പേരാവൂർ ∙ മഞ്ഞളിപ്പ് രോഗം ബാധിച്ച് ഇഞ്ചിക്കൃഷി വ്യാപകമായി നശിക്കുന്നു. കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ പഞ്ചായത്തുകളിൽ മാത്രം നിരവധി ഏക്കർ ഇഞ്ചി കൃഷിയാണ് മഞ്ഞളിപ്പ് രോഗം ബാധിച്ച് നശിച്ചത്. ചെടികളിൽ ഫംഗസ് ബാധിക്കുന്നതാണ് രോഗവ്യാപനത്തിന് കാരണം.
ഫംഗസ് ബാധ കൂടുതൽ കൃഷിയിടങ്ങളിലേക്ക് പടരാനുള്ള സാധ്യതയുണ്ടെന്ന് കർഷകർ ഭയപ്പെടുന്നു. വിത്ത് നട്ട് ഒന്നര മാസത്തോളം പ്രായമാകുകയും വളപ്രയോഗം നടത്തുകയും ചെയ്തതിനു ശേഷമാണ് തൈകളിൽ മഞ്ഞളിപ്പ് ബാധിക്കുന്നതായി കണ്ടെത്തിയത്.
ഫംഗസ് ബാധയുടെ ലക്ഷണങ്ങൾ പ്രകടമായി കണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ ചെടി നശിക്കുന്നു.
ഇലകളുടെ അഗ്രഭാഗത്ത് പുള്ളികളും നിറ വ്യത്യാസവുമാണ് രോഗത്തിന്റെ ആദ്യ ലക്ഷണം. ക്രമേണ ഇത് എല്ലാ ഇലകളിലേക്കും തണ്ടുകളിലേക്കും വ്യാപിക്കും.ചെടികൾ മഞ്ഞ നിറത്തിലാകും.
അന്തരീക്ഷത്തിലെ ഈർപ്പം വർധിക്കുന്നത് മഞ്ഞളിപ്പു രോഗം വ്യാപിക്കാൻ കാരണമാകുന്നുണ്ട്. മലയാളികളായ കർഷകർ കർണാടകയിൽ വ്യാപകമായി ഇഞ്ച കൃഷി നടത്തിയിരുന്നു.
എന്നാൽ കഴിഞ്ഞ വർഷം മഞ്ഞളിപ്പ് രോഗം വ്യാപിക്കുകയും നിരവധി കർഷകർക്ക് വൻ നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.
പലരും വൻ തുക വായ്പയെടുത്താണ് കൃഷികൾ നടത്തിയത്. ഈ വർഷം വേനൽ മഴ നേരത്തെ ലഭിച്ചത് നിലമൊരുക്കുന്നതിനും സഹായമാകുകയും കർഷകർക്ക് വൻ പ്രതീക്ഷ നൽകുകയും ചെയ്തിരുന്നു.
എന്നാൽ കനത്ത മഴ തുടർച്ചയായി പെയ്തത് പ്രതീക്ഷകൾ നശിപ്പിച്ചു.
പേരാവൂർ പഞ്ചായത്തിലെ ഞാണക്കരയിൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത കൊയിലോത്ത് ഭാസ്കരന്റെ കൃഷിയിൽ ഒന്നര ഏക്കറോളം നശിച്ചു കഴിഞ്ഞു. നല്ല വില പ്രതീക്ഷിച്ചാണ് പലയിടങ്ങളിൽ കൃഷി ചെയ്തതെന്നും ഫംഗസ് ബാധിച്ചതോടെ കൃഷി നഷ്ടത്തിലായെന്നും ഭാസ്കരൻ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]