പാലക്കാട് ∙ കർണാടകത്തിലെ പ്രശസ്തമായ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് കെഎസ്ആർടിസി സൂപ്പർ ഡീലക്സ് സർവീസ് പാലക്കാട്ടുനിന്ന് ആരംഭിക്കുന്നു. സർപ്പാരാധനയ്ക്കു പേരുകേട്ട
ക്ഷേത്രം നാലുഭാഗവും മലനിരകളാൽ ചുറ്റപ്പെട്ടതാണ്. കുമാരധാരയെന്ന നദിയും പ്രസിദ്ധമാണ്.പാലക്കാടു നിന്ന് കാസർകോടെത്തി അവിടെ നിന്ന് ചെർക്കള, പഞ്ചിക്കൽ, സുള്ള്യ വഴി കുക്കെയിലെത്തുന്ന സർവീസ് ഉത്തര കേരളത്തിലെ വിവിധ മേഖലകളിലേക്കെത്താനും സഹായകരമാകും.
കേരളത്തിൽനിന്ന് ഒട്ടേറെ പേരാണ് സുള്ള്യയോടു ചേർന്ന വിവിധ മേഖലകളിൽ കൃഷിക്കും വ്യവസായ ആവശ്യത്തിനും പോകുന്നത്.
കാസർകോടു നിന്ന് 100 കിലോമീറ്റർ അകലെയുള്ള കുക്കെ പ്രദേശത്തേക്കു നിലവിൽ ലിമിറ്റഡ് സ്റ്റോപ് സർവീസ് മാത്രമാണുള്ളത്.രാത്രികാലങ്ങളിൽ ഈ പ്രദേശങ്ങളിലേക്കു ബസുകൾ കുറവാണ്.
രാത്രി 7ന് പാലക്കാട്ടുനിന്ന് പുറപ്പെട്ട് പുലർച്ചെ അഞ്ചിന് കുക്കെയിൽ എത്തിച്ചേരുന്ന രീതിയിലാണ് സൂപ്പർ ഡീലക്സ് ബസ് സർവീസ് നടത്തുക.രാത്രി 7.45ന് അവിടെനിന്നു പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 5.40ന് തിരിച്ച് പാലക്കാട്ടെത്തും. ദേവസ്വത്തിന്റെ ഗെസ്റ്റ് ഹൗസും മറ്റു സ്വകാര്യ താമസസ്ഥലങ്ങളും കുക്കെയിൽ ഉണ്ടെന്ന് അധികൃതർ അറിയിച്ചു.
അടുത്ത ദിവസം മുതൽ സർവീസ് തുടങ്ങും
കർണാടക, തമിഴ്നാട് ലക്ഷ്യമിട്ട് കൂടുതൽ ബസ് സർവീസുകൾ
പാലക്കാട് ∙ ശരാശരി അരലക്ഷം രൂപ കളക്ഷൻ ലഭിക്കുന്ന പാലക്കാട്–കൊല്ലൂർ മൂകാംബിക സർവീസിന്റെ വിജയത്തിനു പിന്നാലെ തമിഴ്നാട്. കർണാടക സംസ്ഥാനങ്ങളിലെ വിവിധ പട്ടണങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ സർവീസ് ആരംഭിക്കാൻ പാലക്കാട് ഡിപ്പോ.
നിലവിൽ സർവീസ് നടത്തുന്ന കാസർകോട്–കോയമ്പത്തൂർ, പാലക്കാട്–കന്യാകുമാരി, പാലക്കാട്–മൈസൂരു സർവീസുകൾക്കും മികച്ച കളക്ഷനുണ്ട്.
ജില്ലയിൽ നിന്ന് ഒരുപാട് പേർ തോട്ടം, ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്ന ഗൂഡല്ലൂരിലേക്ക് ഉടൻ സർവീസ് ആരംഭിക്കും. വ്യാപാര ആവശ്യത്തിന് ഏറെ പേർ ആശ്രയിക്കുന്ന വിരാജ് പേട്ടയാണ് അടുത്ത സർവീസിനായി തീരുമാനിച്ചിരിക്കുന്നത്.
പാലക്കാട്ടുനിന്ന് മൂന്നാറിലേക്കും മാനന്തവാടിയിലേക്കും പുതിയ ബസ് തുടങ്ങും.
നവരാത്രിയോട് അനുബന്ധിച്ച് മികച്ച കളക്ഷനാണ് മൂകാംബിക സർവീസിൽ നിന്നു പ്രതീക്ഷിക്കുന്നത്. മൂകാംബിക സർവീസ് സമയം രാത്രി 8ന് പാലക്കാട്ടുനിന്ന് പുറപ്പെട്ട് പിറ്റേന്നു പുലർച്ചെ 6.15ന് മൂകാംബികക്ഷേത്രത്തിനു സമീപത്തെത്തും വൈകിട്ട് 7.45ന് മൂകാംബികയിൽ നിന്നു പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 6ന് പാലക്കാടെത്തും.
മന്ത്രിയെ വിളിച്ച് നന്ദി അറിയിച്ച് ഗുരുവായൂർ സർവീസിന് തുടക്കം
പാലക്കാട് ∙ ഗുരുവായൂരിലേക്കുള്ള കെഎസ്ആർടിസിയുടെ നൈറ്റ് സർവീസും കോഴിക്കോട്ടേക്കുള്ള ലിങ്ക് സർവീസും വി.കെ.ശ്രീകണ്ഠൻ എംപി ഫ്ലാഗ് ഓഫ് ചെയ്തു. തന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഗുരുവായൂരിലേക്കു സർവീസ് അനുവദിച്ചതിന് മന്ത്രി കെ.ബി.ഗണേഷ്കുമാറിനെ ഫോണിൽ വിളിച്ച് നന്ദി അറിയിച്ച ശേഷമാണ് എംപി ഫ്ലാഗ് ഓഫ് ചെയ്തത്.ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ ജോഷി ജോൺ, കൺട്രോളിങ് ഇൻസ്പെക്ടർ വി.സജീവ് കുമാർ, സൂപ്രണ്ട് എം.അജിത, വിജിലൻസ് ഓഫിസർ പി.എം.ഡി.വാസുദേവൻ ,ടി.സന്തോഷ്കുമാർ, സി.ബാബു, എം.മുരുകേശൻ എന്നിവർ പ്രസംഗിച്ചു.
സമയക്രമം ഇങ്ങനെ
വൈകിട്ട് നാലിന് പാലക്കാട് നിന്ന് പുറപ്പെട്ട് രാത്രി 7 ന് ഗുരുവായൂരിൽ
രാത്രി 7.30 ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് 10.30 ന് പാലക്കാട്
രാത്രി 11.30 ന് പാലക്കാട് നിന്ന് പുറപ്പെട്ട് പുലർച്ചെ 2.40 ന് ഗുരുവായൂർ
രാവിലെ 6.50 ന് ഗുരുവായൂരിൽ നിന്നു പുറപ്പെട്ട് 9.50 ന് സിവിൽസ്റ്റേഷൻ വഴി പാലക്കാട്
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]