തൃശൂർ∙ ദേശീയപാത അടിപ്പാത നിർമാണം നടക്കുന്ന ചിറങ്ങരയിലും മുരിങ്ങൂരിലുമായി ഇതിനകം മാറ്റി സ്ഥാപിച്ചത് 25 സ്ലാബുകളാണ്. മുരിങ്ങൂരിൽ സ്ലാബ് തകർന്നു കാനയിൽ വീണ സ്കൂട്ടർ യാത്രികനു ഗുരുതരമായി പരുക്കേറ്റിരുന്നു. ചിറങ്ങരയിൽ സ്ലാബ് തകർന്നപ്പോൾ മാറ്റി സ്ഥാപിക്കാൻ കലക്ടർ അർജുൻ പാണ്ഡ്യൻ നിർദേശിച്ചിരുന്നു.
പകരം സ്ഥാപിച്ചത് മറ്റു സ്ലാബുകളുടെ നിരപ്പിനേക്കാൾ താഴ്ത്തിയാണ്. ഈ സ്ലാബുകളുടെ അരികുകൾ തകർന്ന നിലയിലാണ്.
ചിറങ്ങരയിലും മുരിങ്ങൂരിലും ഇടുങ്ങിയ സർവീസ് റോഡുകളിലൂടെയാണു വാഹനങ്ങൾ തിരിച്ചു വിടുന്നത്.
അതിനാൽ, വലിയ വാഹനങ്ങളുടെ ഉൾപ്പെടെ ഒരു വശത്തെ ചക്രങ്ങൾ സ്ലാബുകൾക്കു മുകളിലൂടെയാണു പോകുന്നത്. സ്ലാബുകളുടെ ഗുണനിലവാര പരിശോധന നടത്തി അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്നു ആവശ്യമുയർന്നെങ്കിലും പരിഗണിച്ചില്ല.
ഡ്രെയ്നേജിന്റെ പാർശ്വഭിത്തികൾക്കു മുകളിൽ പ്ലൈവുഡ് ഇട്ട് അതിനു മുകളിൽ കോൺക്രീറ്റ് നടത്തിയാണു പല ഭാഗത്തും സ്ലാബുകൾ നിർമിച്ചത്.
ആമ്പല്ലൂരിൽ ഇതുവരെ 14 സ്ലാബുകളെങ്കിലും മാറ്റേണ്ടിവന്നിട്ടുണ്ട്. മാസങ്ങൾക്കുമുൻപ് സർവീസ് റോഡിലെ സ്ലാബ് തകർന്ന് കെഎസ്ആർടിസി ബസ് അപകടത്തിൽപെട്ടിരുന്നു.
സ്ലാബ് തകർന്നാൽ ഏറെ നേരത്തേക്ക് ഗതാഗതക്കുരുക്കും തലവേദനയാകും.സർവീസ് റോഡിനു വീതി കൂട്ടി ഡ്രെയ്നേജിനു മുകളിൽ ഭാരം താങ്ങാവുന്ന സ്ലാബ് സ്ഥാപിക്കുമെന്നാണ് ദേശീയപാത അതോറിറ്റി അറിയിച്ചിരുന്നത്. പക്ഷെ സ്ഥാപിച്ച അന്നുതന്നെ സ്ലാബ് പൊട്ടലും തുടങ്ങി.
ഇരുചക്രവാഹന യാത്രികരാണ് സ്ലാബിനു മുകളിലൂടെ കൂടുതലായും സഞ്ചരിക്കുന്നത്.
പക്ഷേ ചിലയിടങ്ങളിൽ സ്ലാബുകൾ തമ്മിൽ ഉയരവ്യത്യാസമുള്ളത് വാഹനങ്ങളുടെ സുഗമയാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പേരാമ്പ്രയിൽ മാസങ്ങൾക്ക് മുൻപ് പൊട്ടിയ സ്ലാബ് മാറ്റിയ സ്ഥാനത്ത് അടയാളം വച്ചിരുന്ന സിമന്റ് സ്ലാബിൽ ബൈക്ക് തട്ടി റോഡിൽ വീണ് അപ്പോളോ ടയേഴ്സിലെ തൊഴിലാളി മരിച്ചിരുന്നു. ഇതിനുശേഷം ഇവിടെ പൊട്ടിയ സ്ലാബുകൾ എത്രയും വേഗം മാറ്റി ഉറപ്പുള്ള സ്ലാബുകളാണ് സ്ഥാപിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]