ശ്രീകൃഷ്ണപുരം∙ ഒരു മൺപാത്രം രൂപപ്പെട്ടു വരുമ്പോൾ അത് കാണാൻ നല്ല ഭംഗിയുണ്ടാകും. പക്ഷെ അത് ഓട്ടക്കലമായിരിക്കും.
പിന്നീട് തല്ലികൂട്ടിയാണ് അടിഭാഗത്തെ ദ്വാരം അടയ്ക്കുന്നത്. ഇതുപോലെ തന്നെയാണ് മൺപാത്രം ഉണ്ടാക്കുന്നവരുടെ ജീവിതവും.
പുറമേ കാണാൻ ഭംഗിയാണെങ്കിലും അടിത്തറ ശൂന്യമാണ്.അലുമിനിയം പാത്രങ്ങളുടെ ഉപയോഗം കുറഞ്ഞപ്പോൾ ആളുകൾ മൺപാത്രങ്ങൾ ഉപയോഗിക്കുന്ന ശീലം ഏറിയിട്ടുണ്ട്. ആവശ്യക്കാർ കൂടിയപ്പോൾ അതിനനുസരിച്ച് പാത്രങ്ങൾ നിർമിച്ചു നൽകാൻ കഴിയുന്നില്ല.
ഭൗതിക സഹാചര്യങ്ങളില്ലാത്തതും നിർമാണ വസ്തുക്കളുടെ ലഭ്യത കുറവുമാണ് പ്രതിസന്ധിക്കു പ്രധാന കാരണം.
ജോലിക്കു നിശ്ചിത സമയം ക്രമപ്പെടുത്താൻ കഴിയാത്ത തൊഴിൽ മേഖലയാണ് മൺപാത്ര നിർമാണം. കളിമണ്ണ് ചവിട്ടികുഴച്ച് പരുവപ്പെടുത്തലാണ് ആദ്യഘട്ടം.
ചക്രത്തിലിട്ട് പാത്രം മെനഞ്ഞെടുക്കലാണ് അടുത്തത്. പിന്നീട് അടിഭാഗം തല്ലികൂട്ടും. മൂന്ന് ദിവസം തണലിൽ ഉണക്കും.
മിനുക്കിയെടുത്ത് രണ്ടു മൂന്ന് ദിവസം ചൂളയിൽ വയ്ക്കും. ഇതിനിടയിൽ പലതും പൊട്ടി പോകും.
സൂഷ്മതയോടെ ചെയ്യേണ്ട ജോലിക്ക് പുതിയ തലമുറ കടന്നു വരുന്നില്ലെന്നതാണ് യാഥാർഥ്യം.
അതിനവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. കളിമണ്ണ് പോലും ശരിക്കും ലഭിക്കുന്നില്ല. സർക്കാർ സഹായവും കാര്യമായിട്ടില്ല.
ചോറോട്ടൂർ, ഒറ്റപ്പാലം, അമ്പലപ്പാറ, മംഗലാംകുന്ന്, പിലാത്തറ ഭാഗങ്ങളിലെ മണ്ണെടുക്കാൻ തൊഴിലാളികൾക്കുണ്ടായിരുന്നത് ഒറ്റപ്പാലത്തെ നാല് സെന്റ് പുറംപോക്ക് സ്ഥലമായിരുന്നു.
അവിടെ മണ്ണ് കഴിഞ്ഞു. ഇപ്പോൾ ദൂരസ്ഥലങ്ങളിൽ പോയാണ് മണ്ണെടുക്കുന്നത്. കുളമോ കിണറോ കുഴിച്ച മണ്ണ്, വീടിന് അസ്തിവാരം കീറിയ മണ്ണ് എന്നിവയൊക്കെയാണ് കൊണ്ടു വരിക.
ഇതിനു നൂലാമാലകൾ ഏറെയാണ്. ആരെങ്കിലും മറ്റ് കാരണങ്ങൾ കൊണ്ട് പരാതി നൽകിയാലും പൊലീസോ, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരോ എത്തി വലിയ തുക പിഴ ഈടാക്കും.
ആറങ്ങോട്ടുകര മേഖലയിൽ നിന്നും ഒരു ടെംപോയിൽ ഒരു ലോഡ് മണ്ണ് മംഗലാംകുന്ന് ഭാഗത്തെത്തിക്കണമെങ്കിൽ പതിനഞ്ചായിരത്തോളം രൂപ ചെലവ് വരും.
ചൂളയിലേക്കുള്ള ഒരു കിലോ വിറകിന് 80 രൂപയാണ് നിലവിലെ വില. ഒരു ചകിരിക്ക് ഒരു രൂപ കൊടുക്കണം.
ഒരു ചൂളയ്ക്ക് 1500 രൂപയുടെ വിറകും, 500 രൂപയുടെ ചകിരിയും ആവശ്യമുണ്ട്. അസംസ്കൃത വസ്തുക്കളുടെചെലവും, പണിക്കൂലിയും കഴിഞ്ഞാൽ ലഭിക്കുന്നത് കുറഞ്ഞ ലാഭം മാത്രം.
മൺപാത്ര നിർമാണമേഖലയിൽ അധികൃതർ ഇടപ്പെട്ടില്ലെങ്കിൽ ഓർമയാകുന്നത് വലിയൊരു കലയും സംസ്കാരവും കൂടിയാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]