
പാലക്കാട്: പാലക്കാട് വാളയാർ ടോൾ പ്ലാസയിൽ വൻ കുഴൽപ്പണ വേട്ട. കാറിൽ കടത്തുകയായിരുന്ന 55 ലക്ഷം രൂപയാണ് പിടികൂടിയത്. എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ വാഹന പരിശോധനക്കിടെയാണ് കുഴൽപ്പണം പിടികൂടിയത്. കോയമ്പത്തൂർ ഭാഗത്ത് നിന്ന് വന്ന കാറിൽ നിന്നാണ് രേഖകളില്ലാത്ത പണം പിടിച്ചതെന്ന് എക്സൈസ് സംഘം അറിയിച്ചു. കാറിന്റെ പിൻവശത്തെ രഹസ്യ അറയിൽ രണ്ട് ചെറിയ പ്ലാസ്റ്റിക് ചാക്കുകളിലായായിരുന്നു പണം ഉണ്ടായിരുന്നത്.
കാറിൽ ഉണ്ടായിരുന്ന കോയമ്പത്തൂർ സ്വദേശികളായ മണികണ്ഠൻ, അഭിലാഷ്, മോഹനൻ കൃഷ്ണഗുപ്ത, എന്നിവരെ വാളയാർ പൊലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം, ചെക്പോസ്റ്റുകളിലെ ക്രമക്കേടുകൾ കണ്ടെത്താൻ വിജിലൻസ് കഴിഞ്ഞ മാസം അവസാനം ഓപ്പറേഷൻ ട്രഷർ ഹണ്ട് നടത്തിയിരുന്നു. പരിശോധനയിൽ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. പാറശാല ചെക്പോസ്റ്റിൽ നിന്ന് 11,900 രൂപ കണ്ടെത്തി.
ആര്യങ്കാവിലും ഗോപാലപുരത്തും കൈക്കൂലി പണവും കണ്ടെടുത്തു. ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ നിന്ന് 6000 രൂപയും ഗോപാലപുരം ചെക്ക് പോസ്റ്റിൽ നിന്ന് 3950 രൂപയുമാണ് വിജിലൻസ് കണ്ടെത്തിയത്. വേലന്താവളം ചെക്ക്പോസ്റ്റിൽ നിന്ന് കണക്കിൽ പെടാത്ത 5700 രൂപയും വിജിലൻസ് പിടിച്ചെടുത്തു. വാളയാർ ചെക്പോസ്റ്റിൽനിന്ന് 85500 രൂപ പിഴ ഈടാക്കി. പലയിടങ്ങളിലും ഡ്യൂട്ടിക്കിടെ ഉദ്യോഗസ്ഥർ മുങ്ങുന്നതായും ഉറങ്ങുന്നതായും വിജിലൻസ് കണ്ടെത്തി.
ആര്യങ്കാവ് ചെക്ക് പോസ്റ്റിന് സമീപം ഏജന്റിൽ നിന്ന് 11950 രൂപയും വിജിലൻസ് പിടികൂടി. മൃഗസംരക്ഷണ വകുപ്പ് ചെക്പോസ്റ്റുകളിലും വിജിലൻസ് പരിശോധന നടത്തി. മൃഗസംരക്ഷണവകുപ്പിലെ ചെക്പോസ്റ്റുകളിലും ഗുരുതര ക്രമക്കേടുകളാണ് വിജിലൻസ് കണ്ടെത്തിയത്. കമ്പംമെട്ട്, ബോഡിമെട്ട്, ഇരിട്ടി എന്നി ചെക്പോസ്റ്റുകളിൽ നിന്ന് കൈക്കൂലിയായി വാങ്ങിയ പണവും കണ്ടെത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
Last Updated Sep 7, 2023, 9:49 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]