മുരിങ്ങൂർ (തൃശൂർ) ∙ ദേശീയപാതയിൽ എറണാകുളത്തു നിന്നു തൃശൂരിലേക്കുള്ള പാതയിൽ അടിപ്പാത നിർമാണ സ്ഥലത്തിനു സമീപം ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി റോഡിൽ കുഴിയുണ്ടായതു വൻ ഗതാഗതക്കുരുക്കിനു കാരണമായി. ഇന്നലെ പുലർച്ചെയാണു കുഴിയുണ്ടായത്.
തുടർന്ന് ഗതാഗതക്കുരുക്കിൽപെട്ട വാഹനങ്ങളുടെ നിര 3 കിലോമീറ്റർ അകലെ കൊരട്ടി വരെ നീണ്ടു.
4 മണിക്കൂറോളം കുരുക്ക് അയവില്ലാതെ തുടർന്നു. പൈപ്പ് പൊട്ടിയതോടെ വെള്ളം വൻ തോതിൽ റോഡിലൊഴുകി പാഴായി.
ഉച്ചയോടെയാണു പ്രശ്നം പരിഹരിച്ചത്.
ആംബുലൻസുകൾ ഉൾപ്പെടെ വഴിയിൽ കുടുങ്ങി. ഒരിഞ്ചു പോലും മുന്നോട്ടു നീങ്ങാനാകാതെ വാഹനങ്ങൾ കുരുക്കിൽ പെട്ടു.
മുരിങ്ങൂരിലെ അടിപ്പാത നിർമാണത്തിന്റെ ഭാഗമായി സർവീസ് റോഡിലൂടെയാണു വാഹനങ്ങൾ കടത്തി വിടുന്നത്. ഇടുങ്ങിയ സർവീസ് റോഡിലൂടെയുള്ള യാത്രാദുരിതം തുടരുന്നതിനിടെ പൈപ്പ് പൊട്ടിയതോടെ ദുരിതം ഇരട്ടിയായി. ദേശീയപാതയിൽ കനാലിന്റെ നിർമാണം നടക്കുന്ന ഭാഗത്തിനോടു ചേർന്നാണു പൈപ്പ് പൊട്ടിയത്.
മണ്ണുമാന്തി യന്ത്രം എത്തിച്ചു റോഡ് കുഴിച്ചു പൈപ്പ് മാറ്റി ചോർച്ച അടച്ചു. കുഴി മൂടിയതോടെയാണു പ്രശ്നത്തിനു പരിഹാരമായത്.
ഗതാഗതക്കുരുക്കു നീണ്ടതോടെ ജനം പൊരിവെയിലിൽ റോഡിൽ കിടന്നു ദുരിതം അനുഭവിച്ചു.
നിർമാണം ആരംഭിക്കും മുൻപേ ജല അതോറിറ്റിയുടെ പൈപ്ലൈൻ മാറ്റി സ്ഥാപിക്കുന്നതു പൂർത്തിയാക്കിയിരുന്നില്ല. ഇതാണു പൈപ്പ് പൊട്ടാൻ കാരണമായത്.
കെഎസ്ഇബിയുടെ വൈദ്യുത ലൈനും മാറ്റിയിട്ടില്ല. മുരിങ്ങൂരിൽ അടിപ്പാത നിർമാണം ഇനിയും പൂർത്തിയാകാനുണ്ട്. അനുബന്ധ റോഡിന്റെ നിർമാണമാണ് ബാക്കി.
പ്രധാന ഭാഗമായ ബോക്സ് നേരത്തെ പൂർത്തിയായിരുന്നു. അനുബന്ധ റോഡിന്റെ പാർശ്വഭിത്തി നിർമാണം നടക്കുന്നു.
ഇതു പൂർത്തിയാക്കി മണ്ണു നിറച്ചു സജ്ജമാക്കിയ ശേഷം ക്രാഷ് ബാരിയർ സ്ഥാപിക്കണം. അനുബന്ധ റോഡ് ടാറിങ് നടത്തണം.
പെയ്ന്റിങ്, തെരുവു വിളക്കുകൾ സ്ഥാപിക്കൽ എന്നിവയും നടത്തണം. ഇവ ഡിസംബർ മാസത്തിനകം പൂർത്തിയാക്കാനാകുമെന്നാണു കരാറുകാർ പറയുന്നത്.
മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാത: നിജസ്ഥിതിഅറിയിക്കാൻ നിർദേശം
മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയുടെ നിലവിലെ സ്ഥിതി അറിയിക്കാൻ കലക്ടർക്കു ഹൈക്കോടതി നിർദേശം നൽകി.
ദേശീയ പാതയിൽ അടിപ്പാതകളുടെ പണി നടക്കുന്നതു മൂലം ഗതാഗതക്കുരുക്കു രൂക്ഷമായതിനാൽ പന്നിയങ്കരയിലെ ടോൾ പിരിവു താൽക്കാലികമായി നിർത്തണമെന്ന് ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് നൽകിയ ഹർജിയാണു ജസ്റ്റിസ് വിജു ഏബ്രഹാം പരിഗണിക്കുന്നത്.
നിലവിൽ ഗതാഗതക്കുരുക്ക് ഇല്ലെന്നു സർക്കാർ വിശദീകരണം നൽകിയ സാഹചര്യത്തിലാണു സത്യവാങ്മൂലം ആവശ്യപ്പെട്ടത്.
പാതയിലെ വാണിയംപാറ, കല്ലിടുക്ക്, മുടിക്കോട് ഭാഗങ്ങളിൽ ഗതാഗതക്കുരുക്കു തുടരുകയാണെന്നു ഹർജിക്കാരൻ ആരോപിച്ചു. പാത നിർമാണം പൂർത്തിയാകും മുൻപു ടോൾ പിരിവിന് അനുമതി നൽകിയ കംപ്ലീഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജിയിൽ നൽകിയ ഉപഹർജിയിലാണു ടോൾ പിരിവു നിർത്തണമെന്ന ആവശ്യം. നിർമാണപ്രവർത്തനം നടക്കുന്ന സ്ഥലങ്ങളിൽ സർവീസ് റോഡുകളുടെ താൽക്കാലിക ടാറിങ് മാത്രമാണു നടക്കുന്നത്, പാത വീതി കൂട്ടി ഉറപ്പുള്ള ടാറിങ് നടത്തുന്നില്ലെന്ന് ഉപഹർജിയിൽ പറയുന്നു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]