കോട്ടയം ∙ പേരു ചേർത്തു, ഇനി പോരു കടുക്കും. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കത്തിൽ മൂന്നു മുന്നണികളും ആദ്യം ശ്രദ്ധിച്ചതു വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിലായിരുന്നു.
ഓരോ വോട്ടും പ്രധാനമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ. വോട്ടുറപ്പിക്കും മുൻപ് വോട്ടർമാരുണ്ടോ എന്ന കാര്യം ഉറപ്പിക്കാനാണ് ഇത്തവണ മുന്നണികൾ ശ്രദ്ധിച്ചത്.
പഞ്ചായത്ത് തലത്തിൽ വരെ കമ്മിറ്റികൾ രൂപീകരിച്ചാണു വോട്ടർ പട്ടികയിൽ പേരു ചേർക്കൽ നടത്തിയത്. വിട്ടുപോയവരെയും ഹിയറിങ്ങിന് എത്തിച്ചേരാൻ സാധിക്കാതെ വന്നവരെയും തിരഞ്ഞെടുപ്പിന് തൊട്ടുമുൻപു നടക്കുന്ന അന്തിമ ഘട്ട
വോട്ടർ പട്ടിക ചേർക്കലിൽ പരിഗണിക്കാനാണു തീരുമാനം.
തുടക്കമിട്ട് മുന്നണികൾ
∙27ന് തിരുനക്കരയിൽ ചേരുന്ന യുഡിഎഫ് നിലപാട് വിശദീകരണ യോഗം തദ്ദേശ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ ഔദ്യോഗിക ഉദ്ഘാടനമായി മാറും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് യോഗം ഉദ്ഘാടനം ചെയ്യുന്നത്. യുഡിഎഫ് നേതാക്കളും പങ്കെടുക്കും.
ജില്ലാ അവലോകന യോഗവും നിയോജക മണ്ഡലം യോഗങ്ങളും പൂർത്തിയാക്കി മണ്ഡലം തല യോഗങ്ങൾ നടത്തുകയാണ് എൽഡിഎഫ്. അടുത്ത മാസം ഒന്നു മുതൽ 31 വരെ എല്ലാ പഞ്ചായത്ത്, നഗരസഭ വാർഡുകളിലും ജനകീയ സംഗമങ്ങൾ നടത്തും.
ജനകീയ സംഗമങ്ങൾ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോഴേക്കും തിരഞ്ഞെടുപ്പ് വിജ്ഞാപനം എത്തുമെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ.
ഇന്നു മുതൽ വീടുകൾ കയറിയുള്ള ജനകീയ സമ്പർക്കങ്ങൾ ആരംഭിക്കാനാണ് എൻഡിഎ തീരുമാനം. കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള പ്രചാരണമാണു ലക്ഷ്യം.
കേന്ദ്രമന്ത്രി സുരേഷ് ഗോപി മേവടയിൽ പങ്കെടുത്ത കലുങ്ക് സഭയോടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു അനൗപചാരിക തുടക്കമായെന്നാണ് എൻഡിഎ പറയുന്നത്.
ആദ്യം നറുക്കെടുക്കട്ടെ
∙സംവരണ വാർഡുകളിലെ നറുക്കെടുപ്പ് പൂർത്തിയാകാതെ സീറ്റ് ധാരണയിലേക്കും സ്ഥാനാർഥി നിർണയത്തിലേക്കും കടക്കാനാകില്ലെന്നാണു മുന്നണികളുടെ പൊതുനിലപാട്. സംവരണ പട്ടികയിൽ ഏതൊക്കെ വാർഡ് വരും എന്നതിനെ ആശ്രയിച്ചാകും സ്ഥാനാർഥികളെ തീരുമാനിക്കുന്നത്.
സ്ഥാനാർഥികളാകാൻ താൽപര്യമുള്ളവർ വാർഡുകൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ലക്ഷ്യമിടുന്ന വാർഡ് സംവരണ സീറ്റ് ആയാൽ തൊട്ടടുത്ത വാർഡിൽ മത്സരിക്കാൻ സാധിക്കും വിധത്തിലുള്ള ക്രമീകരണങ്ങളും നേതാക്കൾ നടത്തുന്നുണ്ട്.
മുന്നണി യോഗങ്ങളിൽ അവതരിപ്പിക്കാനുള്ള പ്രാഥമിക സ്ഥാനാർഥിപ്പട്ടികയും പാർട്ടികൾ തയാറാക്കുന്നുണ്ട്.
ഉദ്യോഗസ്ഥ ഒരുക്കം
∙അന്തിമ വോട്ടർ പട്ടിക അടുത്ത മാസം പ്രസിദ്ധീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥരുടെ പുനർവിന്യാസവും പരിശീലനവും അടുത്തമാസം നടക്കും.
”മിഷൻ 2025 എന്ന പ്രോജക്ടുമായി കോൺഗ്രസ് നേരത്തെ തന്നെ പ്രവർത്തനം ആരംഭിച്ചതോടെ ഒത്തൊരുമയോടെ യുഡിഎഫ് തിരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു.
പഞ്ചായത്തീരാജ് നടപ്പാക്കിയ ശേഷം തദ്ദേശ സ്ഥാപനങ്ങൾക്ക് ഏറ്റവും കുറച്ച് ഫണ്ട് ലഭിച്ച കാലമാണ് കഴിഞ്ഞ 5 വർഷം. ഇതോടെ വലിയ പ്രതിസന്ധിയാണ്.
ഈ സാഹചര്യത്തിലാണു തിരഞ്ഞെടുപ്പ് വരുന്നത്. തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മികച്ച വിജയമുണ്ടാകും.”
ഫിൽസൺ മാത്യൂസ് (യുഡിഎഫ് ജില്ലാ കൺവീനർ)
”മികച്ച ഹോം വർക്ക് നടത്തി എൽഡിഎഫ് മുന്നോട്ടു പോകുന്നു.
ശുഭ പ്രതീക്ഷയിലാണു തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഈ വർഷത്തെ ഓണം നാട് സന്തോഷത്തോടെയാണ് ആഘോഷിച്ചത്.
അതിനുള്ള എല്ലാ സംവിധാനവും സർക്കാർ ഒരുക്കി. വിലക്കയറ്റം വലിയ പ്രശ്നമായില്ല.
ഓണം വൈബും പ്രതീക്ഷയാണ്. ജനകീയ പ്രശ്നങ്ങളായ ഭൂപതിവ്, വന്യജീവി പ്രശ്നങ്ങൾ എന്നിവയിലുള്ള സർക്കാർ നിയമ നിർമാണങ്ങൾ ജനങ്ങൾക്ക് ആശ്വാസമാണ്.
ഇതെല്ലാം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.”
ലോപ്പസ് മാത്യു (എൽഡിഎഫ് ജില്ലാ കൺവീനർ)
”വികസിത കേരളം എന്ന മുദ്രാവാക്യവുമായി എല്ലാ വാർഡുകളിലും എൻഡിഎ സ്ഥാനാർഥികൾ മത്സരിക്കും. വികസനത്തിന് ഒരു വോട്ട് െചയ്യാൻ എല്ലാ വാർഡിലും എൻഡിഎ അവസരമൊരുക്കും.
സ്ക്വാഡ് വർക്കുകൾ ഇന്ന് ആരംഭിക്കും. ശക്തമായ മുന്നേറ്റം എൻഡിഎ നടത്തും.”
ലിജിൻ ലാൽ (എൻഡിഎ ജില്ലാ ചെയർമാൻ)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]