പുനലൂർ ∙ കെഎസ്ആർടിസിയിൽ കൃത്യമായി ശമ്പളം ലഭിച്ചു തുടങ്ങിയപ്പോൾ ചില ജീവനക്കാർ അതു മറന്നെന്നും ജോലിചെയ്യുന്ന കുറെ മണ്ടന്മാരും ജോലി ചെയ്യാതെ നടക്കുന്ന ചില ബുദ്ധിമാന്മാരുമായി കെഎസ്ആർടിസിയെ മുന്നോട്ടുകൊണ്ടുപോകുവാൻ ബുദ്ധിമുട്ടാണെന്നും മന്ത്രി കെ.ബി.ഗണേഷ് കുമാർ. പുനലൂർ കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് പുതുതായി ആരംഭിക്കുന്ന വിവിധ സർവീസുകളുടെ ഉദ്ഘാടനവും ഡിപ്പോയുടെ നവീകരണത്തിനായി അഞ്ചു കോടി രൂപയുടെ പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
കെഎസ്ആർടിസിയിലെ പ്രതിദിനയാത്രക്കാരുടെ എണ്ണം ഒരു ലക്ഷമായി വർധിച്ചതിനോടൊപ്പം ചരിത്രത്തിലാദ്യമായി 1.19 കോടി രൂപയുടെ വരുമാനവും ലഭിച്ചു.
സംസ്ഥാനത്തെ വിവിധ ബസ് സ്റ്റേഷനുകളുടെ വികസനത്തിന് സർക്കാർ 120 കോടി രൂപ വകയിരുത്തി. കൊട്ടാരക്കര, കായംകുളം, തൃശൂർ, കൊല്ലം, ആറ്റിങ്ങൽ, എറണാകുളം, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നീ സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തികൾ ഉടൻ ആരംഭിക്കും.
പുനലൂർ, ആര്യങ്കാവ്, കുളത്തൂപ്പുഴ എന്നീ ഡിപ്പോകളിൽ കമ്പ്യൂട്ടറൈസേഷൻ നടപ്പാക്കാൻ ഭരണാനുമതിയായി. കിഴക്കൻ മലയോര പ്രദേശങ്ങളിലും തീരപ്രദേശത്തുമുള്ള യാത്രക്കാർക്ക് കൂടുതൽ മിനി ബസ് സർവീസ് ഏർപ്പെടുത്തും.
ജീവനക്കാർക്കായി ഒരു കോടി രൂപയുടെ ഇൻഷുറൻസ് പദ്ധതി നടപ്പാക്കി.
ട്രാവൽ കാർഡ് പദ്ധതിയുടെ ഭാഗമായി അഞ്ചു ലക്ഷം കാർഡുകൾ പുറത്തിറക്കും. ഡിപ്പോകളിലെ പ്രവർത്തനം മെച്ചപ്പെടുത്താനും സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാനും സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കും.
ജീവനക്കാർക്ക് ശീതീകരിച്ച വിശ്രമ മുറികൾ ഒരുക്കി. പുതുതായി ആരംഭിച്ച പല സർവീസുകൾക്കും മികച്ച പ്രതികരണം ലഭിക്കുകയാണ്.
മൂന്നാറിൽ തുടങ്ങിയ ഡബിൾ ഡെക്കർ ബസ് സർവീസിലൂടെ കെ എസ് ആർ ടി സിക്ക് ലഭിക്കുന്ന പ്രതിദിന ലാഭം 48,000 രൂപയാണെന്നും പറഞ്ഞു.
പുനലൂർ- കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് സർവീസ്, പുനലൂർ ടൗൺ സർക്കിൾ സർവീസ്, പുനലൂർ മൂന്നാർ ഫാസ്റ്റ് പാസഞ്ചർ സർവീസ്, കുളത്തൂപ്പുഴ ആര്യങ്കാവ് ഡിപ്പോകളിൽ നിന്ന് തുടങ്ങുന്ന പ്രാദേശിക സർവീസുകൾ എന്നിവയാണ് പുതുതായി ആരംഭിക്കുന്ന സർവീസുകൾ. പി.എസ്.സുപാൽ എംഎൽഎ അധ്യക്ഷത വഹിച്ചു. പുനലൂർ എഇഒ ബി.എസ്.ഷിജു, പുനലൂർ നഗരസഭ അധ്യക്ഷ കെ.പുഷ്പലത, ഉപാധ്യക്ഷൻ രഞ്ജിത്ത് രാധാകൃഷ്ണൻ,വാർഡ് കൗൺസിലർ പ്രിയ പിള്ള, യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ജി.ജയപ്രകാശ്, നഗരസഭ മുൻ അധ്യക്ഷന്മാരായ എം.എ.രാജഗോപാൽ, കെ.രാജശേഖരൻ, സിപിഎം പുനലൂർ ഏരിയ സെക്രട്ടറി പി.സജി, സിപിഐ മണ്ഡലം സെക്രട്ടറി വി.പി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]