പുനലൂർ ∙ കയ്യും കാലും ചങ്ങലകൾ കൊണ്ട് ബന്ധിച്ച് റബർ മരത്തിൽ പൂട്ടിയ നിലയിൽ കണ്ടെത്തിയ അംഗപരിമിതന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഇനിയും ആളിനെ തിരിച്ചറിയാനായില്ല. രണ്ടു പേരുടെ പേരുകൾ അന്വേഷണ സംഘത്തിനു മുന്നിൽ വന്നിട്ടുണ്ടെങ്കിലും സ്ഥിരീകരണം ലഭിച്ചിട്ടില്ല.
റൂറൽ സൈബർ സെൽ പൊലീസും അന്വേഷണ രംഗത്തുണ്ട്. കേരളം, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലെ കാണാതാകൽ കേസുകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
പുനലൂർ പൊലീസ് സബ് ഡിവിഷന്റെ അധിക ചുമതല വഹിക്കുന്ന ഡിവൈഎസ്പി ടി.ആർ.ജിജുവും പുനലൂർ, ഏരൂർ എസ്എച്ച്ഒമാരും അടങ്ങുന്ന 20 പേരുടെ സംഘം അതത് ദിവസം പുനലൂർ ഡിവൈഎസ്പി ഓഫിസിൽ വൈകിട്ട് അവലോകനയോഗം ചേർന്ന് അന്വേഷണ പുരോഗതി ഏകോപിപ്പിക്കുന്നുണ്ട്.
കൃത്യം നടത്താൻ തദ്ദേശവാസികളുടെ സഹായം അനിവാര്യമായിരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പിറവന്തൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് അന്വേഷണം നടത്തി. ഏതാനും പേരെ നിരീക്ഷണത്തിലാക്കിയിട്ടുമുണ്ട്.
മുക്കടവിലെ കടയിലെ തമിഴ്നാട് സ്വദേശിയായ ജീവനക്കാരൻ കാന്താരി പറിക്കാൻ തോട്ടത്തിൽ പോയപ്പോഴാണ് തോട്ടത്തിൽ ചങ്ങലയിൽ കെട്ടിയിട്ടിരിക്കുന്ന നിലയിൽ വികൃതമായ മൃതദേഹം കണ്ടത്. മുക്കടവ് പ്രദേശവും തമിഴ്നാടുമായുള്ള ബന്ധവുമായുള്ള പ്രാധാന്യം കണക്കിലെടുത്താണ് ഇന്നലെയും അതിർത്തി ഭാഗങ്ങളിൽ അന്വേഷണം നടന്നത്.
ആദ്യഘട്ടത്തിൽ കീറിയബാഗ്, ഒരു കത്രിക, കന്നാസ്, കുപ്പി എന്നിവ മാത്രമായിരുന്നു കണ്ടെത്തിയിരുന്നത്.
കൊലചെയ്യപ്പെട്ട ആളിനെ തിരിച്ചറിയാതിരിക്കുന്നതിനും തെളിവുകൾ പൂർണമായി നശിപ്പിക്കുന്നതിനും മൃതദേഹം വിവസ്ത്രമാക്കി രാസലായനിയോ ഇന്ധനമോ ഉപയോഗിച്ച് തീപ്പൊള്ളൽ ഏൽപ്പിക്കുക കൂടി ചെയ്തതോടെ കൊലപാതകം വ്യക്തമായ ആസൂത്രണത്തോടെ ചെയ്തതാകാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. അന്വേഷണത്തിന് സഹായകരമായ വിവരങ്ങൾ 9497960669 എന്ന നമ്പരിൽ അന്വേഷണ സംഘത്തിന്റെ തലവനായ ഡിവൈഎസ്പിയെ അറിയിക്കാം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]