എല്ലായിടത്തും തിരുവോണവും ഓണാഘോഷവും തീർന്നു. എന്നാൽ ജില്ലയിൽ മാത്രം ഓണാഘോഷം അവസാനിക്കാൻ ഇനിയും സമയമുണ്ട്. ജില്ലയിൽ കന്നിയിലെ തിരുവോണം വരെ ഓണത്തിന്റെ ആഘോഷം തുടരും.
മൂന്ന് പ്രധാനആഘോഷങ്ങളാണ് ജില്ലയുടെ മൂന്ന് മേഖലകളിലാണ് ഇരുപത്തിയെട്ടാം ഓണത്തോട് അനുബന്ധിച്ചു നടക്കുന്നത്. ഇരുപത്തിയെട്ടാം ഓണത്തിനാണ് ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ കാളകെട്ട് നടക്കുന്നത്.
കാർഷികമേഖലയായ ഓണാട്ടുകരയിലെ കർഷകർ ഇന്ന് ഓണം ആഘോഷിക്കുമ്പോൾ അവരെ വിളനിലത്തിൽ സഹായിച്ച കന്നുകാലികൾക്കായി കർഷകരാഘോഷിക്കുന്നതാണ് ഇരുപത്തിയെട്ടാം ഓണം. അതേ ഇരുപത്തിയെട്ടാം ഓണനാളിലാണ് കല്ലട
ജലോത്സവം ആരവം ഉയർത്തുന്നത്. ഉത്സവങ്ങൾക്ക് തുടക്കം കുറിച്ചു ഉരുൾ മഹോത്സവവും ഇതേ ഇരുപത്തിയെട്ടാം നാളിൽ.
ഇത്തവണത്തെ കാഷ്യൂ ബ്രേക്കിൽ ജില്ലയിലെ ഈ ഓണാഘോഷങ്ങൾ നോക്കിയാലോ.
ഓച്ചിറയുടെ തലപ്പൊക്കം
ഓണാട്ടുകരയിലെ 52 കരകൾ ഒറ്റക്കരളാകുന്ന ആഘോഷം. നാട്ടിടവഴികളിലൂടെ വിസ്മയത്തിന്റെ തലപ്പൊക്കമായ് പരബ്രഹ്മസന്നിധിയിലേക്കു കടന്നുവരുന്ന ഇരുനൂറോളം കെട്ടുകാളകൾ…ഇക്കുറി ഒക്ടോബർ 3ന് ഓച്ചിറ കാളകെട്ടുത്സവം അങ്ങനെ ലക്ഷങ്ങളുടെ കണ്ണിലും മനസ്സിലും നിറയും.
കൈവെള്ളയിലും അരിമണിയിലും എഴുന്നള്ളിക്കുന്ന ചെറിയ കെട്ടുകൾ മുതൽ 72 അടി ഉയരമുള്ള കൂറ്റൻ കെട്ടുകാളകൾ വരെ എഴുന്നള്ളും. കാലഭൈരവൻ, ഓണാട്ടു കതിരവൻ, വജ്ര തേജോമുഖൻ, രൗദ്ര ബ്രഹ്മ ഋഷഭവൻ, തിരുമുഖ വേടൻ, അഘോര രുദ്ര നേത്രൻ, പ്രയാർ വടക്ക് കര ശിവപ്രിയൻ, കിണറുമുക്ക് കൊമ്പൻ, ബ്രഹ്മതേജോ മുഖൻ, ചങ്ങൻകുളങ്ങര കര, ക്ലാപ്പന കതിരോൻ എന്നിങ്ങനെ കെട്ടുകാളകളുടെ പേരുതന്നെ പ്രസിദ്ധമാണ്.
പഞ്ചലോഹം , സ്വർണം, വെള്ളി, ഉരുക്ക് എന്നിവയിൽ നിർമിച്ച കെട്ടുകാള രൂപങ്ങളും കരക്കാർ അണിനിരത്തും. 24 വനിതാ സംഘങ്ങളും കെട്ടുകാളകളെ എഴുന്നള്ളിക്കും.
‘ഓണം ഊട്ടും കര’
കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളാണ് ഓണാട്ടുകരയെന്ന് അറിയപ്പെടുന്നത്. ‘ഓണം ഊട്ടും കര’ യാണത്രെ പിന്നീട് ഓണാട്ടുകരയായി മാറിയത്.
ഇവിടത്തെ ഉത്സവങ്ങൾ ആരംഭിക്കുന്നതും സമാപിക്കുന്നതും പരബ്രഹ്മ സന്നിധിയിലാണ്. 28ാം ഓണത്തോടെ ഉത്സവങ്ങൾ ആരംഭിച്ച് മിഥുനത്തിലെ ഓച്ചിറക്കളിയോടെ സമാപിക്കും എന്നാണു വിശ്വാസം.
ഓണാട്ടുകരക്കാർക്ക് കൃഷിയുമായി ബന്ധപ്പെട്ട് 3 ഓണങ്ങളാണുള്ളത്. കർക്കടകത്തിലെ പിള്ളേരോണം, ചിങ്ങത്തിലെ വിളവെടുപ്പിനു ശേഷമുള്ള തിരുവോണം, കർഷകരെ കൃഷിയിൽ സഹായിച്ച ഉരുക്കളുടെ ഓണമായ കന്നിയിലെ 28ാം ഓണം.
കാർഷിക പാരമ്പര്യത്തിന്റെ ആഘോഷമാണ് കാളകെട്ടുത്സവം. കൃഷിയിൽ കർഷകരെ സഹായിച്ച കാളകൾ (ഉരുക്കൾ) സംരക്ഷിക്കപ്പെടണം എന്ന സന്ദേശവും വിശ്വാസവും ഇഴചേർന്ന ഉത്സവം.
കൃഷിക്ക് നിലം ഒരുക്കുമ്പോഴും കൃഷി ഇറക്കുമ്പോഴും വിളവെടുക്കുമ്പോഴും കർഷകർ പരബ്രഹ്മ സന്നിധിയിലെത്തി ‘ഓച്ചിറ വല്യച്ഛൻ ‘ എന്ന പരബ്രഹ്മ മൂർത്തിയോട് അനുവാദം വാങ്ങി കാണിക്ക സമർപ്പിക്കുമായിരുന്നു. കന്നിമാസത്തെ തിരുവോണ നാളിൽ കന്നുകാലികളെ കുളിപ്പിച്ച് മാലയും കുങ്കുമവും ചന്ദനവും ചാർത്തി മധുരം നൽകി പുലർച്ചെ പരബ്രഹ്മസന്നിധിയിൽ എഴുന്നള്ളിക്കും.
വൈകിട്ട് ഋഷഭ വീരന്റെ രൂപങ്ങളെ തടിയിലും വൈക്കോലിലും നിർമിച്ചു പട്ട് കൊണ്ട് അലങ്കരിച്ച് ആർപ്പുവിളികളോടെ തോളിലേറ്റി എഴുന്നള്ളിച്ചിരുന്നു. ഈ ചടങ്ങാണ് ഇപ്പോൾ കാളകെട്ടുത്സവമായി പരിണമിച്ചത്.
ഒരുമയുടെ ഉത്സവം
ഇന്നും ഐക്യത്തോടെ, മതസൗഹൃദത്തോടെയാണു കെട്ടുത്സവം നടക്കുന്നത്. ഓരോ കരകളിലെയും കെട്ടുകാളകളെ നിർമിക്കുന്ന സ്ഥലമായ കാളമൂട്ടിൽ, നിർമാണം തുടങ്ങുന്ന ദിനം മുതൽ അന്നദാനം ആരംഭിക്കും.
അന്നം ബ്രഹ്മം എന്ന സങ്കൽപ്പത്തിൽ ഓണാട്ടുകരയിൽ കൃഷി ചെയ്യുന്ന വിളകൾ ഉപയോഗിച്ചു കഞ്ഞിയും മുതിര, കറി, അച്ചാർ, പപ്പടം എന്നിവയൊരുക്കും. വൈകിട്ടു പുഴുക്കു വിതരണവും പായസ സദ്യയും നടത്തും.
ഉത്രാടദിനം മിക്ക കാളമുട്ടിലും ഉത്രാട സദ്യയും നടത്തും.
ചില കരക്കാർ കാളമൂട്ടിൽ ശിവപുരാണ യജ്ഞം നടത്തും. എല്ലാ കരയിലും വിവിധ കലാപരിപാടികളും സമ്മേളനങ്ങളും പ്രഭാഷണങ്ങളും നടത്തും.
കാളകെട്ടിലെ വിവിധ ഘട്ടങ്ങൾ:
ആദ്യം കാള മുട്ടിൽ കെട്ടുകാളയുടെ നിർമാണത്തിനുള്ള പന്തൽ നിർമാണം.
തുടർന്നു ചട്ടം കൂട്ടൽ, കോൽ കെട്ട്, കച്ചി കെട്ട്, വയ്ക്കോലിൽ കെട്ടുകാളയുടെ ഉപ്പുടി നിർമാണം, ചാക്ക് പൊതിയൽ, തുണി പൊതിയൽ, പട്ട് ഉടുപ്പിക്കൽ, ശിരസ് ഉറപ്പിക്കൽ, കൂടമണി മാല അണിയിക്കൽ, വർണ കടലാസിൽ നിർമിച്ച വിവിധ അലങ്കാരങ്ങൾ അണിയിക്കൽ, നെറ്റിപ്പട്ടവും ജീവിതയും ആലവട്ടവും വെൺചാമരങ്ങളും മുത്തു കുടകളും അണിയിക്കൽ. നിറപറ സമർപ്പണം, മാല ചാർത്തൽ.
കാളകൾക്ക് പഞ്ചവർണം, 15 ഭാഗങ്ങൾ
നോട്ടത്തിൽ കണ്ണുടക്കുന്ന കാളകളുടെ ശിരസുണ്ടാക്കുന്നത് നല്ല ഉശിരൻ ഊറാവോ, ഏഴിലംപാലയോ കൊണ്ട്.
വെള്ള, കറുപ്പ്, ചുവപ്പ്, മഞ്ഞ, പച്ച എന്നിങ്ങനെ പഞ്ചവർണങ്ങൾ ഉപയോഗിച്ചാവും കാളത്തലകൾക്ക് നിറം പകരുക. കണക്കും കലയും ഒന്നിക്കുന്ന നിർമിതിയിൽ പട്ടും അലങ്കാരങ്ങളും നെറ്റിപ്പട്ടവും മാറ്റിയാൽ ഉള്ളത്ചക്രം, കുറ്റിക്കോൽ,മുട്ടുവല്ലഴി, വല്ലഴി, ഉലവുപടി, കാൽ, മുരുത്തുകോൽ, പള്ളക്കോൽ, നാഴി, കഴത്തുകോൽ, കഴുത്തുമുരിത്ത്, പള്ളമുരിത്ത്, അങ്കപ്പലക, കർണക്കോൽ, തല എന്നിങ്ങനെ 15 ഭാഗങ്ങൾ.
30 അടിക്കു മേലെ ഉള്ള എല്ലാകാളകൾക്കും ഒരു കോൽ ( ഇരുപത്തിയൊൻപതേകാൽ ഇൻച്)ആണ് ചക്രത്തിന്റെ ഉയരം.
എട്ടുമുടിക്കായൽതീരത്തെ ഉരുൾ വഴിപാട്
ഇരുപത്തിയെട്ടാം ഓണത്തിന് അഷ്ടമുടി വീരഭദ്ര ക്ഷേത്രത്തിൽ നടക്കുന്ന ഉരുൾ വഴിപാട് കൊല്ലത്തിന്റെ ഒരു ‘ലാൻഡ് മാർക്ക്’ ആണ്. ‘എട്ടുമുടിക്കായലിൽ’ മുങ്ങിക്കുളിച്ച്, രാപകൽ ഭേദമില്ലാതെ ആയിരങ്ങൾ നടത്തുന്ന ശയന പ്രദക്ഷിണം, മനുഷ്യർക്ക് മാത്രമല്ല, ഉരുക്കൾക്കു വേണ്ടിക്കൂടിയാണ്.
ഇങ്ങനെയൊരു നേർച്ചയുത്സവം മറ്റൊരിടത്തും ഉണ്ടാകില്ല. ഉരുൾ വഴിപാട് എന്നു തുടങ്ങി എന്നൊന്നും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല.
എന്നാൽ ഐതിഹ്യത്തിന് ദക്ഷനിഗ്രഹത്തോളം പഴക്കമുണ്ട്. ദക്ഷനിഗ്രഹം കഴിഞ്ഞ്, രൗദ്രാവതാരങ്ങളായ വീരഭദ്രനും ഭദ്രകാളിയും ഭൂതഗണങ്ങളും ത്രിവേണി സംഗമമായ അഷ്ടമുടക്കായലിൽ മുങ്ങിക്കുളിച്ച്, പാപമോചനത്തിനു മണൽപ്പരപ്പിൽ കിടന്നുരുണ്ടതിന്റെ ഓർമയാണ് ഉരുൾ വഴിപാട്.
സർവ ഐശ്വര്യത്തിനും നാൽക്കാലികളുടെ രോഗ ശാന്തിക്കുമാണ് വഴിപാട്. ശിവന്റെ ജഡ എട്ടായി പിളർന്നു വീണിടത്ത് എട്ടുമുടികളുമായി അഷ്ടമുടിക്കായൽ രൂപം കൊണ്ടു എന്നാണ് ഭക്തരുടെ വിശ്വാസം.
ഇതിന്റെ തീരത്താണ് തെക്കോട്ട് ദർശനമായി വീരഭദ്ര ക്ഷേത്രം. വീരഭദ്രൻ ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന സങ്കൽപത്തിൽ ശ്രീകോവിലിനു മേൽക്കൂര ഒഴിവാക്കിയിട്ടുണ്ട്. സമീപത്ത് തൃക്കരുവയിൽ വടക്കേട്ട് ദർശനമായി ഭദ്രകാളി ക്ഷേത്രം.
ഇരുപത്തിയെട്ടാം ഓണത്തിനാണ് പ്രാധാന്യമെങ്കിലും തലേന്ന് തന്നെ ഉരുൾ നേർച്ച ആരംഭിക്കും. ഘോഷയാത്രയ്ക്കും പ്രത്യേകതയുണ്ട്.
വീരഭദ്ര സ്വാമിയുടെ ആയുധമായ ദണ്ഡ് ആണ് എഴുന്നള്ളിക്കുന്നത്. വീരഭദ്രന്റെ സഹോദരിയായ തൃക്കരുവ ഭദ്രകാളി ക്ഷേത്രത്തിൽ നിന്നു ഉത്സവം തുടങ്ങുന്നതിന്റെ തലേന്ന് താലപ്പൊലിയുടെ അകമ്പടിയോടെ ദണ്ഡ് ഘോഷയാത്ര.
ഉത്സവം കഴിയുമ്പോൾ ദണ്ഡ് തിരികെ ഭദ്രകാളി ക്ഷേത്രത്തിൽ കൊണ്ടുവരും. വാങ്ങാം, കമ്പിളിനാരങ്ങ
നാരക കുടുംബത്തിലെ ഏറ്റവും വലിപ്പമുള്ള കമ്പിളി നാരങ്ങയുടെ വിൽപനയും ഉരുൾ നേർച്ച ഉത്സവത്തിന്റെ പ്രത്യേകതയാണ്.
ഇതിന്റെ പുളിയും മധുരവും ചേർന്ന രുചിയറിയാതെ മടങ്ങുന്നവർ ചുരുക്കം. ലോഡ്കണക്കിനു കമ്പിളി നാരങ്ങകളാണു വിറ്റഴിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും മറ്റുമാണു കമ്പിളി നാരങ്ങ എത്തുന്നത്.
കരിമ്പ് വിൽപനയും ഇതുപോലെയാണ്. വിപുലം കാർഷിക വ്യാപാര മേള
കാർഷിക വിപണന മേളയും ഉരുൾ വഴിപാടിന് ഒപ്പമുണ്ട്.
കൃഷിക്ക് ആവശ്യമായ ഏത് ഉപകരണവും ഇവിടെ ലഭിക്കും. വട്ടിയും കുട്ടയും മുറവും നാഴിയും പറയും മാത്രമല്ല, അടുക്കളയിൽ ഉപയോഗിക്കുന്ന തനി നാടൻ ഉപകരണങ്ങളെല്ലാം മേളയിലുണ്ടാകും.
ഇത്ര വിപുലമായ, വൈവിധ്യമാർന്ന, കാർഷിക മേള ജില്ലയിലെ ഉത്സവ സ്ഥലങ്ങളിൽ വിരളം. അഷ്ടമുടിക്കായലിന്റെ സൗന്ദര്യം പോലെയാണ് ഈ ഉത്സവം; എട്ടുമുടികളും നിറയുന്ന കാഴ്ച.
ആവേശത്തിന്റെ തുഴയെറിഞ്ഞ്
മൺറോത്തുരുത്ത്, കിഴക്കേ കല്ലട, പടിഞ്ഞാറേ കല്ലട
പഞ്ചായത്തുകളുടെ ഉത്സവമായ കല്ലട ജലോത്സവം തെക്കൻ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ജലമേളകളിൽ ഒന്നാണ്.
എല്ലാ വർഷവും ഇരുപത്തിയെട്ടാം ഓണത്തിനാണു (കന്നിമാസത്തിലെ തിരുവോണം നാൾ) കല്ലട ജലോത്സവം നടക്കുന്നത്.
വാഴക്കുലയ്ക്കു വേണ്ടി
1978 ൽ ഒരു വാഴക്കുല സമ്മാനമായി നൽകി തുടങ്ങിയതാണു കല്ലട
ജലോത്സവം. കോതപുരം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന കല്ലട
ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആണ് ആദ്യമത്സരം നടത്തിയത്. അഷ്ടമുടിയിലെ വീരഭദ്ര സ്വാമി ക്ഷേത്രം പോലെ മൺറോത്തുരുത്ത് കിടപ്രത്തും വീരഭദ്ര സ്വാമി ക്ഷേത്രമുണ്ട്.
അവിടെയും 28-ാം ഓണത്തിന് ഉരുൾ നേർച്ച നടത്താറുണ്ട്. ആദ്യകാലത്തു മൺറോത്തുരുത്തിൽ റോഡുകൾ ഒന്നും ഇല്ലായിരുന്നു.
എല്ലാ വീടുകളിലും ഒരു വള്ളമെങ്കിലും കാണും. ഉരുൾ നേർച്ചയ്ക്ക് എത്തിയ ക്ലബ് അംഗങ്ങൾ ക്ഷേത്രത്തിൽ വന്നവരെയും പ്രദേശവാസികളെയും പങ്കെടുപ്പിച്ചാണ് ആദ്യത്തെ വള്ളംകളി നടത്തിയത്.
കണ്ണംകാട്ട് പാലത്തിൽ നിന്നു താഴേക്ക് കയറിൽ കെട്ടിയിട്ട വാഴക്കുലയ്ക്കും മുണ്ടിനും വേണ്ടിയാണു തുഴയെറിഞ്ഞിരുന്നത്.
ആദ്യകാലങ്ങളിൽ ഇങ്ങനെ തന്നെ മത്സരം തുടർന്നു. പിന്നീട് വലിയ വള്ളങ്ങൾ വാടകയ്ക്ക് എത്തിച്ച് മത്സരം വിപുലീകരിക്കുകയായിരുന്നു.
കല്ലട ജലോത്സവത്തിലേക്ക്
1992 ഓടെയാണ് കല്ലട
ജലോത്സവം എന്ന പേരിൽ ജനകീയ കമ്മിറ്റിയുടെ നേതൃത്തിൽ മത്സരം സംഘടിപ്പിച്ചത്. ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ആയിരുന്ന കല്ലട
സുകുമാരൻ വക്കീൽ ആയിരുന്നു ആദ്യ ജനറൽ കൺവീനർ. നാട്ടുകാരിൽ നിന്ന് പിരിവെടുത്ത് വലിയ വള്ളങ്ങൾ മത്സരത്തിനെത്തിച്ചു.
കണ്ണംകാട്ട് പാലത്തിന് പടിഞ്ഞാറ് നടത്തിയിരുന്ന മത്സരം മുതിരപറമ്പ് മുതൽ കാരൂത്ര കടവ് വരെയുള്ള നെട്ടയത്തിലേക്ക് മാറ്റിയതും അന്നു മുതലാണ്. കല്ലടയാറ്റിൽ 1,400 മീറ്ററാണ് നെട്ടയത്തിന്റെ ദൂരം.
സ്റ്റാർട്ടിങ് പോയിന്റ് മുതൽ ഫിനിഷിങ് പോയിന്റ് വരെ നേർരേഖ പോലെ കിടക്കുന്ന മറ്റൊരു നെട്ടയം കേരളത്തിൽ ഇല്ല. ചമ്പക്കുളത്ത് നിന്ന് ആരംഭിക്കുന്ന വള്ളംകളി സീസണ് അവസാനമാകുന്നത് കല്ലട
ജലോത്സവത്തോടെയായിരുന്നു.
കൂടുതൽ ജനപ്രീതിയിലേക്ക്
2006 ൽ എം.എ.ബേബി സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് കല്ലട ബോട്ട് റേസ് സൊസൈറ്റി രൂപീകരിച്ച് ജലോത്സവത്തെ മറ്റൊരു തരത്തിലേക്ക് എത്തിച്ചു.
ജില്ലാ കലക്ടറായിരുന്നു ചെയർമാനും തഹസീൽദാർ ജനറൽ കൺവീനറുമായി. തുടർന്ന് കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്ര ഫണ്ടും സ്പോൺസർമാരെയും കണ്ടെത്തി നൽകിയതും വള്ളംകളി വിപുലീകരിക്കാൻ സഹായിച്ചു. തുഴച്ചിൽകാരുടെ വാശിയും വള്ളങ്ങളുടെ എണ്ണവും ജനപങ്കാളിത്തവും കല്ലട
ജലോത്സവത്തെ നെഹ്റു ട്രോഫി വള്ളംകളിക്കൊപ്പം എത്തിച്ചു. സ്വദേശികളും വിദേശികളുമായി പതിനായിരക്കണക്കിന് കാണികളാണ് കല്ലടയാറിന്റെ ഇരുകരകളിലും എത്തിച്ചേരുന്നത്.
2011, 2012, 2013 വർഷങ്ങളിൽ 16 ചുണ്ടൻ വള്ളങ്ങൾ മത്സരിച്ചു. നെഹ്റു ട്രോഫി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും പ്രധാന വള്ളംകളി ഇതായിരുന്നു. നിലവിലെ കല്ലട
ജലോത്സവം
2017 ഓടെ കല്ലട ബോട്ട് റേസ് സൊസൈറ്റി നടത്തി വന്ന ജലമേള അവസാനിച്ചു.
2018 ലെ പ്രളയം കാരണം വള്ളംകളി നടന്നില്ല. 2019ൽ സംസ്ഥാനത്തെ വള്ളംകളികൾ എല്ലാം ചേർത്ത് ആരംഭിച്ച ചാംപ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) വന്നതോടെ 28-ാം ഓണനാളിലെ കല്ലട
ജലോത്സവം ഇല്ലാതായി. ആദ്യമൊക്കെ ലീഗ് മത്സരത്തിൽ ജനങ്ങളെ പങ്കെടുപ്പിച്ചെങ്കിലും കോവിഡ് കാലത്ത് നിർത്തിയ സിബിഎൽ പുനരാരംഭിച്ച ശേഷം പ്രദേശവാസികളുടെ മത്സരം നടക്കാതെയായി. പിന്നീട് 2023 ൽ കല്ലട
ജലോത്സവം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പൊതുജനങ്ങളെ പങ്കെടുപ്പിച്ച് 28-ാം ഓണത്തിന് വള്ളംകളി നടത്തി. 2024 ൽ മൺറോത്തുരുത്ത് പഞ്ചായത്ത് മുൻകൈയെടുത്ത് വള്ളംകളി നടത്തി.
എന്നാൽ സിബിഎൽ നടന്നില്ല. ഈ വർഷവും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 3ന് 28-ാം ഓണ നാളിൽ കല്ലട
ജലോത്സവം നടക്കും. ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ പങ്കെടുപ്പിക്കാനാണ് സംഘാടകർ ശ്രമിക്കുന്നത്.
നവംബർ 29ന് സിബിഎല്ലിന്റെ ഭാഗമായുള്ള വള്ളംകളിയും നടക്കും. അങ്ങനെ വന്നാൽ രണ്ട് ജലോത്സവങ്ങൾ നടക്കുന്ന ഏക നെട്ടയമായി മാറും കല്ലട.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]