അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്കും 100% തീരുവ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒക്ടോബർ ഒന്നിന് പ്രാബല്യത്തിൽ വരും.
അമേരിക്കയിൽ ഫാക്ടറി സ്ഥാപിച്ച് മരുന്നുൽപാദനം നടത്തുന്ന കമ്പനികൾക്ക് ഈ തീരുവ ബാധകമല്ലെന്നും ട്രംപ് പറഞ്ഞു.
ബ്രാൻഡഡ്, പേറ്റൻഡഡ് മരുന്നുകൾക്കാണ് പുതുക്കിയ തീരുവയാഘാതം. മരുന്നിന് പുറമേ ഹെവി ട്രക്കുകൾക്ക് 25 ശതമാനം, അടുക്കളയിലെ കാബിനറ്റുകൾ (ബോക്സുകൾ), ബാത്ത്റൂമിലെ സിങ്ക്, ബോക്സുകൾ (ബാത്ത്റൂം വാനിറ്റീസ്) എന്നിവയ്ക്കും ഒക്ടോബർ ഒന്നിന് പ്രാബല്യത്തിൽ വരുംവിധം 50 ശതമാനം എന്നിങ്ങനെയും തീരുവ ട്രംപ് പ്രഖ്യാപിച്ചു.
ട്രംപിന്റെ പുതിയ തീരുവ പ്രഖ്യാപനം ആഗോള സമ്പദ് വ്യവസ്ഥയെയാകെ ഉലയ്ക്കുമെന്നും വ്യാപാരയുദ്ധം പുതിയതലത്തിലേക്ക് കടക്കുമെന്നുമാണ് വിലയിരുത്തൽ.
മരുന്നുകൾക്കുമേൽ നിലവിൽ പ്രഖ്യാപിച്ചത് ‘ചെറിയ’ തീരുവ മാത്രമാണെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്. ഇത് പിന്നീട് 150 ശതമാനത്തിലേക്കും ശേഷം 250 ശതമാനത്തിലേക്കും ഉയർത്തുമെന്നുമാണ് മുന്നറിയിപ്പ്.
അമേരിക്കയിലേക്കുള്ള റോബോട്ടിക്സ്, വ്യവസായിക മെഷീനറികൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ ഇറക്കുമതിക്കുമേൽ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മരുന്നുകൾക്ക് ഉൾപ്പെടെ ട്രംപ് ഉയർന്ന താരിഫ് ചുമത്തിയത്.
ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ആരോപിച്ചാണ് അന്വേഷണം. അന്വേഷണ റിപ്പോർട്ട് പ്രതികൂലമെങ്കിൽ ഇവയും കനത്ത തീരുവ നേരിടേണ്ടിവരും.
എൻ95 മാസ്ക്, കൈയുറകൾ, സർജിക്കൽ മാസ്ക്, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ ഇതിലുൾപ്പെടുന്നു.
ഇന്ത്യയ്ക്ക് വൻ ആഘാതം
മരുന്നിന് 100% ‘ഇടിത്തീരുവ’ പ്രഖ്യാപിച്ച ട്രംപിന്റെ നടപടി ഇന്ത്യ, യൂറോപ്യൻ യൂണിയൻ, കാനഡ എന്നിവയ്ക്കാണ് കൂടുതൽ തിരിച്ചടിയാവുക. ഇതിൽ ഏറ്റവും ആഘാതം ഇന്ത്യയ്ക്കായിരിക്കും.
നിലവിൽ യുഎസിലേക്ക് ഏറ്റവുമധികം മരുന്നുകളെത്തിക്കുന്നത് ഇന്ത്യയാണ്. 2023-24ലെ കണക്കുപ്രകാരം 870 കോടി ഡോളറിന്റെ (ഏകദേശം 77,000 കോടി രൂപ) മരുന്നുകൾ ഇന്ത്യ യുഎസിലേക്ക് കയറ്റുമതി ചെയ്തിരുന്നു.
ഇന്ത്യയുടെ മൊത്തം മരുന്നുകയറ്റുമതിയിൽ 31% വിഹിതവുമായി അമേരിക്കയാണ് ഏറ്റവും വലിയ വിപണി.
ഇന്ത്യൻ മരുന്നു നിർമാണക്കമ്പനികളുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സും അമേരിക്കയാണ്. യുഎസിലേക്കുള്ള ഇന്ത്യയുടെ മൊത്തം വാണിജ്യ ഉൽപന്ന കയറ്റുമതിയിൽ 11 ശതമാനവും മരുന്നുകളാണ്.
അതേസമയം, ജീവൻരക്ഷാ മരുന്നുകളായ ജനറിക് മെഡിസിനുകൾക്കും പുതിയ തീരുവ ബാധകമാണോയെന്ന് ട്രംപോ വൈറ്റ്ഹൗസോ വ്യക്തമാക്കിയിട്ടില്ല.
അമേരിക്കക്കാർ കഴിക്കുന്ന ജനറിക് മരുന്നുകളിൽ 47 ശതമാനവും ഇന്ത്യയിൽ നിന്നുള്ളതാണ്. ഇന്ത്യയ്ക്കുമേൽ ട്രംപ് അടിച്ചേൽപ്പിച്ച 50% ഇറക്കുമതി തീരുവതന്നെ ഇരു രാജ്യങ്ങളും തമ്മിലെ ഭിന്നത രൂക്ഷമാക്കുകയും ഇന്ത്യയുടെ കയറ്റുമതി മേഖലയെ ആശങ്കയിലാഴ്ത്തുകയും ചെയ്തിരുന്നു.
ഇന്ത്യയും യുഎസും തമ്മിൽ വ്യാപാരക്കരാർ ചർച്ചകൾ വീണ്ടും ആരംഭിച്ചിരിക്കേയാണ് പുതിയ പ്രഖ്യാപനമെന്നത്, ചർച്ചകളിൽ തിരിച്ചടിയാകുമോയെന്ന ആശങ്കയും നിലനിൽക്കുന്നു.
ഓഹരികളിൽ ഇടിവ്, ആശങ്ക
മരുന്നിനും 100% തീരുവ പ്രഖ്യാപിച്ചത് ഈ രംഗത്തെ ഇന്ത്യൻ കമ്പനികളുടെ കയറ്റുമതി, വരുമാനം എന്നിവയെ ബാധിക്കും. സൺ ഫാർമ, സിപ്ല, ഡോ.
റെഡ്ഡീസ് ലാബ്, ഓറോബിന്ദോ ഫാർമ തുടങ്ങിയ ഇന്ത്യൻ മരുന്നു നിർമാണക്കമ്പനികളുടെ ഓഹരികളിൽ ഇന്ന് കനത്ത സമ്മർദത്തിന് സാധ്യതയേറെ.
നിഫ്റ്റി ഫാർമ സൂചികയിലേക്കും ഏവരും ഉറ്റുനോക്കുകയാണ്. ഗിഫ്റ്റ് നിഫ്റ്റി ഇന്നുരാവിലെ 75 പോയിന്റ് ഇടിഞ്ഞുവെന്നത് സെൻസെക്സും നിഫ്റ്റിയും ഇന്നും നഷ്ടത്തിൽ തുടരുമെന്ന സൂചനയാണ് നൽകുന്നതും.
ഇന്നലെ നിഫ്റ്റി 166 പോയിന്റ് (-0.66%) താഴ്ന്ന് 24,890ൽ എത്തിയിരുന്നു. സെൻസെക്സുള്ളത് 555 പോയിന്റ് (-0.68%) താഴ്ന്ന് 81,159ലും.
തീരുവയുദ്ധം കടുപ്പിക്കാനുള്ള ട്രംപിന്റെ നീക്കത്തിനു പിന്നാലെ രാജ്യാന്തരതലത്തിൽ ഓഹരി വിപണികളാകെ ചുവന്നു.
ജാപ്പനീസ് നിക്കേയ് 0.13%, ഹോങ്കോങ് 1.04%, ഷാങ്ഹായ് 0.33%, യൂറോപ്പിൽ എഫ്ടിഎസ്ഇ 0.39%, ഡാക്സ് 0.56% എന്നിങ്ങനെ നഷ്ടത്തിലായി.
∙ ഏഷ്യൻ ഫാർമ കമ്പനികളായ ഡൈയ്ചി സാൻക്യോയുടെ ഓഹരി ജാപ്പനീസ് ഓഹരി വിപണിയിൽ 3.34% ഇടിഞ്ഞു. ചുഗായ് ഫാർമസ്യൂട്ടിക്കൽ 2.18%, സുമിടോമോ ഫാർമ 3.03% എന്നിങ്ങനെയും ഇടിഞ്ഞത് ഇന്ത്യൻ കമ്പനികളുടെ ഓഹരികൾക്കും നൽകുന്നത് ശുഭസൂചനയല്ല.
യുഎസിന് ജിഡിപിക്കുതിപ്പ്; തൊഴിലില്ലായ്മനിരക്കും താഴേക്ക്
യുഎസ് ഓഹരി സൂചികകളായ എസ് ആൻഡ് പി500, നാസ്ഡാക് എന്നിവ 0.50 ശതമാനം വീതവും ഡൗ ജോൺസ് 0.38 ശതമാനവും ഇടിഞ്ഞാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.
ഫ്യൂച്ചേഴ്സ് വിപണി പക്ഷേ നേട്ടത്തിലാണ്. നാസ്ഡാക് 100 ഫ്യൂച്ചേഴ്സ് 0.05%, എസ് ആൻഡ് പി ഫ്യൂച്ചേഴ്സ് 0.06%, ഡൗ ഇൻഡസ്ട്രിയൽ ആവറേജ് 0.04% എന്നിങ്ങനെ ഉയർന്നു.
∙ യുഎസിന്റെ ഓഗസ്റ്റിലെ പണപ്പെരുപ്പക്കണക്ക് ഇന്ന് പുറത്തുവരുമെന്നത് ആകാംക്ഷയും ആശങ്കയും ഉയർത്തുന്നു.
അമേരിക്കൻ സമ്പദ്സ്ഥിതിയുടെ ദിശ എങ്ങോട്ടെന്ന് വ്യക്തമാക്കുന്നതാകും കണക്ക്. ട്രംപിന്റെ തീരുവകൾ ആഘാതമായോയെന്നും ഇതു വ്യക്തമാക്കും.
∙ അതേസമയം, തൊഴിലില്ലായ്മ ആനുകൂല്യം പറ്റുന്നവരുടെ എണ്ണം സെപ്റ്റംബർ 20ന് സമാപിച്ച ആഴ്ചയിൽ മുൻ ആഴ്ചത്തേക്കാൾ 14,000 കുറഞ്ഞ് 2.18 ലക്ഷമായത് ട്രംപിന് ആശ്വാസമാണ്.
വിപണി പ്രതീക്ഷിച്ചിരുന്നത് 2.35 ലക്ഷമായിരുന്നു.
∙ യുഎസിന്റെ ഏപ്രിൽ-ജൂൺപാദ ജിഡിപി വളർച്ചനിരക്ക് നേരത്തേ വിലയിരുത്തിയ 3.3 ശതമാനത്തിൽ നിന്ന് 3.8 ശതമാനത്തിലേക്ക് ഉയർന്നെന്ന പുതുക്കിയ റിപ്പോർട്ടും ട്രംപിന് ‘അനുഗ്രഹമാണ്’. ജനുവരി-മാർച്ചിൽ വളർച്ചനിരക്ക് നെഗറ്റീവ് 1.6% ആയിരുന്നു.
∙ സമ്പദ്വ്യവസ്ഥ മെച്ചമാണെന്നും ഇനി വേണ്ടത് പലിശനിരക്ക് കുത്തനെ വെട്ടിക്കുറയ്ക്കുകയാണെന്നുമുള്ള തന്റെ നിലപാട് ശക്തമാക്കാൻ ട്രംപിന് കഴിയും.
മാത്രമല്ല, താരിഫുകൾ ആഘാതമാകുമെന്ന വിമർശനങ്ങൾക്കുള്ള ട്രംപിന്റെ മറുപടിയുമാകും ഈ കണക്കുകൾ.
മാരുതിക്ക് വൻ നേട്ടത്തിളക്കം
വിപണിമൂല്യത്തിൽ ലോകത്തെ എട്ടാമത്തെ വലിയ വാഹന നിർമാണക്കമ്പനിയെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ മാരുതി സുസുക്കി. ഫോഡ്, ജനറൽ മോട്ടോഴ്സ് (ജിഎം), ഫോക്സ്വാഗൻ എന്നിവയെ പിന്തള്ളിയാണ് നേട്ടം.
58 മില്യൻ ഡോളറാണ് മാരുതിയുടെ ഇപ്പോഴത്തെ വിപണിമൂല്യം. മാരുതിയുടെ ജാപ്പനീസ് മാതൃകമ്പനിയായ സുസുക്കിപോലും ഇതിനും പിന്നിലാണ്.
ലോകത്തെ വമ്പന്മാരുടെ പട്ടിക ഇങ്ങനെ: (കമ്പനിയും വിപണി മൂല്യവും സെപ്റ്റംബർ 25 പ്രകാരം, മൂല്യം മില്യൻ ഡോളറിൽ) –
1. ടെസ്ല – 1472
2.
ടൊയോട്ട – 314 3.
ബിവൈഡി – 133 4. ഫെറാരി – 93 5.
ബിഎംഡബ്ല്യു – 61 6. മെഴ്സിഡീസ്-ബെൻസ് – 60 7.
ഹോണ്ട മോട്ടോർ – 59 8.
മാരുതി സുസുക്കി – 58 9. ജനറൽ മോട്ടോഴ്സ് – 57 10.
ഫോക്സ്വാഗൻ – 56
ശ്രദ്ധയിൽ ഇവർ
മരുന്നു കമ്പനികളുടെ ഓഹരികളാകും ഇന്ന് കൂടുതൽ ശ്രദ്ധ നേടുക. പുറമേ, ഇന്ത്യയിൽ ഏഷ്യയിലെ തന്നെ ഏറ്റവും വമ്പൻ ഫുഡ് പാർക്കുകൾ സ്ഥാപിക്കാനുള്ള റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സിന്റെ തീരുമാനം, റിലയൻ ഇൻഡസ്ട്രീസിന്റെ ഓഹരികളിലും ചലനം സൃഷ്ടിക്കും.
ഇതു സംബന്ധിച്ച് കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയവുമായി 40,000 കോടി രൂപയുടെ ധാരണയിൽ കമ്പനി എത്തിയിട്ടുണ്ട്. ഇന്ത്യയിലെമ്പാടുമായാണ് അത്യാധുനിക പാർക്കുകൾ സ്ഥാപിക്കുക.
നവരാത്രി, ദീപാവലി എന്നിവയോട് അനുബന്ധിച്ച് എന്നതിനുപുറമേ ജിഎസ്ടി ഇളവിന്റെ ബലത്തിലും വൻതോതിൽ ബുക്കിങ് നേടുകയാണ് മാരുതി സുസുക്കി ഉൾപ്പെടെയുള്ള വാഹന നിർമാണക്കമ്പനികൾ.
ഇവയുടെ ഓഹരികളും ഇന്നു ശ്രദ്ധനേടും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]