കോഴിക്കോട്: ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരാഴ്ചക്കിടെ രണ്ടാമത്തെ വൻ മോഷണമാണിത്. കഴിഞ്ഞ ദിവസം മല്ലിശ്ശേരി താഴത്ത് നിന്നും 25 പവൻ ആണ് മോഷണം പോയതെങ്കിൽ ചേവരമ്പലത്ത് ഡോക്ടറുടെ വീട് കുത്തിതുറന്ന് 40 പവനാണ് കള്ളൻ കൊണ്ടുപോയത്.
മെഡിക്കൽ കോളേജിലെ അനസ്തേഷ്യ ഡോക്ടറായ ഗായത്രിയുടെ വീട്ടിലാണ് പുലർച്ചെ മോഷണം നടന്നത്. കള്ളന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു.
ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി സ്വദേശമായ തിരുവനന്തപുരത്തേക്ക് പോയതാണ് ഡോക്ടർ ഗായത്രിയും കുടുംബവും.
ഇന്ന് ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പുലർച്ചെ 1.55ന് വീടിന്റെ മതിൽ ചാടി കടന്ന കള്ളൻ, മുൻവശത്തെ വാതിൽ കുത്തിതുറന്ന് അകത്ത് കടക്കുകയായിരുന്നു.
കിടപ്പുമുറിയിലെ അലമാരയിലും മേശയിലും സൂക്ഷിച്ച 40 പവനാണ് ഇയാൾ മോഷ്ടിച്ചത്. വന്ദേഭാരത് ട്രെയിനിൽ 12 മണിക്ക് തിരിച്ച് എത്തിയപ്പോഴാണ് കവർച്ച നടന്നത് അറിഞ്ഞത്.
ഉടനെ പൊലീസിനെ വിളിച്ചു. അവരുടെ സാന്നിധ്യത്തിൽ വീട്ടിൽ കയറിനോക്കിയപ്പോഴാണ് ജ്വല്ലറി നഷ്ടമായത് അറിഞ്ഞതെന്ന് ഗായത്രി പറഞ്ഞു.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പ്രദേശത്ത് പരിശോധന നടത്തി. മോഷണം നടക്കുന്നതിന് രണ്ടാഴ്ച മുൻപ് സമീപത്തെ വീട്ടിൽ സംശയാസ്പദമായ രീതിയിൽ ഒരാളെ കണ്ടിരുന്നതായി അയൽവാസി പറഞ്ഞു.
അന്ന് പൊലീസിൽ വിവരമറിയിക്കുകയും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. അയാൾ തന്നെയാണോ ഡോക്ടർ ഗായത്രിയുടെ വീട്ടിലും മോഷണം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

