അമ്പലവയൽ ∙ നെല്ലാറച്ചാലിലെ ടൂറിസം വികസനസാധ്യകൾ ഉപയോഗപ്പെടുത്താൻ നടപടിയില്ല. ഗ്രാമീണ ടൂറിസത്തിന്റെ അനന്ത സാധ്യതകളുള്ള നെല്ലാറച്ചാലിൽ ടൂറിസം വികസനങ്ങളൊന്നും എത്തുന്നില്ലെന്നാണ് ആക്ഷേപമുയരുന്നത്.
നെല്ലാറച്ചാൽ വ്യൂപോയിന്റും ഗ്രാമീണ സൗന്ദര്യവും ആസ്വദിക്കാൻ ഒട്ടേറെ പേരെത്തുമ്പോഴും പദ്ധതികളൊന്നും നടപ്പാവുന്നില്ല. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് നെല്ലാറച്ചാൽ.
ഏതുവശത്തുനിന്നു നോക്കിയാലും ജലാശലത്തിന്റെയും ഗ്രാമത്തിന്റെയും ഭംഗി കാണാമെന്നതിനാൽ സായാഹ്നം ചെലവഴിക്കാനുൾപ്പടെ സഞ്ചാരികളെത്തുന്നു.
ടൂറിസം വികസനമുണ്ടായാൽ നാടിന് വലിയ മാറ്റങ്ങളും പ്രദേശവാസികൾക്കു കൂടുതൽ വരുമാന മാർഗവും തെളിയും. എന്നാൽ, പ്രധാന ആകർഷണമായ വ്യൂപോയിന്റിൽ പോലും പദ്ധതിയൊന്നും ഇതുവരെ നടപ്പാക്കിയിട്ടില്ല.
നെല്ലാറച്ചാലും ടൗണും സമീപദേശങ്ങളും ഉൾപ്പെടുത്തി ഗ്രാമീണ ടൂറിസം വികസനമുണ്ടാകുമെന്ന പ്രഖ്യാപനവും നടപ്പായില്ല.
സഞ്ചാരികൾക്കായി ടൂറിസം വകുപ്പ് സ്ഥാപിച്ച കെട്ടിടങ്ങൾ സാമൂഹിക വിരുദ്ധരുടെ താവളമായി മാറി. ജില്ലയിലെ ടൂറിസം ഭൂപടത്തിൽ പ്രധാനപ്പെട്ട
ഇടമായി മാറേണ്ട നാടിനോട് അധികൃതരുടെ അവഗണന തുടരുന്നതിൽ പ്രതിഷേധം ശക്തമാവുകയാണ്.
വ്യൂപോയിന്റിന് അവഗണന
നെല്ലാറച്ചാലിൽ പ്രധാന ആകർഷണമാണ് വ്യൂപോയിന്റ്.
കാരാപ്പുഴ ഡാം റിസർവോയറിനോട് ചേർന്നുള്ള വിശാലമായ കുന്നുകളും വെള്ളത്തിന്റെ കാഴ്ചയുമെല്ലാം സന്ദർശകരുടെ ഇഷ്ട സ്ഥലമാണ്.
എങ്കിലും ഇവിടെയും അടിസ്ഥാന വികസനങ്ങളൊന്നും നടന്നിട്ടില്ല. നെല്ലാറച്ചാലിൽ നിന്ന് വ്യൂപോയിന്റിലേക്കുള്ള റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
അഭ്യാസത്തിനെത്തിയ വാഹനം ഡാമിൽ വീണതിന് പിന്നാലെ വ്യൂപോയിന്റിന് സമീപത്തേക്ക് വാഹനങ്ങളെത്തുന്നത് തടയുന്നതിനായി മുള കൊണ്ട് വേലികെട്ടിയത് മാത്രമാണ് ജലസേചന വകുപ്പ് പ്രദേശത്ത് ആകെ ചെയ്ത പ്രവൃത്തി.
ഇവിടം സംരക്ഷിക്കാൻ മറ്റു നടപടികളൊന്നുമില്ലാത്തതിനാൽ മാലിന്യം വലിച്ചെറിയുന്നതും പതിവാണ്. സന്ദർശകർക്ക് നിർദേശങ്ങൾ കൊടുക്കാൻ ആരുമില്ലാത്തതിനാൽ അവരും സുരക്ഷിതരല്ല.
വ്യൂപോയിന്റിൽഅടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതടക്കമുള്ള പദ്ധതികൾ നടപ്പാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
ആകെ നശിച്ച് കെട്ടിടങ്ങൾ
ഗ്രാമീണ ടൂറിസത്തിന് കൂടുതൽ പ്രോത്സാഹനം നൽകുകയെന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് നെല്ലാറച്ചാലിൽ പണിത കെട്ടിടങ്ങൾ ഇപ്പോഴും വെറുതെ കിടന്നു നശിക്കുകയാണ്. വിനോദ സഞ്ചാരികൾക്ക് വിശ്രമത്തിനും ഭക്ഷണ കഴിക്കുന്നതിനും ശുചിമുറി സൗകര്യത്തിനുമായിട്ടാണ് വർഷങ്ങൾക്ക് മുൻപ് ലക്ഷങ്ങൾ ചെലവഴിച്ച് കെട്ടിടം പണി പൂർത്തികരിച്ചത്.
ഒരു ദിവസം പോലും ഇവ പ്രവർത്തിച്ചില്ലെന്ന് മാത്രമല്ല, കെട്ടിടങ്ങൾ ഉപയോഗിക്കാതെ നശിക്കുകയുമാണ്. വിനോദ സഞ്ചാരികൾ ശുചിമുറി സംവിധാനങ്ങളെൊന്നും ലഭിക്കാതെ ബുദ്ധിമുട്ടുമ്പോഴാണ് ഈ കെട്ടിടങ്ങൾ വെറുതെ കിടന്ന് നശിക്കുന്നത്.
നേട്ടമില്ലാതെ ഉത്തരവാദിത്ത ടൂറിസം
ജില്ലയിൽ വർഷങ്ങൾക്ക് മുൻപ് നടപ്പാക്കിയ ഉത്തരവാദിത്ത ടൂറിസം പദ്ധതിയിൽ നെല്ലാറച്ചാലിനെ ഉൾപ്പെടുത്തിയിരുന്നു.
സന്ദർശകർക്കായി ഉത്തരവാദിത്ത ടൂറിസം അവതരിപ്പിച്ച വിവിധ കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയുള്ള മൂന്ന് വ്യത്യസ്തമായ പാക്കേജുകളിൽ ഒന്ന് തുടങ്ങുന്നത് നെല്ലാറച്ചാലിലെ കാഴ്ചകൾ ആസ്വാദിച്ച് കൊണ്ടായിരുന്നു. പദ്ധതി തുടക്കത്തിൽ കാര്യമായി നടന്നെങ്കിലും പിന്നീട് മുന്നോട്ടുപോയില്ല.
നെല്ലാറച്ചാലിൽ ഈ പദ്ധതിയുടെ ഭാഗമായി എത്തുന്ന സഞ്ചാരികളും കുറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]