എടക്കാട് ∙ സർവീസ് റോഡുകളിലടക്കമുള്ള കുഴി, നഗരത്തിലെ ഗതാഗതക്കുരുക്ക് എന്നിവയുണ്ടാക്കുന്ന യാത്രാക്ലേശം പരിഹരിക്കാൻ നടപടികളെടുക്കാമെന്ന ആർടിഒയുടെ ഉറപ്പിലാണു ജില്ലയിൽ ഇന്നുമുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം തീരുമാനത്തിൽനിന്നു ബസുടമകൾ പിന്തിരിഞ്ഞത്. സാധാരണക്കാരായ യാത്രക്കാർക്ക് ഇത് ആശ്വാസം പകരുന്ന വാർത്തയാണെങ്കിലും കണ്ണൂർ–തോട്ടട–തലശ്ശേരി റൂട്ടിലെ യാത്രക്കാർക്ക് ആശ്വസിക്കാൻ വകയില്ല. നടാലിൽ അടിപ്പാത നിർമിക്കാൻ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ചു നാലാംതവണയും അനിശ്ചിതകാല ബസ് സമരത്തിനൊരുങ്ങാൻ ആലോചിക്കുകയാണു ബസുടമകളും ജീവനക്കാരും.
ദേശീയപാത 66ന്റെ നിർമാണം പൂർത്തിയാകുമ്പോൾ കണ്ണൂർ–തോട്ടട–നടാൽ പഴയ ദേശീയപാത 17 വഴി ഓടുന്ന ബസുകൾക്കടക്കമുള്ള വലിയ വാഹനങ്ങൾക്കു തലശ്ശേരിയിലേക്കു പോകാൻ 7 കിലോമീറ്റർ അധികം ഓടേണ്ടി വരും.
നടാൽ ഒ.കെ.യുപി സ്കൂളിനു സമീപം അടിപ്പാത നിർമിക്കൽ മാത്രമാണ് ഇതിനു പരിഹാരം. ഇന്നുമുതൽ ജില്ലയിൽ നടത്താനിരുന്ന അനിശ്ചിതകാല സമരത്തിന്റെ കാരണമായി സ്വകാര്യ ബസ് മേഖല, നടാലിൽ അടിപ്പാത ഇല്ലാത്തതിന്റെ പ്രശ്നം ചൂണ്ടിക്കാട്ടിയിരുന്നു.
ബസുടമ പ്രതിനിധികളും ആർടിഒയും ഇന്നലെ നടത്തിയ ചർച്ചയിൽ റോഡ് തകർച്ച, ഗതാഗതക്കുരുക്ക് എന്നീ വിഷയങ്ങൾക്കൊപ്പം അടിപ്പാത പ്രശ്നവും പരിഹരിക്കാമെന്ന പരാമർശം ഉണ്ടായെങ്കിലും അതു ഭംഗിവാക്ക് മാത്രമാണെന്നു ബസ് ഉടമസ്ഥ സംഘവും ജീവനക്കാരും യാത്രക്കാരും കരുതുന്നത്.നടാലിൽ ഒ.കെ.യുപി സ്കൂളിനു സമീപം അടിപ്പാത നിർമിക്കേണ്ടതുണ്ടെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തിനു ദേശീയപാത അതോറിറ്റി ഉറപ്പു നൽകിയിട്ടില്ല.
ഈ അവസ്ഥയിൽ നടാലിൽ അടിപ്പാത നിർമിക്കുമെന്നു സംസ്ഥാന സർക്കാരിനു പോലും ഉറപ്പ് പറയാൻ പറ്റാത്ത സാഹചര്യമാണ്. ജില്ലയിലെ മറ്റു സ്ഥലങ്ങളിൽ നിർമാണം പൂർത്തിയായ അടിപ്പാതയ്ക്കു സൗകര്യം പോരെന്നു പറഞ്ഞു പൊളിച്ചു പുതിയതു പണിയുന്നുണ്ട്.
മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിനു സമീപം ഒരു സർക്കാർ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും നടന്നുപോകണമെന്ന ആവശ്യത്തിന്മേൽ ചെറിയ വാഹനങ്ങൾക്ക് അടക്കം പോകാൻ പാകത്തിലുള്ള അടിപ്പാത ദേശീയപാതയ്ക്കു കുറുകെ പണിതു ഗേറ്റ് നിർമിച്ചു പൂട്ടിയിട്ടിട്ടുണ്ട്. സിൽവർ ലൈൻ, ജലപാത പദ്ധതികൾക്കായി കുറ്റിയിട്ട സ്ഥലങ്ങൾ ഉപയോഗിക്കാനാവാതെ വർഷങ്ങളായി ഭൂവുടമകൾ വലയുന്നുണ്ട്. ഈ സാഹചര്യങ്ങളുള്ളപ്പോഴാണു ജനസാന്ദ്രത ഏറെയുള്ള സ്ഥലങ്ങളിലൂടെ അൻപതിലധികം ബസുകൾ കടന്നുപോകുന്ന, പ്രധാന റൂട്ടിന്റെ യാത്രാക്ലേശം പരിഹരിക്കാൻ നടപടിയില്ലാത്തത്.
ഇന്ന് ആരംഭിക്കാനിരുന്ന അനിശ്ചിതകാല ബസ് സമരം പിൻവലിച്ചു
കണ്ണൂർ ∙ എൻഎച്ച് 66ന്റെ സർവീസ് റോഡുകളിലടക്കമുള്ള കുഴി, കണ്ണൂർ നഗരത്തിലെ ഗതാഗതക്കുരുക്ക്, നടാലിൽ അടിപ്പാതയില്ലാത്തത് എന്നിവ കാരണം ട്രിപ്പ് പൂർത്തിയാക്കാൻ പറ്റാത്ത സാഹചര്യമാണെന്നും പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു ജില്ലയിലെ സ്വകാര്യ ബസുകൾ ഇന്നുമുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു.ഇന്നലെ ബസുടമകളുമായി ആർടിഒ നടത്തിയ ചർച്ചയിലാണു സമരം പിൻവലിച്ചത്.
പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കാമെന്ന് ആർടിഒ ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണു സമരം പിൻവലിച്ചതെന്നു ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി രാജ്കുമാർ കരുവാരത്ത് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]