തലശ്ശേരി ∙ യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമായ അന്ത്യോദയ എക്സ്പ്രസിനും ഗരീബ് രഥ് എക്സ്പ്രസിനും തലശ്ശേരിയിൽ സ്റ്റോപ് വേണം. തലശ്ശേരിക്കാരുടെ ഏറെക്കാലമായുള്ള മുറവിളിയാണിത്.
കൊട്ടിയൂർ വൈശാഖ മഹോൽസവത്തിന് ഒരു മാസം ഇരു ട്രെയിനുകൾക്കും തലശ്ശേരിയിൽ സ്റ്റോപ് അനുവദിക്കുകയുണ്ടായി. അതു സ്ഥിരമാക്കുന്നത് തലശ്ശേരിക്കാരോട് ചെയ്യുന്ന നീതിയാണ്.
1901 ഓഗസ്റ്റ് 19നു കമ്മിഷൻ ചെയ്തതാണ് നോൺ സബർബൻ ഗ്രേഡ് 3 എ ക്ലാസിൽപ്പെട്ട തലശ്ശേരി റെയിൽവേ സ്റ്റേഷൻ.
നൂറ്റാണ്ട് മുൻപ് പാലക്കാട് ഡിവിഷനിലെ 6 എ ക്ലാസ് സ്റ്റേഷനുകളിൽ ഒന്ന്. കോഴിക്കോട് കഴിഞ്ഞാൽ അന്ന് തലശ്ശേരിയും മംഗളൂരുവിലും മാത്രമാണ് ട്രെയിനുകൾ നിർത്തിയിരുന്നത്.
എന്നാൽ നാടു പുരോഗമിക്കുമ്പോൾ റെയിൽവേ തലശ്ശേരിയെ അവഗണിക്കുകയായിരുന്നു. സൗകര്യങ്ങൾ ഒന്നൊന്നായി നഷ്ടപ്പെടുത്തി.
യാത്രക്കാരുടെ എണ്ണം വർധിക്കുമ്പോഴും ദീർഘദൂര ട്രെയിനുകൾ നിർത്താൻ റെയിൽവേ മടി കാണിക്കുന്നു.
അമൃത് ഭാരത് പദ്ധതിയിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ചു സ്റ്റേഷന്റെ മുഖം മിനുക്കുന്നുണ്ടെങ്കിലും അടിസ്ഥാന യാത്രാ സൗകര്യം നൽകാൻ തയാറാവുന്നില്ല. ഡിവിഷനിൽ വരുമാനത്തിന്റെ കാര്യത്തിൽ 8–ാം സ്ഥാനത്താണ് തലശ്ശേരി.
42 കോടിയാണ് വാർഷിക വരുമാനം. ജില്ലയുടെ ജുഡീഷ്യൽ ആസ്ഥാനവും റജിസ്ട്രേഷൻ വകുപ്പിന്റെ ജില്ലാ ആസ്ഥാനവുമാണ് തലശ്ശേരി.
കണ്ണൂർ വിമാനത്താവളം, മലബാർ കാൻസർ സെന്റർ, ആറളം സ്റ്റേറ്റ് ഫാം, ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട്, നവോദയ വിദ്യാലയം, കണ്ണൂർ ഡയറ്റ്, കൊട്ടിയൂർ ശിവക്ഷേത്രം, തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം, ജഗന്നാഥ ക്ഷേത്രം, എൻടിടിഎഫ്, കണ്ണൂർ സർകലാശാല ക്യാംപസ്, സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഉൾപ്പെടെ ഒട്ടേറെ സ്ഥാപനങ്ങളിലെത്തേണ്ടവർ ആശ്രയിക്കുന്നത് തലശ്ശേരി റെയിൽവേ സ്റ്റേഷനെയാണ്.
വയനാട് ഉൾപ്പെടെ കിഴക്കൻ മലയോരങ്ങളിലുള്ളവരും പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിക്കാരുടെയും അടുത്ത സ്റ്റേഷനും തലശ്ശേരി തന്നെ. എന്നിട്ടും വന്ദേ ഭാരത് ഉൾപ്പെടെ 23 ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പില്ല. ബെംഗളൂരുവിൽ നിന്ന് മംഗളൂരു വഴി കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന 16511/16512 ബെംഗളൂരു- കണ്ണൂർ എക്സ്പ്രസിനു തലശ്ശേരിയിൽ സ്റ്റോപ് അനുവദിച്ച് കോഴിക്കോട് വരെ നീട്ടാൻ റെയിൽവേ മന്ത്രാലയം അനുമതി നൽകി വർഷം ഒന്നു കഴിഞ്ഞെങ്കിലും ട്രെയിൻ ഇത് വരെ കോഴിക്കോട്ടേക്ക് ഓടിയില്ല.
ഇനിയെങ്കിലും റെയിൽവേ അധികൃതർ കണ്ണുതുറക്കണമെന്നാണ് തലശ്ശേരിക്കാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]