കരകുളം ∙ തിങ്കളാഴ്ച വൈകിട്ട് 5 ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം നടത്താനിരുന്ന റോഡിന്റെ വശം കനത്ത മഴയിൽ ഒലിച്ചു പോയി. ഇതോടെ റോഡ് അപകടാവസ്ഥയിലായി.5.5 കോടി രൂപ വിനിയോഗിച്ച് ആധുനിക നിലവാരത്തിൽ ടാറിങ് നടത്തി നവീകരിച്ച കരകുളം–മുല്ലശ്ശേരി–വേങ്കോട് റോഡിൽ പ്ലാത്തറ ഭാഗത്താണ് സംഭവം.
വ്യാഴാഴ്ച പെയ്ത ശക്തമായ മഴയിൽ മഴവെള്ളം കുത്തിയൊലിച്ച് എത്തിയതിനെ തുടർന്നാണ് ടാറിങ്ങിനോട് ചേർന്ന് മണ്ണ് ഒലിച്ചുപോയത്.
ബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന റോഡ് അപകടാവസ്ഥയിലായ വിവരം രാവിലെയാണ് ശ്രദ്ധയിൽപെട്ടത്. റോഡിന്റെ വശത്ത് മുൻപ് തന്നെ പൊതുമരാമത്ത് അധികൃതർ മുന്നറിയിപ്പിനായി ടാറിങ് വീപ്പകൾ വച്ചിരുന്നു.
ഉടനടി സംരക്ഷണ ഭിത്തി നിർമിച്ചില്ലെങ്കിൽ ടാറിങ്ങും തകർന്ന് വീഴും. റോഡിന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി ജി.ആർ.അനിൽ അധ്യക്ഷനാകും എന്നാണ് അറിയിച്ചിരിക്കുന്നത്.
റോഡിന്റെ നിർമാണ വേളയിൽ ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തി നിർമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും അത് അവഗണിച്ചാണ് നവീകരിച്ചതെന്നും നാട്ടുകാർ പറഞ്ഞു.ടാറിങ് തകരാതിരിക്കാൻ ചാക്കിൽ മണ്ണ് നിറച്ച് ഉടൻ ഇവിടെ വയ്ക്കുമെന്നും ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് സംരക്ഷണഭിത്തി നിർമിക്കുമെന്നും നെടുമങ്ങാട് പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.ഉദ്ഘാടനത്തിന് മാറ്റമില്ലെന്നും 80 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ചീഫ് എൻജിനീയർക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രി ജി.ആർ.അനിലിന്റെ ഓഫിസ് അറിയിച്ചു.
വെള്ളക്കെട്ടുകളുടെ നഗരം
തിരുവനന്തപുരം ∙ ഒരു രാത്രി മുഴുവൻ നീണ്ട
കനത്ത മഴയിൽ നഗരത്തിൽ 14 സ്ഥലങ്ങളിൽ വെള്ളക്കെട്ട്. ചാലയിൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി ലക്ഷങ്ങളുടെ നഷ്ടം.
കോടികൾ മുടക്കി പുനർ നിർമിച്ച കിള്ളിപ്പാലം– അട്ടക്കുളങ്ങര, എസ്എസ് കോവിൽ റോഡുകളിൽ വെള്ളം പൊങ്ങി. കരമന, കിള്ളിയാറുകൾ കര തൊട്ട് ഒഴുകിയത് വശങ്ങളിൽ താമസിക്കുന്നവരെ ഭീതിയിലാഴ്ത്തി.
ഇന്നലെ ഉച്ചയ്ക്ക് മഴ മാറിയ ശേഷമാണ് വെള്ളക്കെട്ട് ഒഴിവായത്.വ്യാഴാഴ്ച വൈകിട്ടാണ് മന കനത്തു തുടങ്ങിയത്.
ചാക്ക ജംക്ഷൻ വെള്ളത്തിൽ മുങ്ങി. വള്ളക്കടവ് കാരാളി പ്രദേശത്തും വെളളക്കെട്ട് ഉണ്ടായി.
കുര്യാത്തി ഗംഗാ നഗർ, യമുനാ നഗർ എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡ് മണിക്കൂറുകളോളം വെള്ളത്തിൽ മുങ്ങി. പെരുന്താന്നി, ആറന്നൂർ എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
എന്നാൽ നഗരത്തിൽ കാര്യമായ നാശനഷ്ടങ്ങളില്ലെന്ന് അധികൃതർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]