തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചോദിച്ച് രാഷ്ട്രീയക്കാർ ആരും കലഞ്ഞൂർ പഞ്ചായത്തിലെ കുളത്തുമണ്ണിൽ വരേണ്ടന്നാണ് നാട്ടുകാർ പറയുന്നത്. ഒരുവർഷമായി രൂക്ഷമായിരിക്കുന്ന കാട്ടാനശല്യം പ്രതിരോധിക്കാൻ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന കാരണത്താലാണ് നാട്ടുകാർ ഇത്തരമൊരു അഭിപ്രായത്തിൽ എത്തിയത്. പാടം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലാണ് കുളത്തുമൺ.
അലാമുമില്ല വേലിയുമില്ല
കാട്ടാനശല്യ പരിഹാരത്തിനായി ഹാങ്ങിങ് ഫെൻസ് (വേലി) സ്ഥാപിക്കുന്ന പദ്ധതി ഒന്നരവർഷം മുൻപ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തിരുന്നു.
കപ്പാട്മുരുപ്പ് മുതൽ പൂമരുതിക്കുഴി വരെ 5 കിലോമീറ്റർ ദൂരത്തിൽ വേലി സ്ഥാപിക്കാനായിരുന്നു പദ്ധതി. എന്നാൽ, സ്ഥലത്തെത്തിച്ച സാധനങ്ങൾ ക്വാളിറ്റി പരിശോധനയിൽ വിജയിച്ചില്ലെന്ന് കാട്ടി വനംവകുപ്പ് പദ്ധതി ഉപേക്ഷിച്ചു.
അന്നെത്തിച്ച സാധനങ്ങളെല്ലാം നശിച്ചുതുടങ്ങി.
കാട്ടാന ഇറങ്ങിയതിനെ തുടർന്ന് ഈ വർഷമാദ്യം ഇവിടെ സെൻസർ അലാം സ്ഥാപിച്ചിരുന്നു. ആനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് അലാം സൈറൺ മുഴക്കുമെന്നാണു ഉദ്യോഗസ്ഥർ പറഞ്ഞത്.
തൊട്ടടുത്ത ദിവസം കാട്ടാന എത്തിയപ്പോൾ സൈറൺ മുഴങ്ങി. എന്നാൽ, പിന്നീടതു പ്രവർത്തനരഹിതമായി.
തുടർന്ന് ഉദ്യോഗസ്ഥർ അലാം കൊണ്ടുപോയെങ്കിലും വീണ്ടും സ്ഥാപിച്ചിട്ടില്ല.
പടക്കം ശരണം
വേലിയും അലാമും നടപ്പാകാതെ വന്നതോടെ കാട്ടാനകളെ ഓടിക്കാൻ പടക്കമാണ് നാട്ടുകാരുടെ ഏക ആശ്രയം. ഓമനക്കുട്ടൻ, ബൈജു, ബാബു, കുഞ്ഞുമോൻ തുടങ്ങിയ നാട്ടുകാരാണ് ഇതിനു മേൽനോട്ടം വഹിക്കുന്നത്. നാട്ടുകാരുടെ പണം വിനിയോഗിച്ചാണു പടക്കം വാങ്ങുന്നത്. ‘പലപ്പോഴും വീടിന്റെ മുറ്റത്തു വരെ കാട്ടാനകൾ വരുന്ന സാഹചര്യമാണ് നിലവിൽ.
മനുഷ്യ ജീവിനു വിലയില്ലാത്ത സാഹചര്യമാണ് ഇവിടെ’, ഓമനക്കുട്ടൻ പറയുന്നു.
പുലിയുടെ സ്വന്തം പൂമരുതിക്കുഴി
കലഞ്ഞൂർ പഞ്ചായത്തിലെ പൂമരുതിക്കുഴി, പാക്കണ്ടം മേഖലയിൽ പുലിയുടെ ശല്യം രൂക്ഷമാണ്. കാട്ടാനകളെ ഭയന്നു സ്വന്തം വീടുപേക്ഷിച്ച് ഇവിടെ വാടകവീടുകളിൽ താമസിക്കുന്നവർ ഇപ്പോൾ പുലിപ്പേടിയിലാണ്. ഈ വർഷം ഓഗസ്റ്റിലാണ് പൂമരുതിക്കുഴിയിൽ പട്ടാപ്പകൽ വളർത്തുനായയെ പിടിക്കാൻ വന്ന പുലി വീടിന്റെ അടുക്കളയ്ക്കകത്ത് ഓടിക്കയറിയത്.
ഗൃഹനാഥയും 2 വയസ്സുകാരൻ മകനും പുലിയുടെ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മറ്റു വീടുകളിൽനിന്ന് ആടിനെയും 23 കോഴികളെയും പുലി പിടിച്ചിരുന്നു. മേഖലയിലെ ടാപ്പിങ് തൊഴിലാളികളിൽ പലരും ജീവൻ പണയംവച്ചാണ് അതിരാവിലെ ജോലിക്കായി പോകുന്നത്.
കാട്ടാന നശിപ്പിച്ചത് 400 വാഴ;നഷ്ടപരിഹാരം വട്ടപ്പൂജ്യം
വിളയിൽ പടിഞ്ഞാറ്റയിൽ എസ്.ഓമനക്കുട്ടൻ 40 വർഷമായി കൃഷി ചെയ്യുന്നുണ്ട്.
2 ഏക്കർ ഭൂമിയിലാണു കൃഷി. ഈ വർഷം ഫെബ്രുവരിയിലും ഏപ്രിലിലുമായി കാട്ടാനകൾ ഇദ്ദേഹത്തിന്റെ 4,00 ഏത്ത വാഴകളാണ് നശിപ്പിച്ചത്.
കോന്നി ഫോറസ്റ്റ് ഓഫിസിൽ നിരവധി തവണ പരാതി സമർപ്പിച്ചെങ്കിലും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ‘ഏകദേശം 3 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.
നഷ്ടപരിഹാരം നൽകാൻ പണമില്ലെന്നാണ് അധികൃതരുടെ വാദം’, ഓമനക്കുട്ടൻ പറഞ്ഞു. കാട്ടാന ശല്യം രൂക്ഷമായതോടെ 80 സെന്റ് സ്ഥലത്തെ കൃഷി ഇദ്ദേഹം ഉപേക്ഷിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]