പാലക്കാട് ∙ ഇടിഞ്ഞു താഴ്ന്ന ചുണ്ണാമ്പുതറ റോഡ് നന്നാക്കുന്നതു സംബന്ധിച്ചു ജല അതോറിറ്റിയും മരാമത്തു വകുപ്പും തമ്മിൽ തർക്കം. ജല അതോറിറ്റിയുടെ അനാസ്ഥ കാരണമാണു റോഡ് തകർന്നതെന്നും അതോറിറ്റി തന്നെ നന്നാക്കണമെന്നും മരാമത്ത് ഉദ്യോഗസ്ഥർ വാദിച്ചു.
അതേസമയം, റോഡ് നന്നാക്കേണ്ടതു മരാമത്തു വകുപ്പാണെന്ന് അതോറിറ്റി ഉദ്യോഗസ്ഥരുടെ വാദം. തർക്കം രൂക്ഷമായതോടെ ഉടൻ തീരുമാനമെടുത്ത് 29നു തന്നെ റോഡിന്റെ അറ്റകുറ്റപ്പണി നടത്താൻ കലക്ടർ എം.എസ്.മാധവിക്കുട്ടി നിർദേശം നൽകി.
ഇന്നു യോഗം ചേരും. 100 മീറ്റർ റോഡും കലുങ്കുമാണു നന്നാക്കേണ്ടത്.
ഏതാണ്ട് 30 ലക്ഷത്തോളം രൂപ ചെലവു വരുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇത്രയും വലിയ തുക വകയിരുത്താൻ കഴിയില്ലെന്നാണു ജല അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്.
ദേശീയപാത അതോറിറ്റിയുടെ റോഡായതിനാൽ അവരുടെ അനുമതി കൂടി വേണം.
പലതവണ അറിയിച്ചിട്ടും ജല അതോറിറ്റി ഉദ്യോഗസ്ഥർ ശുദ്ധജല പൈപ്പിലെ ചോർച്ച അടയ്ക്കാനെത്തിയില്ലെന്നാണു നാട്ടുകാരുടെ പരാതി. ഇതേത്തുടർന്നാണു ചുണ്ണാമ്പുതറ പാലത്തിനു താഴെയുള്ള റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നതെന്നും പറയുന്നു. വൈദ്യുതി പോസ്റ്റും വീണു.
ഇതുവഴി കടക്കാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരൻ റോഡ് ഇടിഞ്ഞു സമീപത്തെ ചതുപ്പിലേക്കു വീണിരുന്നു. തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.
ചുണ്ണാമ്പുതറ പാലത്തിനു താഴെ റാം നഗറിലേക്കു പോകുന്ന റോഡിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞത്. പാലക്കാട് നഗരത്തിൽ നിന്നു ജൈനിമേട് വഴി ഒലവക്കോട്ടേക്കു പോകുന്ന റോഡാണിത്.
ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. പാലത്തിന്റെ മറുവശത്തുള്ള റോഡിലൂടെയാണു വാഹനങ്ങൾ കടത്തിവിടുന്നത്.
ഇതു ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്.
വൈദ്യുതിയും ശുദ്ധജല വിതരണവും പുനഃസ്ഥാപിച്ചു
വൈദ്യുതി പോസ്റ്റ് വീണ് ഇരുട്ടിലായ ചുണ്ണാമ്പുതറ, റാം നഗർ, പ്രാണംകുളം, ഇന്ദ്രാണിനഗർ എന്നിവിടങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിച്ചു. പോസ്റ്റും ലൈനും പുതിയതു സ്ഥാപിച്ചാണു വൈദ്യുതി എത്തിച്ചത്.
ഇവിടങ്ങളിലേക്കുള്ള ജല വിതരണവും പുനഃസ്ഥാപിച്ചു.
ഇടയ്ക്കിടെ ചോർച്ച, പ്രശ്നമെന്ത് ?
നഗരത്തിൽ ശുദ്ധജല പൈപ്പുകൾ ഇടയ്ക്കിടെ പൊട്ടുന്നതു പരിശോധിക്കാൻ കലക്ടർ ജല അതോറിറ്റി ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ജലം പമ്പ് ചെയ്യുന്നതിലെ മർദത്തിലെ വ്യതിയാനമാണു പൈപ്പ് പൊട്ടാൻ കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. അതേസമയം, പൈപ്പിന്റെ ഗുണമേന്മയില്ലാത്തതും പൈപ്പ് ആഴത്തിൽ സ്ഥാപിക്കാത്തതുമാണു പ്രശ്നമെന്നാണു നഗരസഭ പ്രതിപക്ഷ കൗൺസിലർമാരുടെ ആരോപണം. രണ്ടു മാസത്തിനിടെ 11 ഇടത്താണു പൈപ്പ് പൊട്ടിയത്.
110 കോടി രൂപ ചെലവഴിച്ചു നടപ്പാക്കിയ അമൃത് പദ്ധതിയിൽ അഴിമതിയുണ്ടെന്നാണു കൗൺസിലർമാരുടെ ആരോപണം.
ചോർച്ച അല്ലെന്നു ജല അതോറിറ്റി
ചുണ്ണാമ്പുതറയിൽ റോഡ് ഇടിയാൻ കാരണം ശുദ്ധജല പൈപ്പിന്റെ ചോർച്ച അല്ലെന്നു ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. റോഡിനോടു ചേർന്നുള്ള ഓവുചാലിൽ നിന്നുള്ള വെള്ളം ഊർന്നിറങ്ങി അരികുഭിത്തിയും മണ്ണും ഇളകിയതാണു റോഡ് ഇടിയാൻ കാരണമായത്.
ജലവിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]