ഒടുവിൽ, ഇന്ത്യയ്ക്കെതിരായ നിലപാടിൽ അമേരിക്ക മയപ്പെടുന്നു. ഒരുവശത്ത് എച്ച്1ബി വീസ ഫീസ് കുത്തനെ കൂട്ടിയതുൾപ്പെടെയുള്ള പ്രതിസന്ധികൾ നിലനിൽക്കുകയാണെങ്കിലും മറുവശത്ത്, ഇന്ത്യയുമായി വ്യാപാരക്കരാർ യാഥാർഥ്യമാക്കാനുള്ള ചർച്ചകൾ അമേരിക്ക ഉഷറാക്കുകയാണ്.
ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ചർച്ച നടത്തി.
യുഎൻ വാർഷിക അസംബ്ലിയിൽ പങ്കെടുക്കാൻ യുഎസിൽ എത്തിയതായിരുന്നു ജയശങ്കർ.
ഇന്ത്യ അമേരിക്കയുടെ തന്ത്രപ്രധാന പങ്കാളിയാണെന്നും വ്യാപാരം, ഊർജം, മരുന്നുകൾ, ധാതുക്കൾ, പ്രതിരോധം എന്നിവ സംബന്ധിച്ച് ജയശങ്കറുമായി ചർച്ച നടത്തിയെന്നും മാർക്കോ റൂബിയോ വ്യക്തമാക്കി. ഉഭയകക്ഷി, രാജ്യാന്തര വിഷയങ്ങൾ ചർച്ചയായെന്ന് എസ്.
ജയശങ്കറും പറഞ്ഞു. മുൻഗണനാ മേഖലകളിൽ സഹകരിച്ചുപോകാനും ചർച്ചകൾ തുടരാനും തീരുമാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയ്ക്കുമേൽ 50% തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇന്ത്യയുമായി ഇനി ചർച്ചയില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയ്ക്കും ചൈനയ്ക്കുംമേൽ കൂടുതൽ തീരുവ ചുമത്തണമെന്ന് യൂറോപ്യൻ യൂണിയനോട് അടക്കം ട്രംപ് ആവശ്യപ്പെട്ടിരുന്നു. ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ ഉൾപ്പെടെയുള്ളവർ ഇന്ത്യയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായും രംഗത്തെത്തിയിരുന്നു.
ഇന്ത്യ-യുഎസ് വ്യാപാരച്ചർച്ചകൾക്കായി ഡൽഹിയിലെത്തേണ്ട യുഎസ് സംഘം യാത്ര മാറ്റിവച്ചതും ഇരു രാജ്യങ്ങളും തമ്മിലെ ഭിന്നത രൂക്ഷമാകുന്നുവെന്ന സൂചനയായിരുന്നു നൽകിയത്.
എന്നാൽ, പിന്നീട് യുഎസും ട്രംപും നിലപാട് മയപ്പെടുത്തി.
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ സംബന്ധിച്ച ചർച്ചകൾ പുനരാരംഭിക്കാൻ ധാരണയായിട്ടുണ്ട്. ഇതിനിടെ, പ്രധാനമന്ത്രി മോദിക്ക് ട്രംപ് പിറന്നാൾ ആശംസകൾ അറിയിച്ച് ഫോൺ ചെയ്തതും ഇരുവരും പരസ്പരം പുകഴ്ത്തിയതും മഞ്ഞുരുകലിന്റെ സൂചനയുമായി.
ഈ വർഷം തന്നെ വ്യാപാരക്കരാർ സംബന്ധിച്ച് ധാരണയിലെത്താനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്.
വ്യാപാരക്കരാർ യഥാർഥ്യമായാൽ ഇന്ത്യയ്ക്കുള്ള തീരുവ വെട്ടിക്കുറയ്ക്കാൻ യുഎസ് തയാറാകും. 10-15 ശതമാനത്തിലേക്ക് തീരുവ കുറയുമെന്നാണ് പ്രതീക്ഷകൾ.
വരുന്നത് വമ്പൻ ഡീൽ ആയിരിക്കുമെന്ന സൂചനകളാണ് സർക്കാർ വൃത്തങ്ങൾ നൽകുന്നതും. കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ചർച്ചാസംഘം വാഷിങ്ടണിൽ എത്തിയിട്ടുണ്ട്.
യുഎസ് വ്യാപാര പ്രതിനിധി ജേമിസൺ ഗ്രീറിന്റെ സംഘവുമായി ചർച്ചകൾ നടക്കും. ഏതാനും ആഴ്ചയ്ക്കകം തന്നെ വ്യാപാര ഡീൽ സംബന്ധിച്ച തീരുമാനത്തിലെത്താനാകുമെന്നാണ് ഇന്ത്യൻ സംഘം നൽകുന്ന സൂചന.
ഇരട്ടിമധുരമായി ജിഎസ്ടി ഇളവും വ്യവസായക്കുതിപ്പും
ജനങ്ങൾക്കും വ്യാപാരലോകത്തിനും ‘ലോട്ടറി’യടിച്ചതിന് സമാനമായ പ്രതീതിയാണ് ജിഎസ്ടി 2.0 ഇളവുകൾ പ്രാബല്യത്തിൽവന്ന, ആദ്യദിനമായ ഇന്നലെ വിപണിയിൽ കണ്ടത്.
പാലുൽപന്നങ്ങൾ മുതൽ കാറുകൾക്ക് വരെ കച്ചവടം പൊടിപാറി. കഴിഞ്ഞ 35 വർഷത്തിനിടെ ഒരിക്കലും കണ്ടിട്ടില്ലാത്തത്ര ബുക്കിങ്ങാണ് ഇന്നലെ ഒറ്റദിവസം ലഭിച്ചതെന്ന് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി വ്യക്തമാക്കി.
ഇന്നലെ മാത്രം മാരുതിക്ക് 80,000ലേറെ അന്വേഷണങ്ങൾ ലഭിച്ചു.
25,000ലേറെ കാറുകൾ ഒറ്റദിവസം വിറ്റഴിച്ചു. 30,000 എണ്ണം കൂടി ഉടൻ വിൽക്കും.
വിവിധ മോഡലുകൾക്ക് 1.29 ലക്ഷം രൂപവരെ ഇളവാണ് മാരുതി വരുത്തിയിരിക്കുന്നത്. മാരുതി വിലക്കുറവ് പ്രഖ്യാപിച്ചത് സെപ്റ്റംബർ 18നായിരുന്നു.
തുടർന്നിതുവരെ ദിവസവും ശരാശരി 15,000 മാരുതിക്കാറുകൾ ബുക്ക് ചെയ്യുന്നുണ്ട്. ഹ്യുണ്ടായിയും റെക്കോർഡ് ബുക്കിങ്ങാണ് ഇന്നലെ നടന്നതെന്ന് വ്യക്തമാക്കി.
നവരാത്രി ആഘോഷങ്ങളുടെ ആദ്യദിനം കൂടിയായ ഇന്നലെ 11,000 വാഹനങ്ങളുടെ വിൽപന നേടാൻ കമ്പനിക്ക് കഴിഞ്ഞു. ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് കമ്പനികളും മികച്ച വിൽപനനേട്ടമാണ് ഇന്നലെ സ്വന്തമാക്കിയത്.
ചില കമ്പനികൾ ഒറ്റദിവസത്തിൽതന്നെ 20 ശതമാനത്തിലധികം വിൽപനവളർച്ച രേഖപ്പെടുത്തി. എസി, ടിവി, റഫ്രിജറേറ്റർ തുടങ്ങിയവയ്ക്ക് വൻ ആവശ്യക്കാരുണ്ടായി.
ഇതിനിടെ, ഇന്ത്യയുടെ മുഖ്യ വ്യാവസായിക മേഖലയുടെ വളർച്ച ഓഗസ്റ്റിൽ 6.3% മെച്ചപ്പെട്ടത് കൂടുതൽ മധുരമായി.
ജൂലൈയിൽ വളർച്ച 3.7 ശതമാനമായിരുന്നു. കൽക്കരി, ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, റിഫൈനറി ഉൽപന്നങ്ങൾ, വളം, സ്റ്റീൽ, വൈദ്യുതി, സിമന്റ് എന്നിവയാണ് മുഖ്യ വ്യാവസാസിക മേഖലയിലുള്ളത്.
ഇന്ത്യയുടെ വ്യാസായിക ഉൽപാദന സൂചികയിൽ (ഐഐപി) 40.27% പങ്കുവഹിക്കുന്നതും ഈ മേഖലയാണ്.
എന്നിട്ടും, ഓഹരികളിൽ സമ്മർദം
ഇന്ത്യ-യുഎസ് വ്യാപാര ഡീൽ സാധ്യത, ജിഎസ്ടി ഇളവ്, മുഖ്യ വ്യവസായ മേഖലയിലെ വളർച്ച എന്നിങ്ങനെ അനുകൂല ഘടകങ്ങളുണ്ടെങ്കിലും ഇന്ത്യൻ ഓഹരി വിപണിയിൽ സമ്മർദം അലയടിക്കുകയാണ്. ഗിഫ്റ്റ് നിഫ്റ്റി ഇന്നുരാവിലെ 20 പോയിന്റ് താഴ്ന്നത് സെൻസെക്സും നിഫ്റ്റിയും ഇന്നും നഷ്ടത്തിൽ വ്യാപാരം ആരംഭിക്കുമെന്ന സൂചന നൽകുന്നു.
ട്രംപ് എച്ച്1ബി വീസ ഫീസ് കുത്തനെ കൂട്ടിയത് ഇന്നലെ ഐടി ഓഹരികളെ ഉലച്ചിരുന്നു.
നിഫ്റ്റി ഐടി സൂചിക രണ്ടര ശതമാനത്തിലധികമാണ് ഇടിഞ്ഞത്. ൻസെക്സ് ഇന്നലെ 466 പോയിന്റും (-0.56%) നിഫ്റ്റി 124 പോയിന്റും (-0.49%) നഷ്ടം നേരിട്ടു.
റെക്കോർഡ് പുതുക്കി യുഎസ് ഓഹരികൾ
അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത, ഓപ്പൺ എഐയിൽ 100 ബില്യൻ ഡോളർ (ഏകദേശം 8.8 ലക്ഷം കോടി രൂപ) നിക്ഷേപിക്കാനുള്ള എൻവിഡിയയുടെ പ്ലാൻ എന്നിവ യുഎസ് ഓഹരി വിപണികളെ റെക്കോർഡ് ഉയരത്തിലെത്തിച്ചു.
ഡൗ 0.1%, എസ് ആൻഡ് പി 500 സൂചിക 0.4%, നാസ്ഡാക് 0.7% എന്നിങ്ങനെ കയറി.
അതേസമയം, തുടർച്ചയായി റെക്കോർഡ് കുറിക്കുന്നത് ലാഭമെടുപ്പ് സമ്മർദം ശക്തമാകാനുള്ള സാധ്യതയുമുണ്ടെന്ന് നിരീക്ഷകർ പറയുന്നു. യുഎസ് ഫ്യൂച്ചേഴ്സിൽ ഡൗ, എസ് ആൻഡ് പി, നാസ്ഡാക് എന്നിവ 0.04% താഴ്ന്നത് ഇതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്.
ഏഷ്യൻ വിപണികൾ സമ്മിശ്രമാണ്. ജാപ്പനീസ് നിക്കേയ് 0.99% കയറി.
ചൈനയിൽ ഷാങ്ഹായ് 0.98%, ഹോങ്കോങ് 0.84% എന്നിങ്ങനെ താഴ്ന്നു.
കത്തിക്കയറി സ്വർണം
യുഎസിൽ അടിസ്ഥാന പലിശനിരക്ക് ഇനിയും കുറയാനുള്ള സാധ്യതകൾ സ്വർണവിലയെ പുതിയ ഉയരത്തിലേക്ക് കുതിച്ചുയർത്തുകയാണ്. രാജ്യാന്തര വില ഔൺസിന് 3,758 ഡോളർ എന്ന സർവകാല ഉയരത്തിലെത്തി.
കേരളത്തിൽ ഇന്നു പവൻവില 83,000 രൂപ ഭേദിക്കും. 84,000 എന്ന നാഴികക്കല്ല് ഭേദിക്കാനുള്ള ആവേശവും സ്വർണത്തിനുണ്ട്.
ശ്രദ്ധയിൽ ഇവർ
എച്ച്1ബി വീസ ഫീസ് വർധന സൃഷ്ടിച്ച ആഘാതം ഇന്ത്യൻ ഐടി ഓഹരികളെ ഇന്നും സമ്മർദത്തിലാക്കിയേക്കാം.
ഹിൻഡൻബർഗ് കേസിൽ സെബിയിൽ നിന്ന് ക്ലീൻചിറ്റ് കിട്ടിയതിന്റെ ആവേശത്തിലാണ് അദാനി ഗ്രൂപ്പ് ഓഹരികൾ. ഓഹരി വിഭജനം നടത്തിയ അദാനി പവർ ഓഹരി ഇന്നലെ 20% വരെ കുതിച്ചുയർന്നു.
അദാനി ടോട്ടൽ ഗ്യാസും സ്വന്തമാക്കിയത് 20% മുന്നേറ്റമാണ്.
രണ്ടാംപാദ പ്രവർത്തനഫലം ഒക്ടോബർ 9ന് പ്രഖ്യാപിക്കുമെന്ന ടിസിഎസ് വ്യക്തമാക്കി. ഗുജറാത്തിലെ ക്യാംബേ ബേസിൻ ഓയിൽ ആൻഡ് ഗ്യാസ് ബ്ലോക്ക് കരാർ പുതുക്കാനുള്ള വേദാന്തയുടെ നീക്കത്തിന് കേന്ദ്രത്തിൽ നിന്ന് തിരിച്ചടി.
വേദാന്തയുടെ അപേക്ഷ കേന്ദ്രം തള്ളി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]