കൽപറ്റ ∙ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ആരോഗ്യ സേവനങ്ങൾ നൽകുന്ന ‘സ്ത്രീ’ (സ്ട്രെങ്തനിങ് ഹെർ ടു എംപവർ എവരിവൺ) ക്യാംപെയ്നുമായി ആരോഗ്യ വകുപ്പ്. ‘ആരോഗ്യമുള്ള സ്ത്രീകൾ, ആരോഗ്യമുള്ള സമൂഹം’ എന്ന സന്ദേശത്തോടെ 2026 മാർച്ച് 8 വരെയാണ് ക്യാംപെയ്ൻ.
ആഴ്ചയിലൊരിക്കൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്ലിനിക്കുകൾ, ആഴ്ചയിൽ 3 ദിവസം അയൽക്കൂട്ട തലത്തിൽ പരിശോധനകൾ, വിദഗ്ധ പരിശോധനാ ക്യാംപുകൾ, ബോധവൽക്കരണം എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ.
ഇതാണ് പദ്ധതി
ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സേവനങ്ങളും പരിശോധനകളും ഉറപ്പാക്കുന്നതിനു പുറമേ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യവും സുസ്ഥിരതയും സംബന്ധിച്ച ബോധവൽക്കരണവും പദ്ധതി ലക്ഷ്യമിടുന്നു.
എല്ലാ ചൊവ്വാഴ്ചയും രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് ആരോഗ്യ കേന്ദ്രങ്ങളിലെ സ്ത്രീ ക്ലിനിക്കുകൾ പ്രവർത്തിക്കുക.
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, നഴ്സ് എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകും. ജനകീയ ആരോഗ്യ കേന്ദ്രം ടീം അംഗങ്ങളുടെ നേതൃത്വത്തിൽ പ്രദേശത്തെ എല്ലാ സ്ത്രീകൾക്കും എത്തിച്ചേരാൻ കഴിയുന്ന സ്ഥലത്തായിരിക്കും ക്ലിനിക്കുകൾ സംഘടിപ്പിക്കുക.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയായിരിക്കും അയൽക്കൂട്ടങ്ങളിൽ സ്ക്രീനിങ് നടക്കുക.
പരിശോധനകളും പരിചരണവും
സ്ത്രീകളുടെ വിളർച്ച, പ്രമേഹം, രക്തസമ്മർദം, വായിലെ കാൻസർ, ഗർഭാശയഗള കാൻസർ ഉൾപ്പെടെ 10 തരം പരിശോധനകൾ, ഗർഭിണികൾക്കുള്ള ഫോളിക് ആസിഡ്, അയൺ, കാത്സ്യം ഗുളികകൾ ഉൾപ്പെടെ 36 തരം മരുന്നുകൾ, കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പുകൾ, ഗർഭകാല പരിചരണം, മുലയൂട്ടൽ, അസാധാരണ രക്തസ്രാവം, ആർത്തവ വിരാമം തുടങ്ങിയവയ്ക്ക് ആവശ്യമായ പരിചരണം തുടങ്ങിയവ പദ്ധതിയിലൂടെ ലഭ്യമാക്കും.
പൊതുവായ ശാരീരിക പരിശോധനയ്ക്ക് പുറമേ രോഗലക്ഷണങ്ങൾ ഉള്ളവർക്ക് ടിബി സ്ക്രീനിങ്, ഉയരം, ഭാരം, ബിഎംഐ, ജിആർബിഎസ് പരിശോധന, ഹീമോഗ്ലോബിൻ പരിശോധന, സ്ത്രീകളുടെ മറ്റ് ശാരീരിക-മാനസിക–ആരോഗ്യ സംബന്ധമായ വിഷയങ്ങൾ അടിസ്ഥാനമാക്കി ബോധവൽക്കരണം എന്നിവയും നടക്കും. തുടർപരിശോധനയും ചികിത്സയും ആവശ്യമുള്ളവർക്ക് ആരോഗ്യ കേന്ദ്രങ്ങൾ മുഖേന കൂടുതൽ സേവനങ്ങൾ ലഭ്യമാക്കും. ഇതിനായി ആഴ്ചയിലൊരിക്കൽ ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഡെന്റൽ തുടങ്ങിയ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. കൂടാതെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകമായി ലഭിക്കുന്ന സേവനങ്ങളെക്കുറിച്ച് ബോധവൽക്കരണവും പദ്ധതിയുടെ ഭാഗമായി ഉറപ്പാക്കും.
ഉദ്ഘാടനം ഇന്ന്
പദ്ധതി ഉദ്ഘാടനം ഇന്ന് രാവിലെ 11ന് കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ പ്രിയങ്ക ഗാന്ധി എംപി നിർവഹിക്കും.
വനിതാ ദിനമായ 2026 മാർച്ച് 8നു മുൻപ് സംസ്ഥാനത്തെ എല്ലാ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ പരിശോധനകൾ പൂർത്തിയാക്കാനാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ലക്ഷ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]