കണ്ണൂർ ∙ വോട്ട് കൊള്ളയിലൂടെ ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്തഃസത്തയെയാണ് മോദി സർക്കാരും തിരഞ്ഞെടുപ്പു കമ്മിഷനും ചേർന്ന് ഇല്ലാതാക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ലോകത്തിന്റെ ഏതു കോണിലുള്ള ഭാരതീയനും ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്തഃസത്തയെപ്പറ്റി അഭിമാനം കൊള്ളുന്നവരാണ്.
ആ ജനാധിപത്യത്തിലേക്കുള്ള നേർവഴിയാണ് വോട്ടവകാശം. കോൺഗ്രസ് സർക്കാരുകൾ ഇന്ത്യ ഭരിച്ചപ്പോൾ വോട്ടർ പട്ടികയിൽ ഒരു അപാകതത്തിനും ഇടനൽകാതെ ജനങ്ങളുടെ ഇഷ്ടത്തിന്റെ പ്രതീകമായി വോട്ടർ പട്ടികയെ മാറ്റി.
എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തിരഞ്ഞെടുപ്പ് കമ്മിഷനും അധികാരം ഏതുവഴിയും നിലനിർത്താനുള്ള വ്യഗ്രതയിൽ വോട്ടർപട്ടികയിൽ കോടിക്കണക്കിന് കള്ളവോട്ടുകൾ തിരുകി കയറ്റുകയും എതിർ പാർട്ടിക്കാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്നും കൂട്ടത്തോടെ എടുത്തു കളയുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും തിരഞ്ഞെടുപ്പു കമ്മിഷനും നടത്തുന്ന വോട്ട് കൊള്ളയ്ക്കെതിരെ എഐസിസിയുടെ ആഹ്വാനപ്രകാരം രാജ്യത്തൊട്ടാകെ 5 കോടി ഒപ്പുകൾ ശേഖരിച്ച് രാഷ്ട്രപതിക്കു നൽകുന്ന സിഗ്നേച്ചർ ക്യാംപെയ്നിന്റെ കണ്ണൂർ ജില്ലാ തല ഉദ്ഘാടനം കാൽടെക്സ് പരിസരത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. വോട്ട് കൊള്ളയ്ക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന പോരാട്ടങ്ങൾക്ക് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും ഉറച്ച പിന്തുണ ഉണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു.
രാഹുൽ ഗാന്ധി വോട്ട് കൊള്ളയെ കുറിച്ച് ഉന്നയിച്ച ചോദ്യങ്ങൾക്ക് ഇതുവരെ വ്യക്തമായ മറുപടി പറയാൻ കമ്മിഷൻ തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷൻ കേരളത്തിലെ വോട്ടർപട്ടിക പരിഷ്കരണ നടപടികളുമായി മുന്നോട്ടു പോകുന്നത് സംശയത്തോടെയേ കാണാൻ പറ്റൂ. ബിഹാർ മോഡൽ പരിഷ്കരണം നടത്തുമ്പോൾ ലക്ഷക്കണക്കിന് വോട്ടർമാർക്ക് വോട്ട് നഷ്ടപ്പെടും.
വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത രാഷ്ട്രീയ പാർട്ടികളുമായുള്ള കൂടിക്കാഴ്ചയിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. 2002 വർഷം മാനദണ്ഡമാക്കുമ്പോൾ കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെ വോട്ട് ചെയ്തവർ പോലും രേഖകൾ ഹാജരാക്കണമെന്ന വിചിത്ര നിലപാടാണ് കമ്മിഷൻ സ്വീകരിച്ചിരിക്കുന്നത്.
ഇത് പ്രായോഗികമായി പരിശോധിക്കുന്നതിന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ആകുമോയെന്ന് സംശയമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു.
നേതാക്കളായ പ്രഫ. എ.ഡി.മുസ്തഫ, വി.എ.നാരായണൻ, പി.ടി.മാത്യു, സജീവ് മാറോളി, വി.വി.പുരുഷോത്തമൻ, കെ.പ്രമോദ്, എം.പി.ഉണ്ണികൃഷ്ണൻ, റിജിൽ മാക്കുറ്റി, ഫിലോമിന ടീച്ചർ, രാജീവൻ എളയാവൂർ, ടി.ജയകൃഷ്ണൻ, സുരേഷ് ബാബു എളയാവൂർ, അമൃത രാമകൃഷ്ണൻ, അഡ്വ.
വി.പി.അബ്ദുൽ റഷീദ്, മനോജ് കൂവേരി, അഡ്വ. റഷീദ് കവ്വായി, എം.കെ.മോഹനൻ, പി.മുഹമ്മദ് ഷമ്മാസ്, സി.ടി.ഗിരിജ, പി.
മാധവൻ മാസ്റ്റർ, ബിജു ഉമ്മർ, നൗഷാദ് ബ്ലാത്തൂർ, സി.എം.ഗോപിനാഥ്, കായക്കൽ രാഹുൽ, കൂക്കിരി രാജേഷ്, കെ.ജയരാജൻ, അഡ്വ. പി.ഇന്ദിര, കല്ലിക്കോടൻ രാഗേഷ്, കെ.ഉഷാകുമാരി, പദ്മജ തുടങ്ങിയവർ സംസാരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]