അഴീക്കോട് ∙ നീർക്കടവിൽ തകർന്ന കടൽഭിത്തി പുനർനിർമിക്കാൻ നടപടിയായി. നിർമാണത്തിനുള്ള കരിങ്കല്ലുകൾ എത്തിച്ചുകഴിഞ്ഞു.
ആറാങ്കോട്ടം അതിർത്തി മുതൽ നീർക്കടവ് ശ്മശാനം വരെയുള്ള ഭാഗത്താണ് ഭിത്തി ഏറെക്കുറെ തകർന്നുവീണത്. ചിലയിടങ്ങളിൽ വലിയ ദൂരത്തിൽ ഭിത്തി പൂർണമായും ഇല്ലാതായിരിക്കുകയാണ്.
ഇതുകാരണം കടലാക്രമണ സമയങ്ങളിൽ റോഡിലേക്കും പറമ്പുകളിലേക്കും തിരമാല ഇരച്ചു കയറാറുണ്ട്.
സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ നീർക്കടവ് ഭാഗത്തും തീരത്ത് സുരക്ഷ ഉറപ്പാക്കണമെന്ന നിലപാടിലാണ് ഭിത്തി പുനർനിർമിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഇതുസംബന്ധിച്ച് കെ.വി.സുമേഷ് എംഎൽഎ വകുപ്പുമന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് പദ്ധതിക്ക് അംഗീകാരമായത്.
70 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. ഇതിനുശേഷം ബാക്കിവരുന്ന ഭാഗം രണ്ടാംഘട്ടമായി നിർമിക്കുമെന്ന് കെ.വി.സുമേഷ് എംഎൽഎ പറഞ്ഞു.
തീരദേശ റോഡ് പദ്ധതികൂടി മുന്നിൽകണ്ടാണ് കടൽഭിത്തി സുരക്ഷിതമാക്കുന്നത്.
ചിലയിടങ്ങളിൽ വെള്ളം ഇരച്ചുകയറി റോഡിന്റെ അരിക് തകർന്നിരുന്നു. നേരത്തെ നീർക്കടവിൽ കടൽഭിത്തിയോടു ചേർന്നു വീടുകൾ ഉണ്ടായിരുന്നു.
ഈ വീടുകൾ പുനർഗേഹം പദ്ധതി പ്രകാരം ഒഴിപ്പിച്ച് വീട് നിർമിച്ച് നൽകിക്കഴിഞ്ഞു. 15 വർഷം മുൻപ് ഇതുപോലെ പുനർനിർമാണം നടത്തിയിരുന്നെങ്കിലും അശാസ്ത്രീയത കാരണം, നിർമിച്ച ഭാഗം ഏറെക്കുറെ തകർന്ന് ഇല്ലാതായിരുന്നു.
റോഡിനോട് ചേർന്ന താഴെ ഭാഗത്ത് കോൺക്രീറ്റ് ചെയ്ത് പ്രത്യേകതരം വലകെട്ടി നിർത്തിയുള്ള അടിത്തറഭിത്തി ഇപ്പോഴും സുരക്ഷിതമായി നിലവിലുണ്ട്.
പഴയരീതിയിൽ വലിയ കരിങ്കല്ലുകൾകൊണ്ട് ശാസ്ത്രീയമായ രീതിയിൽ നിർമാണം നടത്തണമെന്നാണ് മത്സ്യബന്ധന മേഖലയിലെ നാട്ടുകാരുടെ ആവശ്യം. ലക്ഷങ്ങൾ ചെലവഴിച്ചുള്ള പദ്ധതി വീണ്ടും കടലെടുക്കാൻ ഇടവരുത്തരുത്.
ചെറിയ കരിങ്കല്ലുകൾക്കു പകരം വലിയ കല്ലുകൾ എത്തിക്കാനുള്ള ഇടപെടൽ ഉണ്ടാവണം. വൈകുന്നേരങ്ങളിൽ ഉല്ലസിക്കാൻ എത്തുന്നവരുടെ വലിയ തിരക്കാണ് നീർക്കടവ് പള്ളിയാംമൂല ഭാഗങ്ങളിൽ കാണാനാവുന്നത്. കടൽഭിത്തി പുനഃസ്ഥാപിക്കുന്നതോടെ കടൽഭിത്തി കടലോര നടപ്പാതയാക്കി ആളുകൾക്ക് പ്രയോജനപ്രദമാക്കാം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]