കണ്ണൂർ: സംസ്ഥാന ടൂറിസം വകുപ്പ് ഐപിഎൽ മാതൃകയിൽ സംഘടിപ്പിക്കുന്ന വള്ളംകളി ലീഗായ ചാമ്പ്യൻസ് ബോട്ട് ലീഗിൻറെ (സിബിഎൽ) ഉത്തര മലബാറിലെ മത്സരങ്ങൾക്ക് ധർമ്മടം അഞ്ചരക്കണ്ടി പുഴയിൽ ഒക്ടോബർ രണ്ടിന് തുടക്കമാകും. ഉത്തര മലബാറിലെ മത്സരങ്ങളിൽ 15 ചുരുളി വള്ളങ്ങളാണ് പങ്കെടുക്കുന്നത്.
മത്സരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ടൂറിസം – പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനാകുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, മ്യൂസിയം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ പങ്കെടുക്കും.
മത്സരങ്ങൾ ഉച്ചതിരിഞ്ഞ് 2.30 ന് ആരംഭിക്കും. അഞ്ചരക്കണ്ടി പുഴയിൽ മമ്മാക്കുന്ന് പാലം മുതൽ മുഴപ്പിലങ്ങാട് കടവ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്താണ് ജലോത്സവം നടക്കുന്നത്.
ഒരു വള്ളത്തിൽ 30 തുഴച്ചിലുകാർ ഉണ്ടായിരിക്കും. നാല് ഹീറ്റ്സ് മത്സരങ്ങളും അതിൽ നിന്ന് സമയക്രമം അനുസരിച്ച് മൂന്ന് ഫൈനലുകളും (ഫസ്റ്റ് ലൂസേഴ്സ്, ലൂസേഴ്സ്, ഫൈനൽ) നടക്കും.
വൈകിട്ട് അഞ്ചിന് സമ്മാനദാനം നടക്കും. ഉത്തര മലബാറിലെ സിബിഎൽ മത്സരങ്ങൾ ടൂറിസം പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
എല്ലാ സീസണിലും ടൂറിസം സാധ്യതകൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളാണ് ടൂറിസം വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. വള്ളംകളിയുടെ ആവേശം ഉത്തര മലബാറിലേക്കും വ്യാപിക്കുന്നതോടെ ആഭ്യന്തര-വിദേശ സഞ്ചാരികൾക്ക് കേരളത്തിൻറെ തനത് കായിക ഇനത്തിൻറെ നേർക്കാഴ്ചയ്ക്കൊപ്പം ഈ മേഖലയുടെ സാംസ്ക്കാരിക പൈതൃകം കൂടി ആസ്വദിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
എ കെ ജി പോടോത്തുരുത്തി എ ടീം, എ കെ ജി പോടോത്തുരുത്തി ബി ടീം, റെഡ്സ്റ്റാർ കാര്യകോട്, ന്യൂ ബ്രദേഴ്സ് മയിച്ച, വയൽക്കര മയിച്ച, എ കെ ജി മയിച്ച, വയൽക്കരവെങ്ങാട്ട്, വിബിസി കുറ്റിവയൽ (ഫൈറ്റിങ് സ്റ്റാർ ക്ലബ്), കൃഷ്ണപിള്ള കാവുംചിറ, പാലിച്ചോൻ അച്ചാം തുരുത്തി എ ടീം, പാലിച്ചോൻ അച്ചാം തുരുത്തി ബി ടീം, അഴിക്കോടൻ അച്ചാം തുരുത്തി, ഇ എം എസ് മുഴക്കീൽ, നവോദയ മംഗലശേരി, ധർമ്മടം ടീം എന്നിവയാണ് പങ്കെടുക്കുന്ന ടീമുകൾ. അഞ്ച് ഹീറ്റ്സുകളാണുണ്ടാകുന്നത്.
വള്ളംകളിയുടെ ഇടവേളകളിൽ ജലാഭ്യാസ പ്രകടനങ്ങളും നടക്കും. പങ്കെടുക്കുന്ന വള്ളങ്ങൾക്ക് ഒരു ലക്ഷം രൂപ വീതമാണ് ബോണസ് ലഭിക്കുന്നത്.
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക് യഥാക്രമം ഒന്നര ലക്ഷം രൂപ, ഒരു ലക്ഷം രൂപ, അമ്പതിനായിരം രൂപ എന്നിങ്ങനെയാണ് ലഭിക്കുന്നത്. ധർമ്മടത്തിന് പുറമെ കോഴിക്കോട് ബേപ്പൂർ(12.09.2025), കാസർഗോഡ് ചെറുവത്തൂർ (19.09.2025), എന്നിവിടങ്ങളിലും സിബിഎൽ മത്സരങ്ങൾ നടത്തുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]