നെടുങ്കണ്ടം∙ നിർദിഷ്ട കുത്തുങ്കൽ – നെടുങ്കണ്ടം 110 കെവി വൈദ്യുതി ലൈൻ, ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സമരത്തിനൊരുങ്ങി നാട്ടുകാർ.
ഏറ്റെടുക്കുന്ന സ്ഥലത്തിന് ന്യായമായ വില നൽകാൻ വൈദ്യുതി വകുപ്പ് തയാറാകുന്നില്ലെന്നാണ് ആക്ഷേപം. കർഷകരുടെ ആശങ്കകൾ പരിഹരിച്ചില്ലെങ്കിൽ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വൈദ്യുതി ബോർഡിന്റെ ഓഫിസ് ഉപരോധം ഉൾപ്പെടെയുള്ള സമര പരിപാടികൾക്ക് ഒരുങ്ങുകയാണ്.
2009ൽ വിഭാവനം ചെയ്ത പദ്ധതി കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് 2012ൽ മരവിപ്പിച്ചിരുന്നു. പിന്നീട് ഉടമസ്ഥർ അറിയാതെ കൃഷിസ്ഥലങ്ങളിൽ സർവേ നടത്തി അടയാളക്കല്ലുകൾ സ്ഥാപിച്ചെന്ന് നാട്ടുകാർ പറയുന്നു. കൊമ്പൊടിഞ്ഞാലിൽനിന്നു പണിക്കൻകുടി, മേലേചിന്നാർ, മഞ്ഞപ്പാറ, പച്ചടി, ബഥേൽ, പത്തുവളവ് തുടങ്ങിയ ജനവാസമേഖലകളിലൂടെയാണ് ലൈൻ കടന്നുപോകുന്നതെന്ന് പ്രദേശവാസികൾ അറിയുന്നതു പോലും വൈകിയാണ്.
ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വിലയെപ്പറ്റിയോ കാർഷികവിളകളുടെ നഷ്ടപരിഹാരത്തെപ്പറ്റിയോ കർഷകരോട് സംസാരിക്കുകയോ ബോധ്യപ്പെടുത്തുകയോ ചെയ്യാതെയാണ് നടപടികൾ തുടരുന്നത്.
റബർ, ജാതി, തെങ്ങ്, കമുക് തുടങ്ങിയ ദീർഘകാല വിളകൾക്ക് ഉൾപ്പെടെ എട്ട് വർഷത്തെ ആദായത്തിന്റെ തുകമാത്രം നഷ്ടപരിഹാരമായി നൽകുന്നത് കർഷകരോടുള്ള വഞ്ചനയാണെന്നും വികസനത്തിന് തങ്ങൾ എതിരല്ലെന്നും പ്രദേശവാസികൾ പറയുന്നു.
ഫെയർ വാല്യുവിന് പകരം വിപണി വില നൽകുക, നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുൻപ് നഷ്ടപരിഹാരത്തുക മുൻകൂറായി നൽകുക, ദീർഘകാല വിളകളുടെ നഷ്ടപരിഹാര കാലയളവ് വർധിപ്പിക്കുക, കർഷകരോട് അനുഭാവപൂർണമായ സമീപനം സ്വീകരിച്ച് നഷ്ടപരിഹാരത്തുക വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കുമെന്നും ആക്ഷൻ കൗൺസിൽ ചെയർമാൻ ഫാ. ജോസഫ് നടുപ്പടവിൽ, കൺവീനർ ജോൺസൻ കിഴക്കേക്കര, രക്ഷാധികാരികളായ സജി പേഴമ്പത്തുവയലിൽ, രാജേഷ് അമ്പഴത്തുങ്കൽ, ട്രഷറർ ബിനോയി ശൗര്യാംകുഴിയിൽ എന്നിവർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]