അന്തിക്കാട്∙ 4–ാം വാർഡിലെ താണിയത്ത് ജനാർദനന്റെ അസുഖബാധിതനായ മകൻ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയപ്പോൾ മണിക്കൂറകൾക്കുള്ളിൽ വൈദ്യുതികണക്ഷൻ നൽകി പെരിങ്ങോട്ടുകര കെഎസ്ഇബി ജീവനക്കാർ . ജനാർദനനും കുടുംബവും താമസിക്കുന്ന വീട്ടിലേക്കാണ് കെഎസ്ഇബി ജീവനക്കാരോടൊപ്പം വില്ലേജ് ഓഫിസറും അക്ഷയ സെന്റർ ഉടമയും ഒന്നിച്ച് നിന്നു വെളിച്ചം പകർന്നത്.
ജനാർദനന്റെ മകന് തലയിൽ രക്തം കട്ട പിടിക്കുന്ന അസുഖത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തുമ്പോൾ വൈദ്യുതിയില്ലാത്ത വീട്ടിൽ മകനുമൊത്ത് എങ്ങനെ താമസിക്കുമെന്നോർത്തായിരുന്നു ജനാർദനന്റെ വിഷമം.
അക്കാര്യമറിഞ്ഞ സബ് എൻജിനീയർ ശ്യാംകുമാർ ഇത് പരിഹരിക്കാൻ ഓഫിസിലെ മറ്റുള്ളവരുമായി സംസാരിച്ചു. ജീവനക്കാർ സഹായവുമായി എത്തിയെങ്കിലും റേഷൻ കാർഡ് വില്ലനായി. റേഷൻ കാർഡിൽ വീട് വൈദ്യുതീകരിച്ചതായി തെറ്റായി രേഖപ്പെടുത്തിയതാണ് പുലിവാലായത്.
ഇത് മറികടക്കണമെങ്കിൽ അരലക്ഷത്തിനു താഴെയുള്ള വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം.
പിന്നെ ഒന്നും ആലോചിച്ചില്ല. സബ് എൻജിനീയർ അപേക്ഷകനുമായി അന്തിക്കാട് അക്ഷയയിലെത്തി.
ഇവിടെ നൽകേണ്ട രേഖകൾ കെഎസ്ഇബി ഉദ്യോഗസ്ഥന്റെ സഹായത്തോടെ പൂരിപ്പിച്ച് നൽകി.
സർട്ടിഫിക്കറ്റ് അപ്രൂവൽ ചെയ്യാൻ അപേക്ഷകനുമായി നേരെ വില്ലേജ് ഓഫിസിലേക്ക്. എന്നാൽ വില്ലേജ് ഓഫിസർ കോൺഫറൻസിലായതിനാൽ കാണാനായില്ല.
ഓഫിസറെ ഫോണിൽ ബന്ധപ്പെട്ടു കാര്യം പറഞ്ഞു.
ഓഫിസറും വേണ്ട പിന്തുണ വാഗ്ദാനം ചെയ്തു. മീറ്റിങ് കഴിഞ്ഞ് 5.45 ആയപ്പോൾ സർട്ടിഫിക്കറ്റ് റെഡി.
പിന്നീട് അക്ഷയയിൽ നിന്നു സർട്ടിഫിക്കറ്റ് കെഎസ്ഇബി ഓഫിസിൽ എത്തുമ്പോൾ സന്ധ്യ. രാത്രി 7ന് കെഎസ്ഇബിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി.
ഡ്യൂട്ടി സമയം കഴിഞ്ഞും കാത്തിരുന്ന ലൈൻമാൻമാരോടൊപ്പം ജനാർദനന്റെ വീട്ടിലേക്ക്.രാത്രി 7.15ന് ഉദ്യോഗസ്ഥരെ കണ്ടപ്പോൾ വീട്ടുകാരും നാട്ടുകാരും അമ്പരന്നു. രാത്രി 8ന് വീട്ടിൽ വൈദ്യുതി എത്തി.
മാസങ്ങൾ എടുക്കുന്ന നടപടിക്രമങ്ങൾ മണിക്കൂറുകൾക്കകം നൽകി മാതൃകയായ ഉദ്യോഗസ്ഥരെ അയൽവാസികളുമുൾപ്പടെ അഭിനന്ദിച്ചു. വൈദ്യുതി ജീവനക്കാരായ കെ.വി.രാജീവൻ, പി.ബി.പ്രകാശൻ, കെ.വി.സുരേഷ്, വില്ലേജ് ഓഫിസർ ജെ.ജനേഷ്, അക്ഷയ സെന്റർ ഉടമ പി.എം,ഹുസൈൻ എന്നിവരാണ് അതിവേഗ നടപടികൾക്ക് ഒപ്പമുണ്ടായിരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]