വീട്ടിൽ വലിച്ചെറിയുന്ന ജാതിക്കാത്തൊണ്ട് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന ചിന്തയാണ് ഇലക്ട്രിക്കൽ എൻജിനീയറായ അർത്തുങ്കൽ കൊട്ടാപ്പള്ളി കെ.ടി.സുജിമോനെ കാർഷിക സംരംഭകനാക്കിയത്. ഇന്നു വിവിധ കാർഷിക വിളകളിൽ നിന്നു സുജിമോൻ നിർമിക്കുന്നത് അറുപതോളം മൂല്യവർധിത ഉൽപന്നങ്ങൾ.
ജാതിത്തൊണ്ടും മത്തങ്ങയും ഏത്തപ്പഴവും ചക്കയും മുതൽ ഏത്തപ്പഴത്തിന്റെ തൊലിയിൽ നിന്നുവരെ ഉൽപന്നങ്ങൾ നിർമിച്ച് ‘ഇക്തൂസ്’ എന്ന ബ്രാൻഡ് നെയിമിൽ വിപണിയിലെത്തിക്കുന്നു.
ജാതിക്കയും തേനും ചേർത്തുള്ള കാൻഡി, ജാതിക്കാ കുക്കീസ്, പ്രോ ബയോട്ടിക് ഡ്രിങ്ക്, ബനാനാ പ്രോട്ടീൻ ബാർ, മത്തൻ കാൻഡി തുടങ്ങി ഉൽപന്നങ്ങളിലുമുണ്ട് പരീക്ഷണങ്ങളുടെ രുചിവൈവിധ്യം.
കേന്ദ്രസർക്കാർ സ്ഥാപനമായ സി–ഡാകിൽ 15 വർഷത്തോളം പ്രൊജക്ട് എൻജിനീയറായി ജോലി ചെയ്ത സുജിമോൻ 5 വർഷം മുൻപാണു ജോലി ഉപേക്ഷിച്ചു സംരംഭം തുടങ്ങാനിറങ്ങിയത്. കിഴക്കൻ ജില്ലകളിൽ മത്സ്യത്തിന്റെ വിതരണത്തിലൂടെയായിരുന്നു തുടക്കം.
മത്സ്യത്തിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണത്തിൽ വിദഗ്ധപരിശീലനം നേടി. മീൻ ഉപയോഗിച്ചു അച്ചാറും ചമ്മന്തിപ്പോടിയും മിക്സ്ചറും പപ്പടവും ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ വിപണിയിലെത്തിച്ചു.
ഇതിനിടെയാണു വീട്ടുവളപ്പിൽ പാഴായിപ്പോകുന്ന ജാതിക്കാത്തൊണ്ടുകൾ സുജിമോന്റെ സംരഭകവഴിയിലേക്ക് പറന്നുവീഴുന്നത്.
ഇവ എങ്ങനെ പുനരുപയോഗിക്കാമെന്ന അന്വേഷണമെത്തിയത് കായംകുളം കൃഷിവിജ്ഞാന കേന്ദ്രത്തിലാണ് (കെവികെ). വിവിധയിനം പച്ചക്കറികളിൽ നിന്നും പഴങ്ങളിൽ നിന്നു മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കാനുള്ള വിദഗ്ധ പരിശീലനം കെവികെ–യിൽ നിന്നു ലഭിച്ചതോടെ കൃഷിസംരംഭത്തിന്റെ പുതുവഴി തുറന്നു.
വല്ലാത്ത ജാതി വെറൈറ്റി
ജാതിക്കാത്തൊണ്ടിൽ നിന്നു മാത്രം 6 ഉൽപന്നങ്ങളാണ് സുജിമോൻ നിർമിക്കുന്നത്.
സ്ക്വാഷ്, അച്ചാർ, കുക്കീസ്, ജാം, കാൻഡി എന്നിവയ്ക്കൊപ്പം പ്രോബയോട്ടിക് ഡ്രിങ്കും നിർമിക്കുന്നു. കേഫിർ എന്ന ബാക്ടീരിയ ഉപയോഗിച്ചു ഫെർമന്റേഷൻ നടത്തിയാണ് ഇതുണ്ടാക്കുന്നത്.
പഴുത്ത ഏത്തപ്പഴം പൊടി, ബനാന ഫിഗ്, ഏത്തപ്പഴവും ഈന്തപ്പഴവും , മില്ലറ്റുകളും, മത്തങ്ങ വിത്തും കശുവണ്ടിയും ചേർത്തുള്ള ബനാന പ്രോട്ടീൻ ബാർ, പച്ച ഏത്തക്കാ പുട്ടുപൊടി എന്നിവയാണു ഏത്തപ്പഴം ഉപയോഗിച്ചു നിർമിക്കുന്നത്.
ഏത്തപ്പഴത്തിന്റെ തൊലി ഉണക്കിപ്പൊടിച്ചുണ്ടാക്കുന്ന പൊടി ചായയ്ക്കു പകരം ഉപയോഗിക്കാവുന്നതാണെന്നു സുജിമോൻ പറയുന്നു.
മത്തങ്ങ ഉപയോഗിച്ചു ഹൽവ, ജാം, മത്തങ്ങ കാൻഡി, മത്തൻ പൗഡർ എന്നിവയുമുണ്ട്. ഡീഹൈഡ്രേറ്റർ ഉപയോഗിച്ചു ജലാംശം വലിച്ചെടുത്ത പച്ചക്കറികളും തയാറാക്കുന്നു.
വെള്ളത്തിലിട്ടുവച്ചാൽ ഇവ വീണ്ടും ഫ്രഷ് പച്ചക്കറിയാകും. പച്ചമുളക്, കറിവേപ്പില,ചക്ക, എന്നിവ ഡീഹൈഡ്രേറ്റ് ചെയ്തു പൊടിച്ചതും വിപണിയിലെത്തിക്കുന്നുണ്ട്.
പഴുത്ത ചക്കയുടെ പൊടിയും ഇതേ രീതിയിൽ തയാറാക്കുന്നു.
വിവിധ ഔഷധ സസ്യങ്ങൾ ഇങ്ങനെ ഉണക്കിപ്പൊടിച്ച് ആയുർവേദ യൂണിറ്റുകൾക്കു നൽകുന്നുണ്ട്. തിരഞ്ഞെടുത്ത കടകൾക്കു പുറമേ ഓൺലൈനിലും വിൽപനയുണ്ട്.
പച്ചക്കറികളും പഴങ്ങളുടെയും സത്ത് ഉപയോഗിച്ചു സോപ്പ് നിർമിച്ച് കൊക്കൂൺസ് എന്ന ബ്രാൻഡ് നെയിമിൽ വിപണിയിലെത്തിക്കുന്നു.
അർത്തുങ്കൽ ഐടിസി ജംക്ഷനു സമീപത്തെ വീടിനോടു ചേർന്നാണു ഉൽപാദന യൂണിറ്റും വിൽപനകേന്ദ്രവും പ്രവർത്തിക്കുന്നത്. മിക്ക ഭക്ഷ്യവിഭവങ്ങളുടെയും പാചകവിധി തയാറാക്കിയത് ആലപ്പുഴ ജനറൽ ആശുപത്രിയിൽ ഡോക്ടറായ ഭാര്യ ആൻസി ജോസഫാണ്.
വീടിനു സമീപത്തെ കർഷകരിൽ നിന്നാണു പച്ചക്കറിയും പഴങ്ങളും ശേഖരിക്കുന്നത്. ജാതിക്കാത്തൊണ്ട് സ്വന്തം വീട്ടുവളപ്പിൽ നിന്നും. ഫോൺ: 7012825872 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]