നെടുങ്കണ്ടം∙ ആകെ കുളമായി നെടുങ്കണ്ടം ബസ്സ്റ്റാൻഡ്. കോൺക്രീറ്റ് ഇളകിയ പ്രവേശന വഴിയിൽ വാഹനങ്ങളുടെ ടയർ കീറുന്ന നിലയിലാണ് വാർക്കക്കമ്പികൾ.
ശുചിമുറി അടച്ചിട്ട് ദിവസങ്ങളായി. മലിനജലവും ദുർഗന്ധവും പടരുന്ന സ്റ്റാൻഡിൽ മൂക്കുപൊത്തേണ്ട
അവസ്ഥയാണ്. ബസുകളും നിരവധി ചെറു വാഹനങ്ങളും എത്തുന്ന ബസ്സ്റ്റാൻഡിലെ റോഡ് വാർക്കക്കമ്പികൾ പുറത്തുവന്ന നിലയിൽ തകർന്നിട്ട് മാസങ്ങളായി.
സ്റ്റാൻഡിനുള്ളിൽ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും റോഡ് പുനർനിർമിച്ചിരുന്നില്ല.
ഈ ഭാഗമാണ് നിലവിൽ അപകട ഗർത്തമായിരിക്കുന്നത്.
സ്റ്റാൻഡിനുള്ളിൽ പുതുതായി നിർമിച്ച ശുചിമുറി സമുച്ചയത്തിന്റെ ഉദ്ഘാടനം കഴിഞ്ഞതു മുതൽ പഞ്ചായത്തിന് തലവേദനയാണ്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകാൻ ആരംഭിച്ചതോടെ ഏതാനും ദിവസങ്ങളായി ശുചിമുറി അടച്ചിട്ടിരിക്കുകയാണ്.
ശുചിമുറി സമുച്ചയത്തിന്റെ നിർമാണ കാലഘട്ടത്തിൽ തന്നെ സെപ്റ്റിക് ടാങ്ക് നിർമാണം അശാസ്ത്രീയമാണെന്ന് ആരോപണമുയർന്നിരുന്നു.
നിരവധി ആളുകൾ ഉപയോഗപ്പെടുത്തുന്ന ശുചിമുറിക്ക് വേണ്ടത്ര വലുപ്പം ഇല്ലാതെയാണ് ടാങ്ക് നിർമിച്ചത്. മഴവെള്ളം ഒഴുകിയെത്തുന്ന ഓടയോട് ചേർന്ന് നിർമിച്ചിരിക്കുന്ന ടാങ്കിലേക്കാണ് ബസ്റ്റാൻഡിനുള്ളിലെയും പരിസരത്തെയും മഴവെള്ളം ഒഴുകിയെത്തുന്നത്.
കനത്ത മഴയിൽ ടാങ്ക് നിറഞ്ഞൊഴുകിയതോടെ മുൻപ് വ്യാപക പ്രതിഷേധമുയരുകയും ശുചിമുറി അടച്ചുപൂട്ടുകയും ചെയ്തിരുന്നു.
സംഭവത്തിൽ കലക്ടറും റിപ്പോർട്ട് തേടിയിരുന്നു. മണ്ണിന്റെ ആഴം തീരെ കുറവുള്ള ബസ് സ്റ്റാൻഡിൽ ഉറവ വെള്ളം കൂടിയെത്തുന്നതോടെ സ്ഥിതി പിന്നെയും വഷളാകും എന്നതാണ് പഞ്ചായത്ത് നേരിടുന്ന വെല്ലുവിളി.
ലഭ്യമായ സ്ഥലത്ത് പരമാവധി വലുപ്പത്തിൽ പുതുതായി ഒരു ടാങ്ക് കൂടി നിർമിക്കാനുള്ള ആലോചനയും പഞ്ചായത്തിന്റെ പരിഗണനയിലുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിൽ സ്റ്റാൻഡിനുള്ളിലെ വ്യാപാരികളും പ്രതിസന്ധിയിലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]