കോഴിക്കോട് ∙ ദേശീയപാത വെങ്ങളം – രാമനാട്ടുകര ബൈപാസിൽ ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ടോൾ പിരിവ് തുടങ്ങും. ഡൽഹി ആസ്ഥാനമായ റൻജൂർ എന്ന കമ്പനിയാണു ടോൾ പിരിവിനുള്ള കരാർ എടുത്തത്.
ടോൾ നിരക്ക് ദേശീയപാത അതോറിറ്റിയുടെ അന്തിമ പരിഗണനയിലാണ്. അതോറിറ്റിയുടെ അംഗീകാരം ലഭിച്ച ശേഷം നിരക്ക് പരസ്യപ്പെടുത്തുകയും കൂടത്തുംപാറയിലെ ടോൾ പ്ലാസയിൽ പ്രദർശിപ്പിക്കുകയും ചെയ്യും.
ഈയാഴ്ച തന്നെ ടോൾ പ്ലാസയിൽ ട്രയൽ റൺ നടക്കും. തുടർന്ന്, ഒരാഴ്ചയ്ക്കകം ടോൾ പിരിവു തുടങ്ങും.
ഫാസ്റ്റ് ടാഗ് ഇതിനകം പ്രവർത്തനക്ഷമമായിട്ടുണ്ട്. ഓട്ടോറിക്ഷ, ബൈക്ക് എന്നിവയിൽ നിന്നു ടോൾ ഈടാക്കില്ല.
ഈ വാഹനങ്ങൾക്കു ടോൾ പ്ലാസയിൽ പ്രത്യേക ലൈൻ ഏർപ്പെടുത്തും.
പൂർണമായും സർവീസ് റോഡ് ഇല്ലാത്ത ഭാഗങ്ങളിലാണു ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും ബൈപാസിലൂടെ യാത്രയ്ക്ക് അനുമതി. സർവീസ് റോഡ് പൂർണമായുള്ള ഭാഗങ്ങളിൽ ഈ വാഹനങ്ങൾക്കു യാത്ര അനുവദനീയമല്ലെന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്ക് പ്രതിമാസം 300 രൂപയുടെ പാസ് നൽകും. ഇതിനായി, താമസത്തിന്റെ രേഖകൾ ടോൾ പ്ലാസയിൽ സമർപ്പിക്കണം.
പാസ് ഉപയോഗിച്ച് എത്ര തവണ വേണമെങ്കിലും പാതയിലൂടെ യാത്ര ചെയ്യാം.
പരിശോധന തുടരുന്നു
ബൈപാസിന്റെ സുരക്ഷയും നിർമാണവും അടക്കമുള്ളവയുടെ പരിശോധന തുടരുകയാണ്. ദേശീയപാത അതോറിറ്റി നിയോഗിച്ച സ്വതന്ത്ര എൻജിനീയറുടെ നേതൃത്വത്തിലാണു പരിശോധന.
ഈയാഴ്ച തന്നെ പരിശോധന പൂർത്തിയാകും. തുടർന്ന്, കരാറുകാർക്ക് സർട്ടിഫിക്കറ്റ് നൽകും.
ബോർഡ്, ലൈറ്റ്, ക്യാമറ എന്നിവയടക്കം പാതയിലെ ക്രമീകരണങ്ങളെല്ലാം പൂർത്തിയായതായി ദേശീയപാത അതോറിറ്റി അറിയിച്ചു. മലാപ്പറമ്പ് ജംക്ഷൻ, നെല്ലിക്കോട്, ഹൈലൈറ്റ് മാൾ, മെട്രോമെഡ് ആശുപത്രി എന്നിവിടങ്ങളിൽ സർവീസ് റോഡ് നിർമാണം പൂർത്തിയാക്കാനുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]