വൻകിട രാജ്യാന്തര കമ്പനികൾ അരങ്ങുവാഴുന്ന ടെലിവിഷൻ നിർമാണ മേഖലയിലേക്ക് 24-ാം വയസിൽ സ്വന്തം ബ്രാൻഡുമായി കടന്നു ചെല്ലുകയും ഇന്ന് രാജ്യത്തെ എണ്ണം പറഞ്ഞ ടിവി ബ്രാന്ഡാക്കി അതിനെ മാറ്റുകയും ചെയ്ത സംരംഭക ദേവിത സരഫ്.
കലിഫോർണിയയിൽ ആരംഭിച്ച് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വു ടെലിവിഷന്റെ ചെയർപേഴ്സണും സിഇഒയുമാണ് ദേവിത. 1,000 കോടി വിറ്റുവരവുള്ള വു ടെലിവിഷൻ കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ വിപണിയിലും ശക്തമായ സാന്നിധ്യമാണ്.
അടുത്തിടെ കൊച്ചിയിലെത്തിയ ദേവിത സരഫ് ‘
’മായി സംസാരിക്കുന്നു.
24ാം വയസിൽ ഒരു പ്രീമിയം ടെലിവിഷൻ കമ്പനി സ്ഥാപിച്ചു. ഇന്ന് 1,000 കോടി രൂപ വിറ്റുവരവുള്ള പ്രീമിയം ലക്ഷ്വറി ബ്രാൻഡ് ആണ് വു.
എന്താണ് തോന്നുന്നത്?
കമ്പനിയുടെ വളർച്ചയിൽ വളരെ സന്തോഷവും ആവേശവുണ്ട്. ഇന്ത്യയിൽ നിന്നൊരു ആഗോള ബ്രാൻഡ് എന്നതായിരുന്നു ലക്ഷ്യം.
അങ്ങനെ 24-ാം വയസിൽ ന്യൂയോർക്കിലാണ് കമ്പനി തുടങ്ങിയത്. പിന്നീട് ഇന്ത്യയിലേക്ക് വികസിപ്പിച്ചു.
ഇപ്പോൾ മധ്യേഷൻ രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നു. ആഡംബരവും സാങ്കേതികവിദ്യയും സംയോജിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം.
ഇതിനായി സ്വന്തമായി ലാബ് സജ്ജീകരിച്ചു. ഞങ്ങളുടെ ആധുനിക ഉൽപന്നങ്ങളെല്ലാം വികസിപ്പിച്ചത് സ്വന്തം ലാബിലാണ്.
40 ലക്ഷം ടെലിവിഷൻ സെറ്റുകൾ വിറ്റു കഴിഞ്ഞു. സോണി, സാംസങ്, എൽജി കഴിഞ്ഞാൽ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം ടെലിവിഷൻ ബ്രാൻഡാണ് വു.
24-ാം വയസിലാണ് കമ്പനി സ്ഥാപിക്കുന്നത്.
ഇപ്പോൾ 44 വയസായി. കമ്പനിയും താങ്കളും ഒരുമിച്ചാണ് വളർന്നത്.
എങ്ങനെയാണ് ഈ യാത്രയെ കാണുന്നത്.
രസകരമായ ചോദ്യമാണ്. വർഷങ്ങൾക്കൊണ്ട് എന്റെ സമീപനത്തിൽ എന്തെങ്കിലും വ്യത്യാസം വന്നിട്ടുണ്ടോ എന്ന ചോദ്യം കേൾക്കാറുണ്ട്.
എന്നാൽ ഞങ്ങളുടെ കമ്പനിയിലുള്ളവരോട് ചോദിച്ചാൽ അവർ പറയും കഴിഞ്ഞ 20 വർഷമായി എന്റെ സമീപനത്തിൽ ഒരു മാറ്റവും വന്നിട്ടില്ലെന്ന്. അത്ര ചെറിയ പ്രായത്തിൽ തന്നെ ഇങ്ങനൊരു കമ്പനി സ്ഥാപിക്കുമ്പോഴുണ്ടായിരുന്ന മനോഭാവം ഇപ്പോഴുമുണ്ട്.
എന്നാൽ ഈ 20 വർഷങ്ങൾ വ്യക്തിയെന്ന നിലയിൽ ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവന്നു. കാര്യങ്ങളെ സമീപിക്കുന്ന രീതിയില് മാറ്റം വന്നു, കൂടുതൽ സ്ഥിരതയും ആത്മവിശ്വാസവും ഉള്ള വ്യക്തിയായിട്ടുണ്ട്.
പ്രധാനപ്പെട്ട
മറ്റൊരു കാര്യം കമ്പനി സ്ഥാപിക്കുമ്പോൾ അത് എന്റെ ആഗ്രഹത്തിന്റെയും കാഴ്ചപ്പാടിന്റെയുമൊക്കെ പ്രതിഫലനമായിരുന്നു. എന്നാൽ ഇന്ന് ബ്രാൻഡ് എന്നത് എന്റെ ടീമിന്റെയും റീട്ടെയിൽ പങ്കാളികളുെടയും ഡിസ്ട്രിബ്യൂട്ടർമാരുടെയും കൂടിയാണ്.
ഇപ്പോഴിത് എന്റെ മാത്രം കമ്പനി എന്നു പറയാൻ പറ്റില്ല. ഇത്ര വർങ്ങളോളം ഇത്തരമൊരു ബ്രാൻഡാക്കി മാറ്റാൻ സഹായിച്ച എല്ലാവരുടേയും കൂടിയാണ്.
കഴിഞ്ഞ 20 വർഷമായി ഒട്ടേറെ പേര് ചേർന്നാണ് അത് സാധ്യമാക്കിയത് എന്ന് വിനയത്തോടെ ഞാൻ ഓർക്കുന്നു.
ബിസിനസ് പൊതുവെ പുരുഷ മേധാവിത്വമുള്ള മേഖലയായി പറയാറുണ്ട്. എങ്ങനെയാണ് ഇതിൽ സ്വന്തമായി മേൽവിലാസമുണ്ടാക്കിയതും ഇത്രകാലമായി നിലനിൽക്കുന്നതും?
ബിസിനസിലെ സ്ത്രീ, പുരുഷ കാര്യത്തിൽ എനിക്ക് വലിയ വ്യത്യാസം തോന്നിയിട്ടില്ല.
ഒരു പക്ഷേ എന്റെ കുടുംബ പശ്ചാത്തലം തന്നെയായിരിക്കാം. പിതാവ് സെനിത് കമ്പ്യൂട്ടേഴ്സിന്റെ സ്ഥാപകനാണ്.
മാതാവ് സാമ്പത്തിക വിദഗ്ധയാണ്. സഹോദരങ്ങൾ എഐ ബിസിനസിലുണ്ട്.
നമ്മുടെ വിദ്യാഭ്യാസത്തിലും വളർച്ചയിലുമെല്ലാം കുടുംബത്തിൽ നിന്നുള്ള പിന്തുണ വളരെ പ്രധാനമാണ്. ദക്ഷിണേന്ത്യയെ അപേക്ഷിച്ച് രാജ്യത്തിന്റെ വടക്ക്, പടിഞ്ഞാറൻ മേഖലകൾ കൂടുതൽ പുരുഷാധിപത്യമുള്ളതാണ്.
എന്നാല് കുടുംബത്തിൽ നിന്നു പിന്തുണ ലഭിക്കുമ്പോൾ മറ്റ് കാര്യങ്ങൾ അത്ര ബുദ്ധിമുട്ടുള്ളതല്ല.
ഈഗോയും മത്സരക്ഷമതയുമൊക്ക കൂടുതലുള്ള ടെക് പോലുള്ള മേഖലകളിൽ പുരുഷാധിപത്യം നിലനിൽക്കുമ്പോൾ തന്നെ ഒരു വനിത സംരംഭക എന്ന നിലയിൽ ഞങ്ങളുടെ ബിസിനസ് കൂടുതൽ ഉപഭോക്തൃ കേന്ദ്രീകൃതമാക്കാനും അതിൽ ക്രിയാത്മകതയും മെച്ചപ്പെട്ട സംസ്കാരവും കൊണ്ടുവരാനും കഴിഞ്ഞിട്ടുണ്ട്.
അതാണ് വുവിനെ വ്യത്യസ്തമാക്കുന്നതും. ഒരു സ്ത്രീയല്ല വു സ്ഥാപിച്ചതെങ്കിൽ ഇന്നു കാണുന്നതു പോലെ ഒരു ലക്ഷ്വറി പ്രീമിയം ബ്രാൻഡ് ആയി ഇത് മാറുമായിരുന്നില്ല എന്നു തോന്നുന്നു.
എന്തുകൊണ്ടാണ് ടിവി? ടിവി ഇന്ന് വീട്ടുപകരണമാണോ അതോ ആഡംബര വസ്തുവാണോ?
അതൊരു നീണ്ട
കഥയാണ്. കമ്പനി സ്ഥാപിച്ചപ്പോൾ ഇന്ത്യയിൽ ഒരു പ്രോഡക്ട് ഡവലപ്മെന്റ് ലാബ് ഉണ്ടാക്കാൻ ഇന്റലുമായി ചേർന്ന് പ്രവര്ത്തിച്ചിരുന്നു.
ഉൽപ്പന്നങ്ങളിലേക്ക് അത്യാധുനിക സാങ്കേതികത (ഹൈഎൻഡ് ടെക്നോളജി) എങ്ങനെ കൊണ്ടുവരാം എന്നറിയുന്നതിന്റെ ഭാഗമായി എംഐടി മീഡിയ ലാബ്, ആപ്പിൾ ഇന്നൊവേഷൻ ലാബ്, ഐഡിയോ തുടങ്ങി ലോകത്തെ പ്രധാനപ്പെട്ട ലാബുകളൊക്കെ സന്ദർശിച്ചിരുന്നു.
അങ്ങനെയാണ് ആദ്യം ഉൽപന്നം പുറത്തിറക്കിയത്.
2006ൽ ഞാൻ കമ്പനി ആരംഭിക്കുമ്പോൾ എൽഇഡി ടിവി മേഖലയിൽ സോണി, സാംസങ് തുടങ്ങിയ കമ്പനികളേയുള്ളൂ. 3 ലക്ഷം ടിവികളായിരുന്നു ഒരു വര്ഷം വിറ്റിരുന്നത്.
എന്നാൽ ഇന്ന് 1.5 കോടി ടിവിയാണ് ഇന്ത്യയിൽ ശരാശരി വിൽക്കുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്തെ നാലാമത്തെ വലിയ ആഡംബര, ഹൈ എൻഡ് ടിവി ഉൽപാദകരാവുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
ഉപഭോക്താക്കൾ തങ്ങളുടെ ജീവിതരീതിയുമായി ബന്ധപ്പെട്ട ഒരു ഉപകരണമായി ടിവിയെ കാണുമ്പോൾ തന്നെ അത് വീടിന് ഒരു അലങ്കാരം കൂടിയായി മാറുന്നു.
അതാണ് ടിവികളുടെ വലിയ തോതിലുള്ള വിൽപ്പന കാണിക്കുന്നത്.
സോണി, സാംസങ്, എൽജി പോലെ ആഗോള ബ്രാൻഡുകളുള്ള വിപണിയിലേക്കാണ് പുതിയൊരു ഉൽപ്പന്നവുമായി കടന്നു വന്നത്. എന്തായിരുന്നു ആ പ്രായത്തിലുണ്ടായിരുന്ന ആത്മവിശ്വാസം?
വമ്പൻ ബ്രാൻഡുകളുമായി മത്സരിക്കുന്നത് എനിക്കിഷ്ടമാണ്.
അതോടൊപ്പം, അവരിൽ നിന്ന് കുറെയധികം പഠിക്കാനുമുണ്ട്. ഇത്തരം ബ്രാൻഡുകളുമായി മത്സരിക്കുമ്പോൾ നമ്മുടെ ഉല്പ്പന്നത്തിനും ഒരു നിശ്ചിത ഗുണനിലവാരം നമ്മൾ ഉറപ്പാക്കും അതിനായി ഗവേഷണ കാര്യങ്ങളിലും മറ്റും (ഇന്നൊവേഷൻ) ഞാൻ ശ്രദ്ധ കൊടുത്തിരുന്നു.
ഇന്ത്യൻ ഉപഭോക്താക്കൾക്കായി ക്രിക്കറ്റ് മോഡ്, സിനിമ മോഡ്, അർമാനി ഗോൾഡ് തുടങ്ങി ഒട്ടേറെ പുതിയ ഉൽപ്പന്നങ്ങൾ അങ്ങനെ കൊണ്ടുവന്നതാണ്. അതാണ് ആഗോള ബ്രാൻഡുകളിൽ നിന്നുള്ള വ്യത്യാസം.
ഉദാഹരണത്തിന് ഇന്ത്യൻ ഉപഭോക്താക്കൾ ക്രിക്കറ്റ് കാണുന്നു.
എന്നാൽ ഈ ആഗോള ബ്രാൻഡുകൾ കൂടുതൽ കേന്ദ്രീകരിക്കുന്നത് ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ തുടങ്ങിയവയിലായിരിക്കും. ആ ടിവിയിൽ പക്ഷേ ക്രിക്കറ്റ് ബോൾ ചലിക്കുന്നത് വ്യക്തമായി കാണാൻ കഴിഞ്ഞേക്കില്ല.
എന്നാൽ നമ്മുടെ ക്രിക്കറ്റ് മോഡിൽ വേഗതയിൽ പോകുന്ന ക്രിക്കറ്റ് ബോൾ കാണാനാകും. ക്രിക്കറ്റ് മോഡിൽ കളി കാണുമ്പോൾ തേർഡ് അംപയറിന്റെ ആവശ്യം പോലും വരില്ല.
2019 ലോകകപ്പ് ക്രിക്കറ്റിന്റെ സമയത്താണ് ഞങ്ങൾ ഇത് പുറത്തിറക്കിയത്. 2024ന്റെ സമയത്ത് ശബ്ദത്തിലാണ് ശ്രദ്ധ കൊടുത്തത്.
ഇതൊക്കെ ഇന്ത്യൻ ഉപഭോക്താക്കൾക്ക് വേണ്ടി ഞങ്ങൾ കൊണ്ടുവന്ന മാറ്റങ്ങളാണ്.
ഉപഭോക്താക്കളെ ലക്ഷ്യമിട്ട് അത്രയൊന്നും പ്രോഡക്ട് ഡവലപ്മെന്റ് ലാബുകൾ ഇന്ത്യയിൽ ഇല്ല. വിദേശ കമ്പനികൾ പലപ്പോഴും ആലോചിക്കുന്നത് മെക്സിക്കോയിലോ ബ്രസീലിലോ ഒക്കെ വിൽക്കുന്ന അതേ ഉൽപ്പന്നങ്ങൾ തന്നെ ഇന്ത്യൻ വിപണിയിലും മതിയാകും എന്നാണ്.
എന്നാൽ ഇന്ത്യൻ ഉപഭോക്താക്കൾ വ്യത്യസ്തരാണ്. ഞങ്ങളുടെ പ്രീമിയം ഉൽപ്പന്നമായ മാസ്റ്റർപീസ് ടിവി അതിന് ഉദാഹരണമാണ്.
കഴിഞ്ഞ 4 വർഷമായി ഏറ്റവുമധികം വിജയിച്ച ഒന്നാണ് ഈ സീരീസിലെ ആഡംബര ടിവികൾ.
85, 98 ഇഞ്ച് ടിവികളിൽ ഏറ്റവുമധികം വിൽപ്പന നടക്കുന്നതും ഇതാണ്. ഇന്ത്യൻ പരിസ്ഥിതിക്ക് അനുസൃതമായ മനോഹരമായ രൂപകൽപ്പനയാണ് അതിന്റെ പ്രത്യേകത.
ബ്രൈറ്റ്നസ് അതിന്റെ പ്രത്യേകതയാണ്. ഇന്ത്യക്കാർ പലപ്പോഴും സൂര്യപ്രകാശം കാണാൻ ആഗ്രഹമുള്ളവരാണ്.
ടിവിക്കൊപ്പം നമ്മൾ മുറിയിലെ ട്യൂബ് ലൈറ്റും ഓൺ ചെയ്യും, സ്വാഭാവിക പ്രകാശത്തിനായി കർട്ടനുകളും മാറ്റും. അപ്പോഴും നന്നായി കാണാൻ സാധിക്കുന്ന വിധത്തിലാണ് നമ്മൾ ടിവി രൂപകൽപ്പന ചെയ്യുന്നത്.
എന്നാൽ വിദേശ ബ്രാൻഡുകളിലുള്ള പല കാര്യങ്ങളും ഇന്ത്യൻ സാഹചര്യത്തിൽ ആവശ്യമില്ലാത്തതോ വേണ്ടാത്തതോ ആണെന്നു കാണാം.
എന്താണ് കേരള വിപണിയിൽ വു ടെലിവിഷനുള്ള സ്ഥാനം?
കേരളം ഞങ്ങളുടെ വലിയ വിപണിയാണ്. ഞങ്ങളുടെ വിൽപ്പനയുടെ 15 ശതമാനവും കേരള വിപണിയിലാണ്.
പത്തു വർഷം മുമ്പു തന്നെ കേരള വിപണിയിൽ ഞങ്ങൾ ശ്രദ്ധ കൊടുത്തിരുന്നു. കൊച്ചി ബിനാലെയുടെ ആദ്യകാല സ്പോൺസർമാരിൽ ഒരാൾ കൂടിയാണ് ഞങ്ങള്.
മുംബൈയിലുള്ള എന്റെ സഹപ്രവർത്തകരോട് അന്നു തന്നെ പറഞ്ഞിരുന്നു കേരള വിപണി വലിയ തോതിൽ വികസിക്കാൻ പോവുകയാണെന്ന്.
അന്നു മുതൽ ഒട്ടേറെ റീട്ടെയിൽ കമ്പനികളുമായി ഞങ്ങൾക്ക് പങ്കാളിത്തമുണ്ട്. ക്യുആർഎസ്, നിക്ഷാൻ, പിട്ടാപ്പിള്ളി, മൈജി തുടങ്ങിയവരൊക്കെ അതിൽ ചിലതാണ്.
നന്തിലത്ത് പോലുള്ളവരുമായി സംസാരിക്കുന്നു. സോണി, സാംസങ് കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവുമധികം വിൽക്കുന്ന പ്രീമിയം ടിവി ബ്രാൻഡും വു ആണ്.
സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും 25 ശതമാനം വീതം വർധന കേരള വിപണിയിൽ ലഭിക്കുകയും ചെയ്യുന്നു. കേരളത്തിലുള്ള പങ്കാളികളുടെ സഹകരണത്തോടെ ഞങ്ങൾ ഗൾഫ് രാജ്യങ്ങളിലും ആരംഭിച്ചു.
കേരളം ഒരു ഹൈടെക് വിപണിയാണ്.
ഇവിടെയുള്ളവരുടെ ഒരു കാല് ഇന്ത്യയിലും ഒരു കാല് വിദേശത്തുമാണ്. തങ്ങളുടെ ഉൽപ്പന്നങ്ങളും ആ രീതിയിൽ മികച്ചതായിരിക്കണം എന്ന് അവർ പ്രതീക്ഷിക്കുകയും ചെയ്യും.
അത് കൊടുക്കാൻ ഞങ്ങൾക്ക് സാധിക്കുന്നു. മറ്റു സംസ്ഥാനങ്ങളിലെ ചില പ്രത്യേക സ്ഥലങ്ങളാണ് വിപണിയെങ്കിൽ കേരളം ഒരു വലിയ നഗരം പോലെയാണ്.
പുതിയ എന്തെങ്കിലും ഉൽപ്പന്നങ്ങളോ സാങ്കേതിക വിദ്യയോ ഒക്കെ കൊണ്ടുവരുമ്പോൾ ഞങ്ങളുടെ ഗേറ്റ് വേ ആണ് കേരളം.
അത് എത്രത്തോളം കേരളത്തിലെ ആളുകൾക്ക് ഇഷ്ടപ്പെടുന്നു എന്ന് നോക്കും. എന്നിട്ടാണ് മറ്റു സ്ഥലങ്ങളിലേക്ക് പോകുന്നത്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഞങ്ങളുടെ ബിസിനസിന്റെ 60 ശതമാനവും. ബെംഗളുരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ സൗകര്യങ്ങൾ ഉള്ളപ്പോൾ തന്നെ കൊച്ചി ഞങ്ങളുടെ ദക്ഷിണേന്ത്യൻ ബിസിനസിന്റെ കേന്ദ്രമാക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നു.
അത് സ്വാഭാവികമായി സംഭവിച്ച കാര്യമാണ്.
ആളുകൾ കരുതുന്നത് പ്രീമിയം ഉൽപ്പന്നങ്ങൾ വാങ്ങുന്നത് ഉത്തരേന്ത്യൻ വിപണിയിലാണ് എന്നാണ്. എന്നാൽ അത് ദക്ഷിണേന്ത്യയിലാണ്.
അവരുടെ കയ്യിലാണ് പൈസയുള്ളത്, അവരാണ് യാത്ര ചെയ്യുന്നതും ലോകം കാണുന്നതും നല്ല ഉൽപ്പനങ്ങളെക്കുറിച്ച് മനസിലാക്കുന്നതുമെല്ലാം. ഒരു സംരംഭകയെന്ന നിലയിൽ എനിക്ക് മനസിലായത് കേരളം വ്യവസായത്തിനു പറ്റിയ ഒരു സ്വർണഖനിയാണ് എന്നാണ്.
ഇവിടുത്തെ ഉപഭോക്താക്കൾ ശരിക്കും ആഗോള മനോഭാവമുള്ളവരാണ്. നല്ല ഉല്പ്പന്നങ്ങളുമായി അവർക്കരികിൽ പോയാൽ അവരതിന്റെ മൂല്യം മനസിലാക്കുകയും അതിന്റെ വില കൊടുക്കുകയും ചെയ്യും.
ഇന്ന് 1,000 കോടി രൂപ വിറ്റുവരവുള്ള കമ്പനിയാണ് വു.
എന്നാൽ മറ്റ് ഓഹരി ഉടമകളൊന്നുമില്ല?
അതെ. ഞാൻ കമ്പനിക്കായി ബാങ്ക് വായ്പ ഒന്നും എടുത്തിട്ടില്ല, പുറത്തു നിന്നുള്ള നിക്ഷേപകരുമില്ല.
പൂർണമായും എന്റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. ഇത് ലാഭകരമായി പ്രവർത്തിക്കുന്ന കമ്പനിയാണ്.
കമ്പനി ലാഭത്തിലായിരിക്കണമെന്ന് തുടക്കം മുതൽ തീരുമാനിച്ചിരുന്നു. കടം ഇല്ലാത്ത ഇന്ത്യയിലെ അപൂർവം വ്യവസായികളിൽ ഒരാളായിരിക്കും ഞാൻ.
ഇതിൽ മെച്ചവും മോശപ്പെട്ടതുമായ കാര്യങ്ങളുണ്ട്. കമ്പനി വലിയ തോതിൽ വികസിപ്പിക്കണമെങ്കിൽ ഐപിഒ വഴിയോ മറ്റോ ഞാൻ നിക്ഷേപം കൊണ്ടുവരണം.
അപ്പോൾ നമ്മൾ തേടുന്ന പങ്കാളികൾക്കും കമ്പനിയെ സംബന്ധിച്ച് കൃത്യമായ ധാരണയും കാഴ്ചപ്പാടും ഉണ്ടാവണം.
ഞാനൊരു ബിസിനസ് കുടുംബത്തിൽ നിന്നു വരുന്ന ആളാണ്. അതുകൊണ്ടു തന്നെ കമ്പനിയുടെ മൂല്യം നിർണയിക്കുകയും നിക്ഷേപം കൊണ്ടുവരികയും പോലുള്ള കാര്യങ്ങൾ അറിയാം.
എന്നാൽ കുറച്ച് ഓൾഡ് സ്കൂൾ കാഴ്ചപ്പാട് അനുസരിച്ചു തന്നെ കമ്പനിക്ക് സ്ഥിരതയും സുതാര്യതയും കൊണ്ടുവരിക എന്നതാണ് ഞങ്ങൾ ലക്ഷ്യമിട്ടത്. ‘ഹൈ എൻഡ് ഉൽപ്പന്നങ്ങൾ നിർമിക്കുന്ന ഓൾഡ് സ്കൂൾ മൂല്യങ്ങളുള്ള കമ്പനി’, അതാണ് ഞങ്ങൾ.
‘ബിസിനസ് ചെയ്യാനുള്ള പണം കിട്ടുക എളുപ്പമായിരുന്നില്ല.
അത് ഞാനൊരു സ്ത്രീ ആയതുകൊണ്ടാണോ അതോ ഈ മേഖലയിലെ പ്രശ്നങ്ങൾ കൊണ്ടാണോ എന്ന് ഒരിക്കലും പറയാൻ സാധിച്ചേക്കില്ല’ എന്ന് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. വിശദീകരിക്കാമോ
ഒട്ടേറെ വെഞ്ച്വർ കാപ്പിറ്റലിസ്റ്റുകളെ ഞാൻ കണ്ടിട്ടുണ്ട്.
എന്നാൽ വു പോലൊരു ബ്രാൻഡ് ആരംഭിക്കുന്ന കാലത്ത് ഇന്ത്യയെ ഞാൻ കണ്ടതുപോലെയായിരുന്നില്ല പലരും കണ്ടത്. അവരെ സംബന്ധിച്ചിടത്തോളം പിരമിഡിന്റെ ഏറ്റവും താഴെയുള്ള ഒന്നായിരുന്നു രാജ്യത്തെ വിപണി.
അവർ ഉല്പ്പന്നങ്ങൾ വിലകുറച്ചു കൊടുക്കാനും ബിസിനസ് വ്യാപിപ്പിക്കാനുമൊക്കെയാണ് ശ്രമിച്ചത്, അങ്ങനെ ബ്രാൻഡിൽ വെള്ളം ചേർക്കാനും.
എന്നാൽ എന്നെ മോഹിപ്പിച്ചത് പണമായിരുന്നില്ല. അന്ന് ഞാൻ നേരിട്ട
ഏറ്റവും വലിയ വെല്ലുവിളി ഇന്ത്യയുടേത് ഒരു വില കുറഞ്ഞ വിപണിയല്ല, മറിച്ച്, വളർന്നു കൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥയാണെന്ന് ബോധ്യപ്പെടുത്താനാണ്. ഇന്ത്യയിലെ പ്രീമിയം ഉപഭോക്താക്കൾ മാത്രം കുറഞ്ഞത് അഞ്ചു യൂറോപ്യൻ രാജ്യങ്ങളിലെ ജനസംഖ്യയുടെ അത്ര വരും.
ഇതൊക്കെ മനസിലാക്കിക്കുക എളുപ്പമായിരുന്നില്ല. അവർ പണം നിക്ഷേപിക്കുന്നതു കൊണ്ട് ബ്രാൻഡിനെ എനിക്ക് ഇഷ്ടമില്ലാത്ത രീതിയിൽ മാറ്റിയെടുക്കുകയും അതിൽ നിന്ന് പണം സമ്പാദിക്കുകയും ചെയ്യുക എന്നത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരുന്നു.
ആരാണ് വുവിന്റെ ഉപഭോക്താക്കൾ? പുതുതലമുറ കൂടുതലായി മൊബൈൽ ഫോണിനെ ആശ്രയിക്കുന്നു എന്നു പറയാറുണ്ട്
രണ്ടു വിധത്തിലാണ് ബിസിനസ് കാഴ്ചപ്പാട്. അതിലൊന്നാണ് ഉയർന്ന ആസ്തിയുള്ളവർ (എച്ച്എൻഇ), അഥവാ മികച്ച വരുമാനവും ചുറ്റുപാടുമൊക്കെയുള്ളവർ.
അവരെ ഉദ്ദേശിച്ചാണ് മാസ്റ്റർപീസ് പോലുള്ള ടെലിവിഷൻ. രണ്ടാമത്തേതാണ് വലിയ വിഭാഗം – ഹൈ ഏണേഴ്സ് നോട്ട് റിച്ച് യെറ്റ് (എച്ച്ഇഎൻആർവൈ).
അവർ ജീവിതത്തിൽ ഉയർച്ച ആഗ്രഹിക്കുന്നവവരാണ്. അവർക്ക് ചിലപ്പോൾ വില കൂടിയ ടിവി സ്വന്തമാക്കാൻ സാധിച്ചേക്കില്ല.
എന്നാൽ അവരെക്കൂടി ആകർഷിക്കുന്ന ഉൽപ്പന്നങ്ങൾ ഞങ്ങൾക്കുണ്ട്.
25,000 രൂപ മുതലുള്ള വു ഗ്ലോ ലെഡ് ടിവിയൊക്കെ ഈ വിഭാഗത്തിൽ വരുന്നതാണ്. എന്നാൽ എച്ച്എൻഇ വിഭാഗത്തിൽ വരുന്നവർക്കായി 98 ഇഞ്ചിന്റെ 6 ലക്ഷം രൂപ വിലയുള്ള ടിവിയുമുണ്ട്.
അതായത്, എല്ലാ വിഭാഗം ഉപഭോക്താക്കളേയും തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള ഉൽപ്പന്നങ്ങൾ ഞങ്ങൾക്കുണ്ട്. എന്നാൽ ലാഭവിഹിതം വളരെക്കുറവുള്ള 32 ഇഞ്ച് ടിവി പോലുള്ളവ ഞങ്ങൾ വിൽക്കാറില്ല, അതാണ് വിപണിയിൽ കുടുതൽ ഉള്ളതെങ്കിലും.
ഗെയിം കളിക്കുന്ന പുതുതലമുറ നോക്കുന്നത് ടിവിയുടെ റിഫ്രഷ് റേറ്റാണ്.
ഞങ്ങളുടെ മാസ്റ്റർപീസ് സീരിസിൽ 144 റിഫ്രഷ് റേറ്റുണ്ട്. വൈബ്, ഗ്ലോ ഒക്കെ ഈ വിഭാഗത്തിൽപ്പെടുന്നവരെ ഉദ്ദേശിച്ചുള്ളതാണ്.
പുറത്തു പോയി വീട്ടിൽ തിരിച്ചെത്തുന്നവർക്ക് അവരുടെ ഉറ്റ സുഹൃത്തിനെ കാണുന്നതു പോലെ ടിവി കാണാൻ കഴിയണം. പുതുതലമുറ മുഴുവൻ സമയം ഫോണിലാണെന്ന് കേൾക്കുമ്പോൾ ഞാൻ പറയാറ്, ടിവിയും മൊബൈലുമായുള്ള കൂടിച്ചേരലിനെക്കുറിച്ചാണ്.
അങ്ങനെയാകുമ്പോൾ ഒന്നിനു പകരം മറ്റൊന്നു തിരഞ്ഞെടുക്കേണ്ടി വരുന്നില്ല.
എന്താണ് വുവിന്റെ ഡിസ്ട്രിബ്യൂഷൻ തന്ത്രങ്ങൾ?
ഇന്ത്യയിൽ ആദ്യമായി ഓൺലൈൻ വഴി ടിവി വ്യാപാരം നടത്തുന്ന ആദ്യ ബ്രാൻഡ് വു ആണ്. അതിൽ നല്ല മുന്നേറ്റവുമുണ്ട്.
കേരളം പോലുള്ള വിപണിയിലേക്ക് വരുമ്പോൾ ഞങ്ങൾ കൂടുതലായി ആശ്രയിക്കുന്നത് ഇവിടെയുള്ള റീട്ടെയിൽ പങ്കാളികളെയാണ്. ഞങ്ങളുടേത് ഒരു കുടുംബ ബിസിനസാണ്.
അപ്പോൾ അത്തരം മൂല്യങ്ങളുള്ള റീട്ടെയിൽ, ഡിസ്ട്രിബ്യൂട്ടർമാരെ ലഭിക്കുന്നു എന്നതാണ് ഏറെ പ്രധാനം. അവരിലൂടെ ഒരുമിച്ച് മുന്നേറാൻ സാധിക്കുന്നു.
ഇന്ത്യയിലെ ബിസിനസ് അന്തരീക്ഷം എങ്ങനെയാണ്?
ഞാൻ യുഎസിൽ പഠിക്കുകയും അവിടെ ജോലി ചെയ്യുകയും ചെയ്ത ആളാണ്.
ഒട്ടേറെ യാത്ര ചെയ്തിട്ടുമുണ്ട്. ഇന്ത്യയിലേക്ക് വരുമ്പോൾ പറയേണ്ട
ഒട്ടേറെ കാര്യങ്ങളുണ്ട്, ഇവിടെ വലിയൊരു വിപണിയുണ്ട് എന്നത് പ്രധാനമാണ്, അത് പല രാജ്യങ്ങളിലും കാണാൻ കഴിയില്ല. മറ്റൊന്ന് ഇത് ജനങ്ങൾക്ക് പ്രാമുഖ്യമുള്ള ഒരു രാജ്യമാണ് എന്നതാണ്.
നമ്മുടെ സഹപ്രവർത്തകരായാലും ബിസിനസ് ചെയ്യുന്നവരായാലും മറ്റൊരു രാജ്യത്തും ലഭിക്കാത്ത വിധത്തിലുള്ള സ്വീകാര്യത നമുക്ക് ലഭിക്കുന്നു. ബിസിനസിനെ സഹായിക്കുന്ന വിധത്തിലുള്ള നടപടികൾ സർക്കാരും ചെയ്യുന്നുണ്ട്.
യുപിഐ, ജിഎസ്ടിയും ഇ കൊമേഴ്സും അടക്കം ഡിജിറ്റൽ മേഖലയിലെ വികാസവും മെച്ചപ്പെട്ട ബാക്ക് എൻഡ് സപ്ലൈ ചെയിനുമൊക്കെ ചേർന്നുള്ള മേഖലയിൽ രാജ്യം വളരെയധികം മുന്നേറിയിട്ടുണ്ട്.
ഇന്ത്യയിൽ സ്ത്രീകളായ ബിസിനസുകാർ സുരക്ഷിതരും വളരെ ബഹുമാനം ലഭിക്കുന്നുവരുമാണെന്ന് ഒരിക്കൽ പറയുകയുണ്ടായി?
അതെ.
സ്ത്രീകളെ ഗൗരവത്തിലെടുക്കുന്നില്ല, വീട്ടിൽ കൂടുതൽ സമയം ചിലവഴിക്കാൻ അവർക്ക് മേൽ സമ്മർദ്ദമുണ്ട് തുടങ്ങിയ കാര്യങ്ങളൊക്കെ ഇവിെട കേട്ടിട്ടുണ്ട്.
എന്നാൽ എന്റെ കാര്യത്തിലെങ്കിലും അതിൽ കുറച്ചു മാറ്റമുണ്ട്. മറ്റു പല രാജ്യങ്ങളേയും അപേക്ഷിച്ച് ഇന്ത്യയിൽ ബിസിനസ് ചെയ്യുന്ന സ്ത്രീകൾ അങ്ങേയറ്റം സുരക്ഷിതരാണ് എന്നാണ് എന്റെ അനുഭവം.
പല രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി മുതിർന്നവർ ചെറുപ്പക്കാർക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നതും സഹായിക്കുന്നതുെമാക്കെ ഇന്ത്യയിൽ വളരെ കൂടുതലാണ്.
വു പോലുള്ള ഒരു കമ്പനി സ്ഥാപിക്കണമെങ്കിലോ അതു നടത്തിക്കൊണ്ടു പോകണമെങ്കിലോ ഇവിടെ നിങ്ങൾക്ക് നിങ്ങളുടെ പ്രായമോ ജാതിയോ മതമോ ലിംഗമോ ഒന്നും തടസമാകാറില്ല. എങ്ങനെ സഹവർത്തിത്തോടെ ജീവിക്കാമെന്ന് കാലങ്ങളായി അറിയാവുന്നരാണ് നമ്മൾ.
നല്ലൊരു കമ്പനിയും തൊഴിൽ സംസ്കാരവും വളർത്തിയെടുക്കുമ്പോൾ നമ്മൾ കമ്പനി മാത്രമല്ല, രാജ്യത്തെ കൂടി വളർത്തുകയാണെന്ന് ഞാൻ സഹപ്രവർത്തകരോട് പറയാറുണ്ട്.
ബിസിനസ് കുടുംബത്തിൽ നിന്നുള്ള ആളാണ്. പിതാവ് അറിയപ്പെടുന്ന ടെക് വ്യവസായിയും.
എന്തുകൊണ്ട് കുടുംബ ബിസിനസിലേക്ക് തിരിയാതെ സ്വന്തം നിലയിൽ തുടങ്ങി
രസകരമായ കാര്യം പിതാവ് എന്റെ ബിസിനസിനൊപ്പമുണ്ട് എന്നതാണ്. സെനിത് കമ്പ്യൂട്ടേഴ്സിൽ ജോലി ചെയ്യുന്ന സമയത്ത് എന്നെയും സഹോദരങ്ങളെയും കാര്യങ്ങൾ പഠിപ്പിക്കുന്നത് അദ്ദേഹമാണ്.
ഞാൻ വു ആരംഭിച്ച ശേഷം ഒമ്പതു വർഷമാകുമ്പോഴാണ് പിതാവും ഇതിന്റെ ബിസിനസ് സാധ്യതകൾ തിരിച്ചറിയുന്നതും എന്നോെടാപ്പം ചേരുന്നതും. അന്നു മുതൽ അദ്ദേഹവുംടീമും ഞങ്ങൾക്കൊപ്പമുണ്ട്.
അദ്ദേഹം സ്ഥാപിച്ച സെനിത് കമ്പ്യൂട്ടേഴ്സ് ഇക്കാലങ്ങൾക്കിടയിൽ ടെക് ലോകത്തുണ്ടാക്കിയ ബന്ധങ്ങളും അനുഭവസമ്പത്തുമെല്ലാം ഞങ്ങൾക്ക് ഉപകാരപ്പെട്ടിട്ടുണ്ട്.
മുതിർന്നവർ പറയുന്നതു കേൾക്കണം എന്നാണ് സാധാരണ പറയാറ്. എന്നാൽ പുതുതലമുറ പറയുന്നത് മുതിർന്നവരും കേൾക്കുന്നു എന്നതാണ് ഇവിടെ പ്രധാനം.
ഇന്ത്യയിൽ ബിസിനസ് ചെയ്യുമ്പോൾ സങ്കീർണമായ വിഷയങ്ങളിൽ മുതിർന്നവർ പറഞ്ഞുതരുന്ന കാര്യങ്ങൾക്ക് വലിയ വിലയുണ്ട്. അത് ബിസിനസിൽ വളരാൻ നമ്മെ സഹായിക്കും.
എന്തു തരത്തിലുള്ള സംരംഭകയാണ്.
എങ്ങനെയാണ് കമ്പനിയിലേയും മറ്റും ഇടപെടലുകൾ?
കമ്പനി ഉടമയെന്ന നിലയിൽ ഞാൻ കണിശക്കാരിയാണ്. അതേ സമയം, മറ്റുള്ളവരുടെ കാര്യത്തിൽ ശ്രദ്ധാലുവുമാണ്.
എനിക്ക് കൃത്യമായ കാഴ്ചപ്പാടുണ്ട്, ശക്തമായ വ്യക്തിത്വവുമുണ്ട്. എന്റെ ടീമിന് കമ്പനിയോട് കൂറുണ്ടാകണമെന്ന് നിർബന്ധമുണ്ട്.
കോവിഡ് സമയത്ത് 3 മാസത്തെ ശമ്പളം ഞാൻ എല്ലാവര്ക്കും മുൻകൂറായി നൽകി. അത് സ്വന്തം കമ്പനി ആയതുകൊണ്ട് ചെയ്യാൻ സാധിച്ചതാണ്.
പുറത്തു നിന്ന് ആളുകളെ എടുക്കുന്നതിലും കൂടുതൽ താൽപര്യപ്പെടുന്നത് കമ്പനിക്കുള്ളിൽ തന്നെ ഓരോരുത്തർക്കും പ്രോത്സാഹനമടക്കം നൽകി അവരെ വളര്ത്തി എടുക്കുന്നതിലാണ്. ഞാൻ എപ്പോഴെങ്കിലും ആശങ്കപ്പെട്ടിരിക്കുന്നത് ജീവനക്കാർ കാണില്ല.
അവർക്ക് ഏതു കാര്യത്തിനും എന്നെ സമീപിക്കാം, അങ്ങനെയൊരാളാണ് ഞാൻ.
തീർച്ചയായും ഒഴിവാക്കേണ്ട ‘3 ഡി’കളെക്കുറിച്ച് മുമ്പ് പറഞ്ഞിട്ടുണ്ട്.
ഡെറ്റ് (കടം), ഡ്രഗ്സ് (ലഹരി) ഡൈവോഴ്സ് (വിവാഹമോചനം). ഇതൊന്നു വിശദമാക്കാമോ?
ഈ മൂന്നു കാര്യങ്ങളില് നിന്നും മാറി നിൽക്കണമെന്ന് മുമ്പൊരു അഭിമുഖത്തിൽ ഞാൻ പറഞ്ഞിട്ടുണ്ട്.
അതിന്റെ കാര്യം, ഒരു കമ്പനി ഉടമ, സംരംഭക എന്ന നിലയിൽ നമുക്ക് കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങയാകാൻ പറ്റില്ല. നമുക്ക് ജീവിതത്തിൽ കൃത്യമായ തിരഞ്ഞെടുപ്പുകൾ ആവശ്യമാണ്.
ആ തിരഞ്ഞെടുപ്പിനെ നാം അംഗീകരിക്കുകയും വേണം. നിങ്ങൾക്ക് എന്തെങ്കിലും നേതൃപദവിയിലെത്തണമെങ്കിൽ അതിന് സ്വന്തം വഴി കണ്ടെത്തണം.
അതിന് ഏറ്റവും ആവശ്യമായതാണ് അച്ചടക്കം.
ഒരു ക്രിക്കറ്റ് താരമോ രാഷ്ട്രീയ നേതാവോ സംരംഭകയോ ആരുമാകട്ടെ, ജീവിതത്തിൽ വിജയിക്കണമെങ്കിൽ അച്ചടക്കം ആവശ്യമാണ്. അത് ഏറ്റവും എളുപ്പത്തിൽ നഷ്ടപ്പെടുന്നത് മോശം ശീലങ്ങളിലൂടെയാണ്.
നിങ്ങൾക്ക് സാമ്പത്തിക അച്ചടക്കമില്ലെങ്കിൽ കടക്കാരനാകും, എത്താൻ ആഗ്രഹിച്ചിടത്ത് എത്താൻ സാധിക്കില്ല. ലഹരി ഉപയോഗിക്കുകയാണെങ്കിൽ അത് നിങ്ങളുടെ തലച്ചോറിനെ നശിപ്പിക്കും.
അതുപോലെ മോശം ബന്ധങ്ങളിൽ എത്തിപ്പെട്ടാൽ അത് ജീവിതത്തെ ബാധിക്കും. നിങ്ങൾ സ്വന്തം ജീവിതത്തെ നശിപ്പിക്കാതിരുന്നാൽ അത് സ്വയം സന്തോഷം നൽകും, കൂടെയുള്ളവർക്ക് അത് നല്ലൊരു മാതൃകയുമാണ്.
പ്രലോഭനങ്ങളും സമ്മർദ്ദങ്ങളുമൊക്കെ ഉള്ളപ്പോൾ തന്നെ സ്വന്തം ജീവിതത്തിന്റെ സിഇഒ ആയിരിക്കുക എന്നതാണ് പ്രധാനം.
സംരംഭകത്വമെന്നാൽ പലരും കരുതുന്നത് ബോളിവുഡ് സിനിമകളിലെ പോലെ കുറെ നാടകീയത നിറഞ്ഞതാണ് അത് എന്നാണ്. ബിസിനസിനു വേണ്ടത് നാടകീയതയല്ല, മറിച്ച് സ്ഥിരതയാണ്.
ഇത്തരം കാര്യങ്ങളൊക്കെ ഞാൻ ജീവിതത്തിൽ കർശനമായി പാലിക്കുന്നവയാണ്. അത് സ്വന്തം ജീവിതം മോശമാക്കാതിരിക്കാൻ സഹായിക്കുന്നു.
നേതൃഗുണമെന്നത് നാം നമ്മളെ എത്രത്തോളം നന്നായി നോക്കുന്നു എന്നതിൽ നിന്നു കൂടി ഉണ്ടാകുന്നതാണെന്ന് ഞാൻ കരുതുന്നു.
ഫോബ്സ് താങ്കളെ വിശേഷിപ്പിച്ചത് ‘ഇന്ത്യയുടെ മോഡൽ സിഇഒ’ എന്നാണ്. എല്ലെ മാഗസിന്റെ കവറിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
എന്താണ് മോഡലിങ്ങും ഫാഷന് താൽപര്യങ്ങളുമൊക്കെ എങ്ങനെ ഒപ്പം കൊണ്ടുപോകുന്നു?
ഇന്ത്യയിൽ ചെറുപ്പക്കാരോട് എന്താകാനാണ് ആഗ്രഹമെന്ന് ചോദിച്ചാൽ ഒരുപക്ഷേ പറയുക ബോളിവുഡ്, ക്രിക്കറ്റ് താരങ്ങൾ എന്നൊക്കെയാവും. എന്നാൽ യുഎസിലാണെങ്കിൽ മറുപടി കണക്ക് പഠിക്കണം, അല്ലെങ്കിൽ സ്റ്റീവ് ജോബ്സ് എന്നൊക്കെയാവും.
അവിെട ചെറുപ്പക്കാരെയും സംരംഭകർ സ്വാധീനിക്കുന്നു.
സ്ത്രീസഹജമായ താൽപര്യങ്ങളും ഇഷ്ടങ്ങളും ഏറെയുള്ള ആളാണ് ഞാൻ. ഇന്ത്യൻ ക്ലാസിക്കൽ നൃത്തവും ഡിസൈനിങ്ങുമെക്കെ ഇഷ്ടമാണ്.
മോഡലിങ്ങും ഫാഷനുമൊക്കെ അതുകൊണ്ടു തന്നെ എനിക്ക് സ്വാഭാവികമായി വരുന്നതും ഞാൻ ഇഷ്ടപ്പെടുന്നതുമാണ്. ഉള്ളിലെ യഥാർഥ എന്നെ ഉപേക്ഷിച്ചാൽ സന്തോഷമില്ലാതാകും.
സ്ത്രീകൾക്ക് സന്തോഷമില്ലാതായാൽ അത് എല്ലാവരേയും ബാധിക്കും. ഞാനായിത്തന്നെ ഇരിക്കുന്നത് എനിക്ക് സന്തോഷം തരുന്ന കാര്യമാണ്.
വളരെ ചെറുപ്പത്തിലേ വിജയവഴിയിലെത്തിയ ആളാണ്.
എങ്ങനെയാണ് പ്രശസ്തിയെ കൈകാര്യം ചെയ്യുന്നത്?
ജീവിതത്തിൽ ഉത്തരവാദിത്തവും അച്ചടക്കവും ഉണ്ട് എന്നതിനാൽ എന്നാണ് ആദ്യ ഉത്തരം. മോശം വാർത്തകളുടെ പേരിൽ അറിയപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
അതുപോലെ നമ്മളെ ഒരു ചടങ്ങിനോ പ്രസംഗത്തിനോ ഒക്കെ ക്ഷണിക്കുമ്പോൾ അത് ഞാൻ എത്തപ്പെട്ടിട്ടുള്ള സ്ഥാനം കൊണ്ടുകൂടിയാണ്. അതിനോട് നന്ദിയുണ്ടായിരിക്കുക.
അപ്പോൾ നമുക്ക് ബഹുമാനം ലഭിക്കും. എനിക്ക് അത് പ്രധാനമാണ്.
സോഷ്യൽ മീഡിയയുടെ കാലത്ത് സ്വകാര്യതയും സുരക്ഷയുമൊക്കെ വെല്ലുവിളിയാണ്. ഇതു രണ്ടും ഉറപ്പാക്കാറുണ്ട്.
സ്വയം നഷ്പ്പെടുത്താതെ പ്രശസ്തി കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നു. അതുപോലെ പ്രശസ്തിയും സാധാരണ ജീവിതവും ഒരുപോലെ ബാലൻസ് ചെയ്തു കൊണ്ടുപോവുന്നു.
ഒട്ടേറെ ആളുകളുമായി ഇടപെടാറുണ്ട്.
എന്താണ് ജീവിതത്തിലെ ഇഷ്ടപ്പെടുന്നതും
ഇഷ്ടപ്പെടാത്തതുമായ കാര്യങ്ങൾ?
എല്ലാക്കാലത്തും ആളുകൾക്കൊപ്പമായിരുന്നു എന്റെ ജീവിതം. പലവിധത്തിലുള്ള ആളുകൾക്കൊപ്പമായിരിക്കുന്നത് ഞാൻ ഇഷ്ടപ്പെടാറുണ്ട്.
കുടുംബമായിരിക്കാം, കൂടെ ജോലി ചെയ്യുന്നവരായിരിക്കാം, ബിസിനസുമായി ബന്ധപ്പെട്ടവരായിരിക്കാം, ആ സമയം ഞാൻ ഇഷ്ടപ്പെടുന്നു. ഞാൻ മറ്റുള്ളവർക്ക് ബഹുമാനം കൊടുക്കുന്നയാളാണ്.
അതാണ് തിരിച്ചും പ്രതീക്ഷിക്കുന്നതും. അതുപോലെ മോശം പെരുമാറ്റവും സ്വഭാവവുമൊക്കെ എനിക്ക് പെട്ടെന്ന് അസ്വസ്ഥതയുണ്ടാക്കാറുണ്ട്.
നമ്മളായിത്തന്നെ ഇരിക്കുകയും കാര്യങ്ങൾക്ക് അതിർത്തി വയ്ക്കുകയും ചെയ്യുകയും പ്രധാനമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]