പുത്തൂർ ∙ നാട്ടിലേക്കു തിരിച്ച മലയാളി ലോറി ഡ്രൈവറെ ആന്ധ്രപ്രദേശിലെ വിജയവാഡയിൽ കാണാതായതായി പരാതി. എസ്എൻപുരം വിഷ്ണുഭവനിൽ എസ്.രാമു (38)വിനെ കാണാനില്ലെന്നു കാട്ടി അമ്മ ജി.ഇന്ദിര (63) ആണ് പുത്തൂർ പൊലീസിൽ പരാതി നൽകിയത്. 10 വർഷത്തിലേറെയായി കേരളത്തിനു പുറത്തു ലോറി ഡ്രൈവറായി ജോലി ചെയ്യുകയാണു രാമു.
ഇക്കഴിഞ്ഞ ജൂലൈ 19നു റായ്പൂരിൽ നിന്നു രാമു അമ്മയെ വിളിച്ചു സുഖമില്ലെന്നും നാട്ടിലേക്കു വരികയാണെന്നും അക്കൗണ്ടിൽ കിടന്ന പണം എങ്ങനെയോ നഷ്ടപ്പെട്ടെന്നും പറഞ്ഞു.
പിന്നീട് 22നു രാത്രിയിൽ വിളിച്ചു ട്രെയിൻ മാറിക്കയറി പോയെന്നും വിജയവാഡയിൽ ആണെന്നും അറിയിച്ചു. ക്ഷീണമുള്ളതിനാൽ ഉറങ്ങാൻ പോകുകയാണെന്നും പുലർച്ചെ 3 മണിക്കു വിളിക്കണമെന്നും പറഞ്ഞു ഫോൺ വച്ചു.
പിറ്റേന്നു 3 മണിക്കു തന്നെ ഇന്ദിര രാമുവിനെ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് പലതവണ വിളിച്ചിട്ടും കിട്ടിയില്ല.
തുടർന്നാണ് പുത്തൂർ പൊലീസിൽ പരാതി നൽകിയത്.
സൈബർ സെൽ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലും രാമുവിന്റെ ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ വിജയവാഡ തന്നെയായിരുന്നു. പൊലീസ് സംഘം വിജയവാഡയിലെത്തി 4 ദിവസം നീണ്ട
അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. സമീപത്തെ ആശുപത്രികളിൽ ഉൾപ്പെടെ പൊലീസ് അന്വേഷിച്ചു.
രാമുവിന്റെ ചിത്രം പതിച്ച പോസ്റ്ററുകൾ റെയിൽവേ സ്റ്റേഷനിലും പൊതുസ്ഥലങ്ങളിലും പതിച്ചു.
സമീപത്തെ മറ്റു പൊലീസ് സ്റ്റേഷനുകളിലും വിവരമറിയിച്ചു. പക്ഷേ നാളിതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഇൻസ്പെക്ടർ എസ്എച്ച്ഒ സി.ബാബുക്കുറുപ്പ് പറഞ്ഞു.
വിജയവാഡ സ്റ്റേഷനിലെത്തിയ രാമു പിന്നീട് എങ്ങോട്ടു പോയെന്നു സ്റ്റേഷനിലെ സിസിടിവി ക്യാമറകളിലും വ്യക്തമല്ല.
പ്രമേഹബാധിതനായ രാമുവിന്റെ കാലിൽ മുറിവു പറ്റി അണുബാധ ഏറ്റിരുന്നു. ഇതിനെത്തുടർന്നാണ് നാട്ടിലേക്കു തിരിച്ചതെന്ന് ഇന്ദിര പറഞ്ഞു.
അക്കൗണ്ടിലെ പണം നഷ്ടപ്പെട്ടതിൽ കടുത്ത മനോവിഷമം ഉണ്ടായിരുന്നത്രെ. വഴിച്ചെലവിനു പോലും പണം ഇല്ലെന്നു പറഞ്ഞതിനാൽ കടം വാങ്ങിയതുൾപ്പെടെ 4,500 രൂപ 4 തവണയായി ഇന്ദിര രാമുവിന് ഫോണിൽ അയച്ചു കൊടുത്തിരുന്നു.
അയൽവാസിയുടെ ഫോണിൽ നിന്നു ഗൂഗിൾപേ ചെയ്യുകയായിരുന്നു.
‘അമ്മ വിഷമിക്കണ്ട, എന്നെ രാവിലെ വിളിച്ചാൽ മതി, ഞാൻ ഉടൻ നാട്ടിലെത്തും’ എന്നായിരുന്നു രാമു അവസാനമായി പറഞ്ഞത്. ഓരോ ദിവസവും രാമു വരും എന്ന പ്രതീക്ഷയോടെ കണ്ണീരും പ്രാർഥനയുമായി കാത്തിരിക്കുകയാണ് ഈ അമ്മ.
ഇന്ദിരയുടെ സങ്കടത്തിനു മുന്നിൽ ഇനി എന്തു ചെയ്യും എന്നറിയാതെ ഉഴറുകയാണ് നാട്ടുകാരും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]