നതിന് മുമ്പ് നടന്ന ഉപതെരെഞ്ഞെടുപ്പിൽ സഹതാപമുണ്ടായെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു
2:45 PM IST:
പുതുപ്പള്ളി വിജയം എൽഡിഎഫിനേറ്റ ഏറ്റവും വലിയ തിരിച്ചടിയെന്ന് കോൺഗ്രസ്. യുഡിഎഫിനോടും ഉമ്മൻചാണ്ടിയോടും ആഭിമുഖ്യം കാണിക്കുന്നവരാണ് ഞങ്ങൾക്ക് വോട്ട് ചെയ്തതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ബിജെപിയുടേയും സിപിഎമ്മിന്റെയും വോട്ട് കിട്ടിയിട്ടുണ്ട്. അവർ തന്നതല്ല. ഞങ്ങൾ പിടിച്ച് വാങ്ങിയതാണ്. യുഡിഎഫിനോടും ഉമ്മൻചാണ്ടിയോടും ആഭിമുഖ്യം കാണിക്കുന്നവരാണ് ഞങ്ങൾക്ക് വോട്ട് ചെയ്തത്. ഇടത് പക്ഷത്തോടുള്ള വെറുപ്പാണ് പുതുപ്പള്ളിയിൽ വ്യക്തമായത്. ഭരിച്ച് ഭരിച്ച് പിണറായി വിജയവും എൽഡിഎഫും ഈ കൊച്ചു കേരളത്തെ കുട്ടിച്ചോറാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
2:43 PM IST:
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ചാണ്ടി ഉമ്മന്‍ അഭിനന്ദനങ്ങളെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. യു ഡി എഫ് വിജയത്തിന് പ്രധാന ഘടകമായത് സഹതാപ തരംഗമാണ്. പുതുപ്പള്ളിയിൽ ഭരണ വിരുദ്ധ തരംഗം അടക്കം പ്രതിഫലിച്ചെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു
2:06 PM IST:
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മകൻ വിജയത്തിൽ പ്രതികരിച്ച് മറിയാമ്മ ഉമ്മൻ രംഗത്ത്. ഉമ്മൻ ചാണ്ടി അജയ്യനെന്നും മരണമില്ലാത്ത നേതാവാണെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു. ജയത്തിൽ സന്തോഷമില്ല, ആശ്വാസം മാത്രം. വലിയ ദുഖത്തിലാണ് താൻ, ഇതിനിടയിൽ ലഭിച്ച ആശ്വാസമാണ് ഇത്. മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വിടാതെ പിന്തുടർന്ന ആരോപണങ്ങൾക്ക് മറുപടി നൽകാനില്ലെന്നും വ്യക്തിഅധിക്ഷേപങ്ങൾ
ദുഃഖമുണ്ടാക്കിയെന്നും പറഞ്ഞ മറിയാമ്മ ഉമ്മൻ, വ്യക്തി അധിക്ഷേപങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു. മകന് എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു എന്നും മറിയാമ്മ ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
1:28 PM IST:
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ തന്റെ വിജയം ഉമ്മൻ ചാണ്ടിയുടെ പതിമൂന്നാം ജയമാണെന്ന് ചാണ്ടി ഉമ്മൻ. അപ്പയോടുള്ള പുതുപ്പള്ളിക്കാരുടെ സ്നേഹത്തിന് വലിയ നന്ദിയെന്നും ചാണ്ടി പറഞ്ഞു.
1:20 PM IST:
ജനവിധി സ്വാഗതം ചെയ്യുന്നുവെന്ന് പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. പുതുപ്പള്ളിയുടെ പുതിയ എം എൽ എയ്ക്ക് ഭാവുകങ്ങൾ അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇടതു വോട്ടുകൾ മുഴുവൻ കിട്ടിയില്ലെന്ന് പറയാനാകില്ലെന്നും രാഷ്ട്രീയ അടിത്തറ ദുർബലപ്പെട്ടിട്ടില്ലെന്നും ജെയ്ക് കൂട്ടിച്ചേർത്തു
1:48 PM IST:
പുതുപള്ളിയിലെ അന്തിമ ഫലം വന്നപ്പോൾ ചാണ്ടി ഉമ്മൻ്റെ വിജയം 37719 വോട്ടിന്. ആദ്യം മുതലെ വോട്ട് നിലയിൽ വമ്പിച്ച ലീഡ് നേടിയ ചാണ്ടി ഓരോ ഘട്ടത്തിലും ലീഡ് ഉയർത്തിയാണ് ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്. ചാണ്ടി ഉമ്മൻ 80144 വോട്ട് നേടിയപ്പോൾ ജെയ്കിന് 42425 വോട്ടുകൾ മാത്രമാണ് നേടാനായത്. ബി ജെ പി സ്ഥാനാർത്ഥി ലിജിനാകട്ടെ 6558 വോട്ട് കൊണ്ട് തൃപ്തിപെടേണ്ടിവന്നു.
12:54 PM IST:
പുതുപ്പള്ളിയിലെ ഗംഭീര വിജയം അപ്പയുടെ വിജയമാണെന്ന് ചാണ്ടി ഉമ്മൻ. അപ്പയെ സ്നേഹിച്ചവരുടെ ജയമാണ് ഇത്. നല്ലവരായ വോട്ടർമാർക്ക് നന്ദിയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്കും യു ഡി എഫ് മുന്നണിയിലെ ഘടക കക്ഷികൾക്കും ചാണ്ടി നന്ദി അറിയിച്ചു. പുതുപ്പള്ളി വോട്ട് ചെയ്തത് വികസന തുടർച്ചക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
12:52 PM IST:
പുതുപ്പള്ളി ജനഹിതം മാനിച്ച് പിണറായി രാജിവെക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. ബി ജെ പി വോട്ട് കോൺഗ്രസ് വാങ്ങുമെന്ന ഗോവിന്ദന്റെ പ്രസ്താവന മുൻകൂർ ജാമ്യമായിരുന്നുവെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു. ജനങ്ങൾ അഭിപ്രായം പ്രകടിപ്പിച്ചു കഴിഞ്ഞെന്നും ജനവികാരത്തോടൊപ്പം ഒറ്റക്കെട്ടായി നിൽകാൻ യു ഡി എഫിലെ എല്ലാ കക്ഷികളും തയാറാകണമെന്നും സലാം ആവശ്യപ്പെട്ടു.
12:33 PM IST:
ദുഃഖത്തിലും സന്തോഷമെന്ന് മറിയാമ്മ ഉമ്മൻ. ഉമ്മൻ ചാണ്ടിയോടുള്ള ജനങ്ങളുടെ സ്നേഹമെന്നും പ്രതികരണം
12:16 PM IST:
പുതുപ്പള്ളിയിൽ ഭരണവിരുദ്ധ വികാരമാണ് കണ്ടതെന്ന് രാജ് മോഹൻ ഉണ്ണിത്താൻ. ഇടതുപക്ഷ സർക്കാരിന് മുഖത്തേറ്റ അടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെറ്റുകൾ തിരുത്താൻ മുഖ്യമന്ത്രി തയാറാകണമെന്ന് ആവശ്യപ്പെട്ട ഉണ്ണിത്താൻ, ലോക്സഭ തിരഞ്ഞെടുപ്പിൽ 20 സീറ്റും നേടുമെന്നും അഭിപ്രായപ്പെട്ടു
12:18 PM IST:
ചാണ്ടി ഉമ്മന്‍ 36454 വോട്ടുകൾക്ക് വിജയിച്ചു
11:26 AM IST:
ജനങ്ങൾ അംഗീകരിച്ച റിക്കാർഡ് ഭൂരിപക്ഷമാണ് പുതുപ്പള്ളിയിലെന്നും വിജയത്തിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നും കെ സി വേണുഗോപാൽ. സർക്കാരിനെതിരെയുള്ള വികാരം ആണ് പുതുപ്പള്ളിയിലെ വിജയം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനെതിരായ ജനവിധി. 2024ലെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ സൈറൺ മുഴങ്ങി കഴിഞ്ഞുവെന്നും സി.പി.എമ്മിന്റെ വോട്ടും ചാണ്ടി ഉമ്മന്‍ ലഭിച്ചുവെന്നും കെസി വേണുഗോപാൽ പറഞ്ഞു.
11:17 AM IST:
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വിജയത്തിലേക്ക് കുതിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനെ അഭിനന്ദിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാണ്ടി പിതാവിന്റെ പിന്തുടർച്ച നന്നായി കൊണ്ടുപോകുമെന്നു കരുതുന്നതായി ഗവർണ്ണർ പറഞ്ഞു.
11:15 AM IST:
പുതുപ്പള്ളിയിൽ നേടിയത് പ്രതീക്ഷിച്ച വിജയമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഉമ്മൻ ചാണ്ടിയോട് ഉള്ള കടപ്പാടും സ്നേഹവും ആണ് ജനങ്ങൾ നൽകിയത്. ഉമ്മൻ ചാണ്ടിയുടെ പ്രതിരൂപം ആയാണ് ചാണ്ടി ഉമ്മനെ ജനം കണ്ടത്. ഭരണ വിരുദ്ധ വികാരവും വൻ വിജയത്തിന് കാരണമായെന്നും സാദിഖലി ശിഹാബ് തങ്ങൾ.
10:42 AM IST:
പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വിജയമുറപ്പിച്ചതിന് പിന്നാലെ പ്രതികരിച്ച് ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ഉമ്മൻചാണ്ടിയെ അതിക്രൂരമായി വേട്ടയാടിയവരുടെ മുഖത്തേറ്റ അടിയാണ് ചാണ്ടി ഉമ്മന്റെ വിജയമെന്ന് അച്ചു ഉമ്മൻ അഭിപ്രായപ്പെട്ടു. ഉമ്മൻചാണ്ടി പിന്നിൽ നിന്നും നയിച്ച തെരഞ്ഞെടുപ്പാണിത്. 53 കൊല്ലം ഉമ്മൻചാണ്ടി എന്ത് ചെയ്തുവെന്ന ചോദ്യം ചോദിച്ചവർക്കുളള മറുപടിയാണ് ഈ വിജയമെന്ന് അച്ചു പറഞ്ഞു.
10:18 AM IST:
ചാണ്ടി ഉമ്മന്റെ വമ്പൻ ഭൂരിപക്ഷത്തിൽ സിപിഎം നേതാക്കളെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.
സിപിഎം നേതാക്കൾക്ക് ആർക്കെങ്കിലും ഇസിജി എടുക്കണമെങ്കിൽ ഉമ്മൻ ചാണ്ടി കൊണ്ടുവന്ന പാമ്പാടി ആശുപത്രിയിലേക്ക് വരാമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു.
10:15 AM IST:
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വന്‍ തരംഗം തീര്‍ത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ വജയ കുതിപ്പ്. കൗണ്ടിംഗ് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫിന് ലീഡ് നില ഇരുപതിനായിരം കടന്നിരിക്കുകയാണ്. ഉമ്മൻചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മന്റെ മുന്നേറ്റം.
10:14 AM IST:
പുതുപ്പള്ളിയിൽ ബിജെപി വോട്ട് മറിച്ചെന്ന ആരോപണവുമായി സിപിഎം. ബി ജെ പി വോട്ടുകൾ കോൺഗ്രസിലേക്ക് പോയെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ആരോപിച്ചു. നമ്മുടെ വോട്ട് നമുക്ക് കിട്ടിയിട്ടുണ്ട്, മഴുവൻ ഫലവും വരട്ടെ, അതിന് ശേഷം അന്തിമ വിധി എഴുതാമെന്ന് ജയരാജൻ പറഞ്ഞു.
9:47 AM IST:
ഇടതു പക്ഷ ഭരണത്തിന്റെ ആണിക്കല്ല് ഇളക്കുന്ന മുന്നേറ്റമാണ് പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനും കോണ്‍ഗ്രസിനും ലഭിക്കുന്നതെന്ന് രമേശ് ചെന്നിത്തല. ഭൂരിപക്ഷം 50000 മുകളിലെത്തും. മുഖ്യമന്ത്രി കൂടുതൽ ദിവസം പുതുപ്പള്ളിയിൽ ക്യാംപെയിൻ ചെയ്തിരുന്നെങ്കിൽ ഭൂരിപക്ഷം കൂടിയേനെയെന്നും ചെന്നിത്തല പരിഹസിച്ചു.
9:44 AM IST:
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ കുതിപ്പിൽ കിതച്ച് സിപിഎമ്മും ബിജെപിയും. ചരിത്ര മുന്നേറ്റവുമായി ചാണ്ടി ഭൂരിപക്ഷം 15000ന് മുകളിലേക്ക് ഉയർത്തി. വമ്പൻ ഭൂരിപക്ഷം ആഘോഷമാക്കി കോണ്‍ഗ്രസ് പ്രവർത്തകർ.
9:33 AM IST:
പുതുപ്പള്ളിയിൽ വമ്പൻ ലീഡുമായി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. ചരിത്ര മുന്നേറ്റവുമായി കുതിക്കുന്ന ചാണ്ടിയുടെ ലീഡ് 8000 കടന്നു. വിജയമുറപ്പിച്ച് ആവേശത്തിൽ ആറാടി യുഡിഎഫ് അണികള്‍. ഉമ്മൻ ചാണ്ടിയുടെ കൂറ്റൻ ഫ്ലക്സുകളുമായി പ്രവർത്തകർ ആഘോഷം തുടങ്ങി
9:29 AM IST:
പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ജയിച്ചാൽ അത് ലോകാത്ഭുതമെന്ന് എ കെ ബാലൻ. ഇപ്പോൾ അത്ഭുതമൊന്നും സംഭവിക്കുന്നില്ലല്ലോയെന്നും എ കെ ബാലന് ചോദിച്ചു. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്നല്ലേ യുഡിഎഫ് പറഞ്ഞത്. 52 വർഷം ഉമ്മൻ ചാണ്ടി കൈവശം വെച്ച മണ്ഡലമല്ലേ, അതുണ്ടാകുമോയെന്ന് നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
9:11 AM IST:
പുതുപ്പള്ളിയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോള്‍ അതിവേഗം ബഹുദൂരം യുഡിഎഫ് മുന്നിൽ. ആദ്യ മണിക്കൂർ പിന്നിടുമ്പോള്‍ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ ലീഡ് 5000 കവിഞ്ഞു. പുതുപ്പള്ളിയിലെ യുഡിഎഫ് തരംഗം ആഘോഷമാക്കി യുഡിഎഫ് പ്രവർത്തകർ.
9:03 AM IST:
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി അദ്യ മണിക്കൂർ പിന്നിടുമ്പോള്‍ ഭൂരിപക്ഷം 3000 കടന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ.
8:58 AM IST:
ആദ്യ മണിക്കൂറിൽ രണ്ടായിരത്തിലേറെ വോട്ടുകൾക്ക് ലീഡുയർത്തി ചാണ്ടി ഉമ്മൻ . അയർക്കുന്നത്ത് ചാണ്ടി ഉമ്മൻ വലിയ ലീഡുയർത്തിയതോടെ ജെയ്ക്കിന് തിരിച്ചടിയായി. ആദ്യം പോസ്റ്റൽ വോട്ടുകളെണ്ണിയപ്പോൾ തന്നെ ചാണ്ടി ഉമ്മൻ 4 വോട്ടിന് ലീഡ് പിടിച്ചിരുന്നു. പത്ത് വോട്ടുകളിൽ ഏഴെണ്ണം ചാണ്ടിക്കും 3 വോട്ടുകൾ ജെയ്ക്ക് സി തോമസിനും ലഭിച്ചു. അസന്നിഹിത വോട്ടുകളിലും ചാണ്ടി കൃത്യമായ ലീഡുയർത്തി. ഒരു ഘട്ടത്തിൽ പോലും ജെയ്ക്കിന് ലീഡുപിടിക്കാനായിട്ടില്ല.
8:51 AM IST:
പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിൽ എണ്ണിക്കഴിഞ്ഞപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനാണ് ആദ്യ ലീഡ്. നാല് വോട്ടുകൾക്കാണ് ചാണ്ടി ഉമ്മൻ മുന്നിലുള്ളത്. പോസ്റ്റൽ വോട്ടുകളിൽ ഏഴ് വോട്ടുകൾ ചാണ്ടി ഉമ്മനും മൂന്ന് വോട്ടുതൾ ജെയ്ക് സി തോമസിനുമാണ് ലഭിച്ചത്.
8:20 AM IST:
പുതുപ്പള്ളിയിൽ പെട്ടി പൊട്ടിച്ച് വോട്ടെണ്ണൽ തുടങ്ങും മുമ്പ് ആഘോഷം തുടങ്ങി കോണ്‍ഗ്രസ് പ്രവർത്തകർ. വേട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിൽ ചാണ്ടിക്ക് മുദ്രാവാക്യം വിളിയോടെ നിരവധി പ്രവർത്തകരെത്തി. വിജയമുറപ്പെന്ന് മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ ആഘോഷം തുടങ്ങി.
8:18 AM IST:
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കോട്ടയം ബസേലിയസ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ആരംഭിച്ചു. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. താക്കോലുകൾ തമ്മിൽ മാറിപ്പോയതിനാൽ സ്ട്രോങ്ങ് റൂം വൈകിയാണ് തുറന്നത്. അതിനാൽ വോട്ടെണ്ണലും വൈകിയാണ് ആരംഭിച്ചത്.
8:07 AM IST:
പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അൽപ്പ സമയത്തിനകം. സ്ട്രോങ് റൂമുകളുടെ താക്കോലുകള്‍ മാറി. ഇത് അൽപ്പസമയം ആശങ്കയുണ്ടാക്കിയെങ്കിലും പിന്നീട് താക്കോലുകള്‍ കൈമാറി സ്ട്രോങ് റൂം തുറന്നു. വോട്ടെണ്ണൽ യന്ത്രം ടേബിളിലെത്താൻ വൈകിയതിനാൽ വോട്ടെണ്ണൽ ഇതുവരെ ആരംഭിച്ചിട്ടില്ല.
7:48 AM IST:
ശുഭ പ്രതീക്ഷയോടെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനാണ് പുതുപ്പള്ളിയിലെ ജനം ആവശ്യപ്പെടുന്നതെന്ന് ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. ഫലം വരാൻ മിനിറ്റുകളേ ബാക്കിയുള്ളു. ഇന്നിനി അവകാശവാദങ്ങൾക്ക് പ്രസക്തിയില്ല. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനാണ് പുതുപ്പള്ളിയിലെ വോട്ടർമാർ പറയുന്നത്. ഇടതുപക്ഷ മുന്നണിയുടെ എല്ലാ ഘടകകക്ഷികളും ഐക്യത്തോടെയാണ് പുതുപ്പള്ളി തെരഞ്ഞെടുപ്പിനെ അഭിസംബോധന ചെയ്തതെന്നും ജെയ്ക്ക് മാധ്യമങ്ങളോട് പ്രതികരിച്ചു.
6:31 AM IST:
പുതുപ്പള്ളി ചാണ്ടി ഉമ്മന്‍ റെക്കോർഡ് ഭൂരിപക്ഷം നൽകുമെന്ന് മുതിർന്ന കോണ്‍ഗ്രസ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. വരുന്ന 11ആം തീയതി കേരള നിയമസഭയിൽ നടക്കാൻ പോകുന്നത് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞയാണ്. പോളിംഗ് ദിനത്തിൽ കണ്ട സ്ത്രീകൾ ഉൾപ്പെടെയുള്ള വോട്ടർമാരുടെ ഒഴുക്ക് സർക്കാർ വിരുദ്ധ വികാരത്തിന്റെ പ്രതിഫലനമെന്നും തിരുവഞ്ചൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
6:15 AM IST:
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വിജയിയെ അറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം. ബസേലിയസ് കോളേജിൽ എട്ട് മണിക്ക് വോട്ടെണ്ണൽ തുടങ്ങും. ആദ്യ ഫലസൂചനകൾ ഒൻപതുമണിയോടെ പുറത്ത് വരും. 53 വർഷം പുതുപ്പള്ളി മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ്.
2:22 AM IST:
രാവിലെ എട്ട് മണിക്കാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കോട്ടയം ബസേലിയസ് കോളേജില്‍ ആരംഭിക്കുക. മണ്ഡലത്തില്‍ ആകെയുള്ള 182 ബൂത്തുകളിലെ വോട്ടുകൾ 20 മേശകളിലായി സൂഷ്മമായി എണ്ണും. ഇതിലെ 14 മേശകള്‍ വോട്ടിംഗ് മെഷിനീല്‍ നിന്നുള്ള കണക്കുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതിന് വേണ്ടിയാണ് സജ്ജീകരിച്ചിരിക്കുന്നത്. തപാല്‍ വോട്ടുകള്‍ എണ്ണാന്‍ അഞ്ച് മേശകള്‍ ഒരുക്കിയിരിക്കുമ്പോള്‍ അവശേഷിക്കുന്ന ഒരു ടേബിളില്‍ സര്‍വീസ് വോട്ടുകള്‍ എണ്ണും. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ 13 റൗണ്ടുകളിലായാണ് എണ്ണാനായി മേശയിലേക്ക് വരിക. മണ്ഡലത്തില്‍ ആകെയുള്ള 182 ബൂത്തുകളില്‍ ഒന്ന് മുതല്‍ 14 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടില്‍ എണ്ണാനായി എടുക്കുക. രണ്ടാം റൗണ്ടില്‍ 15 മുതല്‍ 28 വരെയുള്ള ബൂത്തുകളിലെ എണ്ണും. ഇങ്ങനെ തുടര്‍ച്ചയായി 13 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ പുരോഗമിക്കുക. കനത്ത സുരക്ഷയിലാണ് ബസേലിയോസ് കോളേജില്‍ വോട്ടെണ്ണല്‍ നടക്കുക.
2:19 AM IST:
പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിൽ യു ഡി എഫിന് മികച്ച ജയമുണ്ടാകുമെന്നാണ് എക്സിറ്റ് പോളുകൾ പറയുന്നത്. ആകെ പോൾ ചെയ്തതിന്റെ 53 ശതമാനം വോട്ട് നേടി ചാണ്ടി ഉമ്മൻ ജയിക്കുമന്നതടക്കമുള്ള എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ എക്സിറ്റ് പോളുകളിൽ വിശ്വാസമില്ലെന്നാണ് എൽ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് പ്രതികരിച്ചത്. ജനങ്ങളിലാണ് വിശ്വാസമെന്നും എക്സിറ്റ് പോളുകളെ മുഖവിലക്കെടുക്കുന്നില്ലെന്നും ജെയ്ക് സി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
2:06 AM IST:
പുതുപ്പള്ളിയിൽ തോൽവി മുന്നിൽ കണ്ട് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മുൻകൂർ ജാമ്യം എടുത്തെന്ന് കെ സി വേണുഗോപാൽ. അതുകൊണ്ടാണ് കോൺഗ്രസിന് ബിജെപി വോട്ട് മറിച്ചെന്ന ആരോപണം എംവി ഗോവിന്ദൻ ഉയർത്തുന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു.
1:48 AM IST:
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പ്രേക്ഷകരിൽ എത്തിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസ് ഏർപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിൽ കാൽ നൂറ്റാണ്ടിലേറെ അനുഭവ പരിചയമുള്ള ഏഷ്യാനെറ്റ് ന്യൂസ് പുതുപ്പള്ളിയിൽ എണ്ണുന്ന ഓരോ വോട്ടിന്റെയും വിവരം പ്രേക്ഷകരിൽ എത്തിക്കാൻ സജ്ജമായി. കോട്ടയം ബസേലിയോസ് കോളജിൽ 20 മേശകൾ പുതുപ്പള്ളിയുടെ വിധി പറയുമ്പോൾ ഓരോ സെക്കൻഡിലെയും ഉദ്വേഗങ്ങൾക്ക് ഏഷ്യാനെറ്റ് ന്യൂസിന്റെ സമഗ്ര സ്ക്രീൻ ഉത്തരം നൽകും. ലീഡ് നിലയും രാഷ്ട്രീയ പ്രതികരണങ്ങളും വിശദമായ വിശകലനങ്ങളും ഇടവേളകൾ ഇല്ലാതെ രാവിലെ മുതൽ തത്സമയം പ്രേക്ഷകരിലേക്ക് എത്തും.
1:29 AM IST:
പുതുപ്പള്ളിയില്‍ ഇക്കുറി നല്ല മത്സരം കാഴ്ചവച്ചെന്നാണ് ബി ജെ പി അവകാശവാദം. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ 11,694 വോട്ടാണ് ബി ജെ പിക്ക് ലഭിച്ചിരുന്നത്. ഇക്കുറി വോട്ട് കൂടുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി
1:27 AM IST:
ചിട്ടയായ സംഘടനാ സംവിധാനത്തിൽ നടന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലാണ് ഇടത് പ്രതീക്ഷ. പുതുപ്പള്ളി ഇത്തവണ മാറി ചിന്തിക്കുമെന്നാണ് ഇടത് ക്യാമ്പിൻ്റെ കണക്കുകൂട്ടൽ
1:25 AM IST:
എക്സിറ്റ് പോളുകളടക്കം പുറത്ത് വന്നതോടെ വൻ വിജയ പ്രതീക്ഷയിലാണ് യു ഡി എഫ്. മുമ്പെങ്ങുമില്ലാത്ത ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന കണക്കുകൂട്ടലിലാണ് യു ഡി എഫ് നേതാക്കൾ
1:25 AM IST:
കടുത്ത മത്സരം നടന്ന 2021 ല്‍ പോലും ഉമ്മൻ ചാണ്ടിക്ക് 1293 വോട്ടിന്റെ ഭൂരിപക്ഷം അയർക്കുന്നത്ത് കിട്ടിയിരുന്നു. അയ്യായിരത്തിന് മുകളിലുള്ള ലീഡാണ് യു ഡി എഫ് ഇത്തവണ ഇവിടെ പ്രതീക്ഷിക്കുന്നത്. ലീഡ് 2000 ൽ താഴെ പിടിച്ചുനിർത്തിയാൽ ഇടതുമുന്നണിക്കും പ്രതീക്ഷ നിലനിർത്താം.
1:23 AM IST:
കോട്ടയം ബസേലിയസ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ മൊത്തം 13 റൗണ്ടുകളിലായി വോട്ടിംഗ് യന്ത്രങ്ങൾ എണ്ണിത്തീരും. ആദ്യ റൗണ്ട് എണ്ണിത്തീരുമ്പോൾ തന്നെ ട്രെൻഡ് വ്യക്തമാകും. അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്. ഈ റൗണ്ടുകൾ എണ്ണിക്കഴിയുമ്പോൾ തന്നെ കൃത്യമായ ഫലസൂചന കിട്ടുമെന്നാണ് വിലയിരുത്തൽ
1:21 AM IST:
രാവിലെ എട്ട് മണിക്ക് വോട്ടെണ്ണിത്തുടങ്ങി രണ്ട് മണിക്കൂറിനകം ഫലമറിയാനാകുന്ന വിധത്തിലാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ക്രമീകരണങ്ങൾ. ആകെ 20 മേശകളാണ് കൗണ്ടിംഗിനായി തയ്യാറാക്കിയിരിക്കുന്നത്. 14 മേശകളിൽ വോട്ടിംഗ് യന്ത്രങ്ങളും 5 മേശകളിൽ അസന്നിഹിത വോട്ടുകളും ഒരു ടേബിളിൽ സർവീസ് വോട്ടുകളും എണ്ണും