കണ്ണൂർ ∙ പിഎസ്സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി നടത്തി രണ്ടുപേർ പിടിയിലായ സംഭവം അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പൊലീസ് പ്രദീപൻ കണ്ണിപ്പൊയിൽ അന്വേഷിക്കും. ഞായർ രാത്രി പിടിയിലായ പെരളശ്ശേരി സ്വദേശി എ.സബീലിനെ(23) കോടതി റിമാൻഡ് ചെയ്തു. മുഖ്യപ്രതി പെരളശ്ശേരി സ്വദേശി എൻ.പി.മുഹമ്മദ് സഅദിനെയും (25) സബീലിനെയും കസ്റ്റഡിയിൽ കിട്ടാൻ ടൗൺ പൊലീസ് ഇന്നു കോടതിയിൽ അപേക്ഷ നൽകും.
സഅദിനെയും സബീലിനെയും ഒന്നിച്ചു ചോദ്യം ചെയ്താലേ, സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്ന് അറിയാനാകൂവെന്നു പൊലീസ് പറഞ്ഞു.
27നു നടന്ന അസിസ്റ്റന്റ് ഗ്രേഡ് (ഒന്ന്) തസ്തികയിലേക്കുള്ള പരീക്ഷയ്ക്കിടെയാണു സഅദ് പിടിയിലായത്. പരീക്ഷയ്ക്കിടെ ബട്ടൺ ക്യാമറ ഉപയോഗിച്ചു ചോദ്യക്കടലാസ് പകർത്തി ബ്ലൂടൂത്ത് വഴി സബീലിന് അയച്ചുകൊടുക്കുമ്പോഴാണു സഅദിനെ ജില്ലാ പിഎസ്സി ഓഫിസർ ഷാജി കച്ചുമ്പ്രോൻ പിടികൂടുന്നത്.
ബിസിഎ പഠനം കഴിഞ്ഞു കണ്ണൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ഡേറ്റ അനലൈസറായി ജോലി ചെയ്യുകയാണു സബീൽ. വീടിനടുത്തുനിന്നാണ് ഇയാളെ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി, എസ്ഐമാരായ വി.വി.ദീപ്തി, കെ.അനുരൂപ്, പി.വിനോദ്കുമാർ, എസ്സിപിഒ സജിത്, സിപിഒ രോഹിത് എന്നിവർ ചേർന്നു പിടികൂടിയത്.
ഷർട്ടിന്റെ ബട്ടൺ മാറ്റി അവിടെ മൈക്രോക്യാമറ ഘടിപ്പിച്ചു ചോദ്യക്കടലാസിന്റെ ദൃശ്യം ബ്ലൂടൂത്ത് വഴി സബീലിന് അയച്ചുകൊടുക്കുകയായിരുന്നു സഅദ് ചെയ്തത്.
സബീൽ വീട്ടിലിരുന്ന് ഉത്തരം അയച്ചുകൊടുത്തു. പിഎസ്സി സംഘത്തെ തള്ളിമാറ്റി കടന്നുകളയാൻ ശ്രമിക്കുമ്പോൾ പൊലീസെത്തി പിടികൂടുകയായിരുന്നു.
സഅദിൽനിന്നു ചെറിയ ക്യാമറ, ഇയർഫോൺ, പെൻഡ്രൈവ് എന്നിവയും പിടിച്ചെടുത്തു. സമാനരീതിയിൽ നാലു പിഎസ്സി പരീക്ഷകൾ എഴുതിയിട്ടുണ്ടെന്ന് സഅദ് പൊലീസിനോടു വെളിപ്പെടുത്തി. അപ്പോഴെല്ലാം സബീലായിരുന്നു ഉത്തരം അയച്ചുകൊടുത്തത്.
ഹൈടെക് കോപ്പിയടി പിടികൂടിയതിനെക്കുറിച്ച് ജില്ലാ പിഎസ്സി ഓഫിസർ ഷാജി കച്ചുമ്പ്രോൻ പറയുന്നത്:
‘‘പയ്യാമ്പലം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഒന്നാംനിലയിലായിരുന്നു പരീക്ഷാഹാൾ.
രാവിലെയും വൈകിട്ടുമായാണ് അസിസ്റ്റന്റ് ഗ്രേഡ് (ഒന്ന്) പരീക്ഷ നടന്നത്. എൻ.പി.മുഹമ്മദ് സഅദ് കറുത്ത കുപ്പായമാണു ധരിച്ചിരുന്നത്. എല്ലാവരും ചോദ്യക്കടലാസ് നേരെ പിടിക്കുമ്പോൾ സഅദ് കുത്തനെ പിടിച്ചതിനാൽ രാവിലെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
പക്ഷേ, എന്തോ അസ്വാഭാവികത തോന്നിയതിനാൽ ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷയ്ക്കും ഞാൻ പരിശോധനയ്ക്കു ചെന്നു.
അപ്പോൾ ഇയാളുടെ ഷർട്ടിന്റെ ബട്ടൺ താഴെ വീഴുന്നതു കണ്ടു.
അതു പരിശോധിച്ചപ്പോൾ അതിനു പിന്നിൽ ചെറിയൊരു ഉപകരണം കണ്ടു.അത്രയ്ക്കും ചെറിയൊരു ക്യാമറയായിരുന്നു അത്. ഷർട്ടിൽ സേഫ്റ്റിപിൻ കുത്തി ക്യാമറയിലെ മാഗ്നറ്റ് പിന്നിൽ ബന്ധിപ്പിച്ച നിലയിലായിരുന്നു.
ഉടൻതന്നെ ഇയാളെ മാറ്റിനിർത്തി പൊലീസിൽ വിവരമറിയിച്ചു. ടൗൺ പൊലീസ് എത്തിയ സമയത്താണ് ഇയാൾ എന്നെ തള്ളിയിട്ടു കടന്നുകളയാൻ ശ്രമിച്ചത്.
ഒന്നാംനിലയിൽനിന്നു പൊലീസ് ഇയാളെ പിടികൂടി. വൈഫൈ ഘടിപ്പിച്ച റൗട്ടറും ബാറ്ററി ഘടിപ്പിച്ച ഉപകരണവും കണ്ടെത്തി. സഅദ് എഴുതിയ മറ്റു പരീക്ഷകളുടെ ഫലം പരിശോധിച്ചാലേ ആ പരീക്ഷയിലും ഇതേ തട്ടിപ്പ് ആവർത്തിച്ചിരുന്നോ എന്നറിയാൻ കഴിയൂ.’’ … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

