തൊടുപുഴ ∙ കഴിഞ്ഞവർഷം ജില്ലാ ജിയോളജിസ്റ്റ് സമ്പൂർണ പാറഖനന നിരോധനം ഏർപ്പെടുത്തണമെന്ന് ശുപാർശ ചെയ്ത തങ്കമണി വില്ലേജിൽനിന്ന് വീണ്ടും അനധികൃത ക്വാറി സൈറ്റുകൾ കണ്ടെത്തി. സിപിഎം ജില്ലാ സെക്രട്ടറിയുടെ സ്വന്തം വില്ലേജാണ് തങ്കമണി.
വില്ലേജിൽ റവന്യു, പൊലീസ്, ജിയോളജി വകുപ്പുകളുടെ സംയുക്ത പരിശോധനയിലാണ് സൈറ്റുകൾ കണ്ടെത്തിയത്. 2 വീതം ലോറിയും മണ്ണുമാന്തി യന്ത്രവും പിടിച്ചെടുക്കുകയും 25,000 രൂപ വീതം പിഴ ചുമത്തുകയും ചെയ്തു.
സംഭവസ്ഥലത്ത് തന്നെ ലോറി ഡ്രൈവർമാർ പിഴയടച്ചെന്ന് ജിയോളജി വകുപ്പിലെ അധികൃതർ അറിയിച്ചു. ക്വാറി ചെയ്ത പാറകൾ ജിയോളജിസ്റ്റ് സർവേ ചെയ്യും.
ഈ സർവേ റിപ്പോർട്ട് പ്രകാരം അധിക പിഴ ചുമത്തുമെന്ന് ഇടുക്കി സബ് കലക്ടറുടെ ഓഫിസ് അറിയിച്ചു.
ജില്ലയിൽ വ്യാപക അനധികൃത പാറഖനനമെന്ന പരാതിയുയർന്ന വില്ലേജാണ് തങ്കമണി. ‘ജനങ്ങളോടൊപ്പം സബ് കലക്ടർ’ എന്ന പരിപാടിയുടെ ഭാഗമായി ഇടുക്കി സബ് കലക്ടർ അനൂപ് ഗാർഗ് ഇന്നലെ വില്ലേജിൽ അദാലത്ത് നടത്തുന്നതിനിടെയാണ് നാട്ടുകാർ വീണ്ടും പരാതിയുടെ കെട്ടഴിച്ചത്.
യാതൊരു നിയന്ത്രണവുമില്ലാതെ സർക്കാർ ഭൂമിയിൽ നിന്ന് വ്യാപക ഖനനമെന്നായിരുന്നു പരാതി. മിക്കയിടത്തു നിന്നും നൂറിലധികം ലോഡാണ് ദിവസേന കടത്തുന്നത്.
രാത്രി ആരംഭിക്കുന്ന ഖനനം പുലർച്ചെ വരെ നീളും. പൊലീസിനെതിരെയും വില്ലേജ് ഓഫിസർക്കെതിരെയും തങ്കമണി വില്ലേജ് ഉൾപ്പെടുന്ന കാമാക്ഷി പഞ്ചായത്തിനെതിരെയും നാട്ടുകാർ പരാതി ഉന്നയിച്ചു.
പാറ ഖനനത്തിൽ കഴിഞ്ഞ വർഷം സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസിന്റെയും മകന്റെയും മരുമകന്റെയും മേൽ കലക്ടർ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ജില്ലയിൽ അനധികൃത ഖനനത്തിന് കർശന നടപടി സ്വീകരിച്ചിരുന്നു.
എന്നാൽ നടപടികൾ കുറച്ചതോടെയാണ് വീണ്ടും ഖനനം ആരംഭിച്ചതെന്ന് നാട്ടുകാർ പറയുന്നു. തങ്കമണിയിൽ പാണ്ടിപ്പാറ, കരിക്കിൻതോളം ഭാഗത്താണ് വ്യാപക ഖനനമെന്ന് പൊലീസ് അധികൃതരും പറഞ്ഞു.
അനധികൃത ഖനനം വ്യാപകമായതോടെ ഉപ്പുതോട്, തങ്കമണി വില്ലേജിൽ സമ്പൂർണ പാറ ഖനന നിരോധനം ഏർപ്പെടുത്തണമെന്നും കഴിഞ്ഞവർഷം ഒക്ടോബർ 4നു ജിയോളജിസ്റ്റ് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]