തിരുവനന്തപുരം∙ ബിഹാർ സ്വദേശികളായ നാടോടി ദമ്പതികളുടെ രണ്ടു വയസ്സുള്ള മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി വർക്കല അയിരൂർ സ്വദേശി ഹസൻകുട്ടി (കബീർ – 45) കുറ്റക്കാരനെന്ന് തിരുവനന്തപുരം അഡീഷനൽ ജില്ലാ സെഷൻസ് (പോക്സോ) കോടതി വിധിച്ചു. പീഡനമടക്കമുള്ള പോക്സോ വകുപ്പുകൾ, കൊല്ലുകയെന്ന ഉദ്ദേശ്യത്തോടെയുള്ള തട്ടിക്കൊണ്ടുപോകൽ, ഒളിപ്പിക്കൽ, വധശ്രമം തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.
ഒക്ടോബർ 3ന് ജഡ്ജി എം.പി.ഷിബു ശിക്ഷ വിധിക്കും. 2024 ഫെബ്രുവരി 18ന് അർധരാത്രി ചാക്കയിലാണു കേസിനാസ്പദമായ സംഭവം.
മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ ഉണർത്തി മിഠായി നൽകി പ്രലോഭിപ്പിച്ച പ്രതി, തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടി കരഞ്ഞപ്പോൾ വായ് ബലമായി മൂടി.
അനക്കമില്ലാതായപ്പോൾ മരിച്ചെന്നു കരുതി കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. 19 മണിക്കൂർ നീണ്ട
തിരച്ചിലിനൊടുവിൽ സമീപത്തെ റെയിൽവേ ട്രാക്കിനോടു ചേർന്ന് 500 അടി താഴ്ചയുള്ള ഓടയിൽ നിന്നാണ് കുട്ടിയെ പൊലീസ് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പൊലീസ് പതിമൂന്നാം ദിവസമാണ് ഹസൻകുട്ടിയെ പിടികൂടിയത്.
ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ സാഹചര്യ, ശാസ്ത്രീയ തെളിവുകൾ നിരത്തിയാണു പ്രോസിക്യൂഷൻ വാദിച്ചത്.
കുട്ടി പീഡനത്തിന് ഇരയായതായി വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. സംഭവദിവസം ഹസൻകുട്ടി ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്ന് കുട്ടിയുടെ തലമുടി കണ്ടെത്തിയത് കേസന്വേഷണത്തിൽ നിർണായകമായി.
സംഭവസ്ഥലത്തു നിന്നും പ്രതിയുടെ വസ്ത്രത്തിൽ നിന്നും ശേഖരിച്ച സാംപിളുകൾ ശാസ്ത്രീയ പരിശോധനയിൽ യോജിച്ചു.
വർക്കലയിൽ മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായിരുന്ന ഹസൻകുട്ടി ജാമ്യത്തിലിറങ്ങിയപ്പോഴാണ് ക്രൂരപീഡനം നടത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷൻ, ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നും സമൂഹത്തിന് ആപത്താണെന്നും വാദിച്ചു.
ഒക്ടോബർ 3നു ശിക്ഷ സംബന്ധിച്ച വാദത്തിൽ പ്രതിക്കു ജീവപര്യന്തം കഠിനതടവ് വിധിക്കണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിക്കും.
പ്രതിയെ കുടുക്കിയത് പൊലീസിന്റെ മിടുക്ക്
തിരുവനന്തപുരം ∙ പൊലീസും പ്രോസിക്യൂഷനും മികവോടെ നടത്തിയ അന്വേഷണവും വാദവുമാണ് നാടോടി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഹസൻകുട്ടിക്കു മേൽ കുരുക്കുമുറുക്കിയത്. കുഞ്ഞുങ്ങളെ ലക്ഷ്യമിട്ട് ക്രൂര പീഡനങ്ങൾ മുൻപും നടത്തിയിട്ടുള്ള ഇയാളെ കൊല്ലം ചിന്നക്കടയിൽ നിന്ന് 2024 മാർച്ച് മൂന്നിനാണ് അറസ്റ്റ് ചെയ്തത്.
പോക്സോ കേസിലും മോഷണക്കേസുകളിലുമായി ഇയാൾ മുൻപ് മൂന്നര വർഷം ജയിലിൽ കിടന്നിട്ടുണ്ട്.
പതിനൊന്നുകാരിയെ ഉപദ്രവിച്ച പോക്സോ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയതിനു പിന്നാലെയാണ് 2 വയസ്സുള്ള നാടോടി പെൺകുട്ടിയെ ചാക്കയിൽ വച്ച് ഇയാൾ പീഡിപ്പിച്ചത്.സംഭവ ദിവസം കൊല്ലത്തു നിന്ന് വർക്കലയിലേക്ക് ട്രെയിനിൽ കയറിയ ഇയാൾ ഉറങ്ങിപ്പോയതിനാൽ പേട്ട സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു.
അവിടെ നിന്ന് നടന്ന് ചാക്കയിൽ എത്തിയപ്പോഴാണ് കുട്ടിയെ കണ്ടത്. തുടർന്ന് സ്ഥലത്ത് ചുറ്റിത്തിരിഞ്ഞ ഇയാൾ കുട്ടിയെ ഉണർത്തി മിഠായി നൽകി.
പിന്നാലെ അവിടെ നിന്ന് എടുത്തുകൊണ്ടുപോവുകയായിരുന്നു.
മരിച്ചെന്നു കരുതിയാണ് കുട്ടിയെ ഓടയിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്. രാത്രി പന്ത്രണ്ടിനുശേഷം ഉറക്കമുണർന്ന പിതാവാണ് കുഞ്ഞിനെ കാണാതായതായി ആദ്യം അറിഞ്ഞത്.
പുലർച്ചെ രണ്ടരയോടെ പേട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഒരു പകൽ മുഴുവൻ തിരച്ചിൽ നടത്തിയ പൊലീസ് അന്ന് രാത്രി ഏഴരയോടെയാണു കുട്ടിയെ കണ്ടെത്തിയത്.
വഴിത്തിരിവായത് സിസിടിവി ദൃശ്യങ്ങൾ
ചാക്കയിലെ ബ്രഹ്മോസ് സ്ഥാപനത്തിൽ നിന്നു ശേഖരിച്ച സിസിടിവി ദൃശ്യങ്ങളാണ് ഹസൻകുട്ടിയെ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചത്. തുടക്കത്തിൽ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
കുട്ടിയെ കാണാതായ സമയം പ്രദേശത്തു കൂടി കടന്നുപോയ മൊബൈൽ ഫോണുകളുടെ മൂവായിരത്തോളം സിം കാർഡ് വിവരങ്ങൾ കണ്ടെത്തിയെങ്കിലും ഇവ മുഴുവൻ പരിശോധിക്കുക പ്രായോഗികമല്ലെന്നു മനസ്സിലാക്കിയതോടെ അന്വേഷണം സിസിടിവിയിൽ കേന്ദ്രീകരിക്കുകയായിരുന്നു.
ക്രൂര പീഡനത്തിനു പിന്നിൽ സ്ഥിരം കുറ്റവാളികളാകാമെന്ന നിഗമനത്തിൽ സംശയം തോന്നിയവരുടെ ദൃശ്യങ്ങൾ വിവിധ ജയിലുകളിലേക്ക് അയച്ചു. ദൃശ്യങ്ങളിലുള്ള ഹസൻകുട്ടിയെ കൊല്ലത്തെ ജയിൽ അധികൃതർ തിരിച്ചറിഞ്ഞതോടെ 30 പേരുടെ സംശയപ്പട്ടികയിൽ നിന്ന് അന്വേഷണം ഇയാളിലേക്ക് ചുരുക്കി.
പ്രതിക്ക് സ്ഥിരമേൽവിലാസമില്ല
സ്ഥിരം മേൽവിലാസമില്ലാതെ ചുറ്റിത്തിരിഞ്ഞിരുന്ന ഹസൻകുട്ടി, പതിവായി പോകുന്ന സ്ഥലങ്ങളിലെല്ലാം പൊലീസ് നിരീക്ഷണം ശക്തമാക്കി.
പൊലീസിന്റെ കണ്ണിൽപ്പെടാതിരിക്കാൻ തലമൊട്ടയടിച്ച് രൂപം മാറിയായിരുന്നു ഹസൻകുട്ടിയെ സഞ്ചാരം. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലെ ബീച്ചുകളിലും പൊതുശുചിമുറികളിലും വരെ കാത്തിരുന്ന പൊലീസ് ദിവസങ്ങളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാൾ പിടിയിലായത്.
പേട്ട
പൊലീസ് ഇൻസ്പെക്ടറായിരുന്ന കെ.ശ്രീജിത്താണ് അന്വേഷണത്തിനു നേതൃത്വം നൽകിയത്. 41 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു.
ശാസ്ത്രീയ, സാഹചര്യ തെളിവുകളുമായി ബന്ധപ്പെട്ട 62 രേഖകളും 11 തൊണ്ടിമുതലും ഹാജരാക്കി.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ്, അഭിഭാഷകയായ വി.സി.ബിന്ദു എന്നിവർ ഹാജരായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]